Trending News


ബംഗലുരു: എക്‌സിറ്റ്‌പോള്‍ ഫലങ്ങളില്‍ വിശ്വസിച്ച് കര്‍ണാടകയില്‍ നടക്കാനിരിക്കുന്ന കുതിരക്കച്ചവടം തടയാന്‍ ഓപ്പറേഷന്‍ കൈപ്പത്തിയുമായി കോണ്‍ഗ്രസ്. ഏറ്റവും കൂടുതല്‍ സീറ്റുകള്‍ കിട്ടിയേക്കാമെങ്കിലും കൂട്ടുകക്ഷി ഭരണത്തിൻ്റെ സാധ്യതകള്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവിട്ട സാഹചര്യത്തില്‍ തങ്ങളുടെ എം.എല്‍.എമാര്‍ ബി.ജെ.പിയുടെ പാളയത്തിലേക്ക് മറിയാതിരിക്കാനുള്ള തന്ത്രങ്ങള്‍ ആലോചിക്കുകയാണ് കോണ്‍ഗ്രസ്.
Also Read
കഴിഞ്ഞ തവണത്തേത് പോലെ എം.എല്‍.എമാര്‍ മറിയാതിരിക്കാന്‍ ഓപ്പറേഷന്‍ താമരയ്ക്ക് പകരമായി ഒരു ഓപ്പറേഷന്‍ കൈപ്പത്തിയാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. കഴിഞ്ഞ തവണ ബി.ജെ.പി ചെയ്തതുപോലെ കോണ്‍ഗ്രസും വിജയിക്കുമെന്ന് ഉറപ്പുള്ള ആടി നില്‍ക്കുന്ന ചില ബി.ജെ.പിയുടേയും ജെ.ഡി.എസിൻ്റെയും സ്ഥാനാര്‍ത്ഥികളുമായി ചില ആരംഭിച്ചു കഴിഞ്ഞതായിട്ടാണ് വിവരം. ഇത്തവണ കേവലഭൂരിപക്ഷം കിട്ടുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

അതേസമയം ഇതേ ആത്മവിശ്വാസം ബി.ജെ.പിയും പ്രകടിപ്പിക്കുന്നുണ്ട്. ഇത്തവണ കേവലഭൂരിപക്ഷം കിട്ടുമെന്ന് ഉറപ്പായതിനാല്‍ മറ്റു പാര്‍ട്ടികളിലെ എം.എല്‍.എമാര്‍ക്ക് പിന്നാലെ പോകേണ്ട സ്ഥിതിയില്ലെന്നാണ് ബി.ജെ.പി പറയുന്നത്. അതുപോലെ തന്നെ തങ്ങളുടെ എം.എല്‍.എമാരെ അടര്‍ത്തിയെടുക്കാമെന്നത് കോണ്‍ഗ്രസുകാരുടെ സ്വപ്‌നം മാത്രമാണന്നെും ബി.ജെ.പി നേതാക്കള്‍ പറയുന്നു.
അതിനിടയില്‍ കര്‍ണാടകയില്‍ തൂക്കു മന്ത്രിസഭയ്ക്കാണ് കൂടുതല്‍ സാധ്യതയെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വെച്ച് ജെ.ഡി.എസുമായി കോണ്‍ഗ്രസും ബി.ജെ.പിയും ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ പാര്‍ട്ടികളുടെ വാഗ്ദാനത്തില്‍ വീഴാതെ തങ്ങളുടെ എം.എല്‍.എമാരെ എങ്ങിനെ പിടിച്ചു നിര്‍ത്താനാകും എന്നാണ് ജെ.ഡി.എസ് ആലോചന. കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും പിന്നില്‍ മൂന്നാമത്തെ ശക്തിയാവാന്‍ സാധ്യതയുള്ള ജെ.ഡി.എസ് തങ്ങളുടെ എം.എല്‍.എമാരെ കോണ്‍ഗ്രസും ബി.ജെ.പിയും ചോര്‍ത്താതിരിക്കാന്‍ വളരെ ജാഗരൂഗരാണ്.
224 അംഗ നിയമസഭയില്‍ ഭരണം നടത്താന്‍ 113 സീറ്റുകളെങ്കിലും നേടണം. അതേസമയം പരമാവധി 100 സീറ്റുകളാണ് കോണ്‍ഗ്രസിന് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്. ബി.ജെ.പിയ്ക്ക് 80 സീറ്റുകള്‍ വരെയും പറയുന്നു. 2018ല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പിയ്ക്ക് കേവല ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്ന് കോണ്‍ഗ്രസും ജെ.ഡി.എസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് കോണ്‍ഗ്രസില്‍ നിന്നും ജെ.ഡി.എസില്‍ നിന്നുമായി 17 എം.എല്‍.എമാരെ കൂറുമാറ്റി ബി.ജെ.പി സര്‍ക്കാരിനെ അട്ടിമറിച്ചു. 2019 ല്‍ ബി.ജെ.പി സര്‍ക്കാരുണ്ടാക്കുകയും ചെയ്തിരുന്നു.

Sorry, there was a YouTube error.