Categories
health Kerala local news news

കോവിഡ് പ്രതിരോധവും സർക്കാർ നിലപാടും: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നത്

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോവിഡ് രോഗികള്‍ പ്രതിദിനം പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ ആകുമെന്ന് ആരോഗ്യമന്ത്രിയും സംസ്ഥാന സമൂഹ്യസുരക്ഷാ മിഷന്‍ ഡയറക്ടറും വ്യക്തമാക്കിയ സാഹചര്യത്തില്‍ കോവിഡ് വ്യാപനത്തിനു കാരണം സമരങ്ങളാണെന്ന സര്‍ക്കാരിൻ്റെയും സി.പി.എമ്മിൻ്റെയും പ്രചാരണം പൊളിഞ്ഞെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. യു.ഡി.എഫ് പ്രവര്‍ത്തകരെ മരണത്തിൻ്റെ വ്യാപാരികളെന്ന് വിളിച്ചവര്‍ മാപ്പുപറയണം. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനേറ്റ പരാജയം മറച്ചുവയ്ക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കേരളത്തില്‍ യാതൊരു വിധ സമരങ്ങളും ഇല്ലാതിരുന്നപ്പോഴാണ് ഓഗസ്റ്റില്‍ ആരോഗ്യമന്ത്രിയുടെ നിഗമനം. ആരോഗ്യമന്ത്രിയുടെ നിഗമനത്തെ മുഖ്യമന്ത്രിയും പിന്തുണച്ചിട്ടുണ്ട്. സര്‍ക്കാരിൻ്റെ നിഗമനം ശാസ്ത്രീയമായ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ്. പ്രതിപക്ഷ സമരമാണ് കോവിഡ് പടരാന്‍ കാരണമെന്നതു സംബന്ധിച്ച കാര്യങ്ങൾ ഇപ്പോൾ പറയുന്നതിൽ എന്താണ് അർഥം. ഇതുസംബന്ധിച്ച എന്തെങ്കിലും ഡേറ്റ സര്‍ക്കാരിൻ്റെ പക്കലുണ്ടോയെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.

കോവിഡ് കേരളത്തിലെത്തിയിട്ട് ഒന്‍പത് മാസം പിന്നിടുന്നു. കോവിഡ് ബാധയില്‍ മഹാരാഷ്ട്രയ്ക്കും കര്‍ണാടകത്തിനും ശേഷം കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അഞ്ച് ശതമാനം വേണ്ടിടത്ത് 14.56 ശതമാനമായി. സാമൂഹ്യവ്യാപനം അതിരൂക്ഷമായി. സര്‍ക്കാരിന് ഒന്‍പതു മാസം തയ്യാറെടുപ്പിനു കിട്ടിയിട്ടും ആരോഗ്യസൂചികയില്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തുനില്ക്കുന്ന കേരളത്തിന് ഒട്ടും അഭിമാനകരമല്ല നിലവിലുള്ള കോവിഡ് സൂചികകള്‍ അദ്ദേഹം പറഞ്ഞു.

ആദ്യം പ്രവാസികളെയും പിന്നീട് മത്സ്യത്തൊഴിലാളികളെയും ഏറ്റവും ഒടുവില്‍ പ്രതിപക്ഷത്തേയും കുറ്റപ്പെടുത്തിയാണ് സര്‍ക്കാര്‍ കോവിഡ് പ്രതിരോധത്തിലെ പരാജയത്തെ മറയ്ക്കാന്‍ ശ്രമിക്കുന്നത്. കോവിഡ് പടരുന്ന സാഹചര്യത്തില്‍ സമരങ്ങളും പ്രക്ഷോഭങ്ങളും നിര്‍ത്തിവച്ച പ്രതിപക്ഷ നേതാവിനെ ധനമന്ത്രി പുച്ഛിച്ചു. എല്ലാവരേയും വിശ്വാസത്തിലെടുത്തും ചര്‍ച്ചകള്‍ നടത്തിയുമല്ലേ കോവിഡ് മഹാമാരിയെ നേരിടേണ്ടതെന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest