Categories
health local news

രോഗം സ്ഥിരീകരിക്കപ്പെടുന്നത് ചുരുക്കം പേര്‍ക്ക് മാത്രം; ഒരാഴ്ചക്കിടെ തലപ്പാടിയില്‍ കോവിഡ് സ്ഥിരീകരിച്ചത് ഒരു ശതമാനത്തില്‍ താഴെ

തലപ്പാടിയിലെ വിശ്വാസ് ഓഡിറ്റോറിയത്തിലെ സ്രവപരിശോധനാ കേന്ദ്രത്തില്‍ പ്രതിദിനം 350 പരിശോധനകള്‍ വരെയാണ് നടക്കുന്നത്.

കേരള അതിര്‍ത്തിയായ തലപ്പാടിയില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ച കോവിഡ്-19 ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിലും താഴെ. കഴിഞ്ഞ ഒരാഴ്ചത്തെ രോഗ സ്ഥിരീകരണ നിരക്ക് 0.847 ശതമാനം. 2006 പേര്‍ പരിശോധനക്കെത്തിയപ്പോള്‍ രോഗം സ്ഥിരീകരിച്ചത് 17 പേര്‍ക്ക് മാത്രം. അതിര്‍ത്തി പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന പരിശോധനയിലും രോഗ സ്ഥിരീകരണ നിരക്ക് കുറഞ്ഞു തന്നെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കര്‍ണാടകയിലേക്ക് പ്രവേശിക്കാന്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാക്കിയതോടെയാണ് യാത്രക്കാര്‍ക്ക് ആശ്വാസമായി തലപ്പാടിയില്‍ കോവിഡ് പരിശോധനാ കേന്ദ്രം തുറന്നത്. ആരോഗ്യവകുപ്പിന് കീഴില്‍ സ്പൈസ് ഹെല്‍ത്ത് ആണ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുന്നത്.

തലപ്പാടിയിലെ വിശ്വാസ് ഓഡിറ്റോറിയത്തിലെ സ്രവപരിശോധനാ കേന്ദ്രത്തില്‍ പ്രതിദിനം 350 പരിശോധനകള്‍ വരെയാണ് നടക്കുന്നത്. എന്നാല്‍ രോഗം സ്ഥിരീകരിക്കപ്പെടുന്നത് ചുരുക്കം പേര്‍ക്ക് മാത്രം. വിവിധ ആവശ്യങ്ങള്‍ക്ക് മംഗളൂരുവിനെ ആശ്രയിക്കേണ്ടി വരുന്ന അതിര്‍ത്തി പഞ്ചായത്തുകളില്‍പ്പെടുന്നവര്‍ക്കാണ് അതിര്‍ത്തിയിലെ പരിശോധനാ കേന്ദ്രം ഗുണം ചെയ്തത്. 72 മണിക്കൂര്‍ കാലാവധിയുള്ള പരിശോധന ഫലം മാത്രം പരിഗണിക്കുമ്പോള്‍ സൗജന്യമായി ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുന്നത് സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമായി.

പരിശോധന ആരംഭിച്ച ആഗസ്റ്റ് മൂന്നിന് 303പേര്‍ എത്തിയപ്പോള്‍ രോഗം സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം. ആഗസ്റ്റ് നാലിന് 352ല്‍ നാല് പേരും, അഞ്ചിന് 323ല്‍ മൂന്ന് പേരിലുമാണ് രോഗബാധ കണ്ടെത്തിയത്. ആഗസ്റ്റ് ആറിന് 275ല്‍ രണ്ടു പേരിലും ഏഴിന് 247ല്‍ രണ്ട് പേരിലും വൈറസ് സാന്നിധ്യം കണ്ടെത്തി. ആഗസ്റ്റ് എട്ടിന് 193ല്‍ രണ്ട് പേര്‍ക്കും ഒമ്പതിന് 313ല്‍ മൂന്ന് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൊതുവില്‍ അതിര്‍ത്തി മേഖലകളില്‍ രോഗ തീവ്രത കുറഞ്ഞുവരുന്നതിന്‍റെ സൂചനയാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധനാ ഫലങ്ങള്‍ നല്‍കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *