Categories
education Kerala news trending

പണം തട്ടാൻ പുതുവഴി കണ്ടെത്തി ഓണ്‍ലൈൻ തട്ടിപ്പ് സംഘം; വൈബ്രേഷനോടെ ഫോണില്‍ സന്ദേശം വന്നാല്‍ സൂക്ഷിക്കണം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഒ.ടി.പി പോലും ഇങ്ങനെ തട്ടിപ്പുകാര്‍ക്ക് അറിയാനാകും

തിരുവനന്തപുരം: ഒ.ടി.പി ഷെയര്‍ ചെയ്യരുതെന്ന ബോധവത്കരണം ശക്തമായതോടെ പണം തട്ടാൻ പുതുവഴി കണ്ടെത്തി ഓണ്‍ലൈൻ തട്ടിപ്പുസംഘം. മൊബൈലില്‍ ലിങ്ക് ഷെയര്‍ ചെയ്‌താണ് പുതിയ തട്ടിപ്പ്. ഇതിലൂടെ അക്കൗണ്ട്, ഡെബിറ്റ് / ക്രെഡിറ്റ് കാര്‍ഡിൻ്റെ അടക്കം വിവരങ്ങള്‍ മനസിലാക്കിയാണ് പണം തട്ടുന്നത്.

വിശ്വസനീയമെന്ന് തോന്നിക്കുന്ന എന്തെങ്കിലും സന്ദേശത്തോടൊപ്പമാകും ലിങ്കും ഉണ്ടാവുക. ഇത് തുറക്കുന്നതോടെ ഫോണില്‍ ഓട്ടോമാറ്റിക്കായി ഒരു ആപ്ലിക്കേഷൻ ഓണാകും. ഈ ആപ്പ് ഹിഡണ്‍ (രഹസ്യ) മോഡിലായതിനാല്‍ ഉടമയ്ക്ക് കാണാനാവില്ല.

ഫോണ്‍ പ്രവര്‍ത്തിപ്പിക്കുമ്പോൾ ഒക്കെയും ആപ്പ് പിന്നണിയില്‍ പ്രവര്‍ത്തിക്കും. മെസേജുകള്‍ ഉടമ വായിക്കുന്നതിന് മുമ്പേ തട്ടിപ്പുകാര്‍ക്ക് ലഭിക്കും. ഇതുവഴി അക്കൗണ്ട് വിവരമടക്കം ചോര്‍ത്തും. ഒ.ടി.പി പോലും ഇങ്ങനെ തട്ടിപ്പുകാര്‍ക്ക് അറിയാനാകും.

കുറച്ചുനാള്‍ മുമ്പ് തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ ഒരു ജഡ്‌ജിക്ക് നഷ്ടമായത് 9,200 രൂപയാണ്. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ സാധനങ്ങള്‍ വാങ്ങിയെന്ന സന്ദേശമാണ് ലഭിച്ചത്. ഇത്തരത്തില്‍ ക്രെഡിറ്റ് കാര്‍ഡ് വിവരം മനസിലാക്കി വ്യാജ കാര്‍ഡ് ചമച്ചാകാം ജഡ്‌ജിയുടെ പണം തട്ടിയതെന്നാണ് നിഗമനം. വഞ്ചിയൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

‘വൈറസ്’ സന്ദേശമയച്ചും തട്ടിപ്പ്

ഫോണില്‍ വൈറസ് കയറിയെന്നും ഉടൻ സ്‌കാൻ ചെയ്യണമെന്നുമുള്ള സന്ദേശങ്ങളയച്ചും വിവരങ്ങള്‍ ചോര്‍ത്തി തട്ടിപ്പ് നടത്താറുണ്ട്. വലിയ വൈബ്രേഷനോടെ ആയിരിക്കും സന്ദേശം എത്തുക. ഇത് സ്‌കാൻ ചെയ്യുന്നതോടെ വിവരങ്ങള്‍ തട്ടിപ്പുകാരുടെ പക്കലെത്തും. ഫോണ്‍ ഉടമയുടെ വിവരങ്ങള്‍ ഡാര്‍ക്ക്‌ വെബ് പോലുള്ള സൈറ്റുകളില്‍ ലക്ഷങ്ങള്‍ക്ക് വില്‍ക്കുന്ന ഹാക്കര്‍മാരും നിലവിലുണ്ട്.

തട്ടിപ്പില്‍ വീഴാതിരിക്കാൻ

അപരിചിത ലിങ്കുകള്‍ തുറക്കരുത്, പണം നഷ്ടമായാല്‍ ഉടൻ ക്രെഡിറ്റ് / ഡെബിറ്റ്, കാര്‍ഡ് ബ്ലോക്ക് ചെയ്യുക,
ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് മാത്രം ഡൗണ്‍ലോ‌ഡ് ചെയ്യുക, പിൻ നമ്പര്‍ ആരുമായും പങ്കുവയ്ക്കരുത്, ആവശ്യമില്ലെങ്കില്‍ എ.ടി.എം കാര്‍ഡിലെ അന്താരാഷ്ട്ര, വിനിമയ സംവിധാനം ഓഫ് ചെയ്‌തിടുക, സൈബര്‍ പൊലീസ് നമ്പര്‍-1930

‘സാങ്കേതികവിദ്യ വളരുന്നതോടെ തട്ടിപ്പുകളുടെ രീതിയും മാറുന്നു. ഒ.ടി.പി ഇല്ലാതെയുള്ള തട്ടിപ്പുകളിലാണ് കൂടുതല്‍ ജാഗ്രത പുല‌ര്‍ത്തേണ്ടത്’- കേരള സൈബര്‍ പൊലീസ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest