Categories
Kerala news

മുസ്‌ലിം ലീഗിനെതിരെ പ്രകോപനം വേണ്ട; പ്രവര്‍ത്തകരോട് സമസ്‌ത, നദ്‌വിക്കെതിരെ നടപടിയില്ല

ലീഗ് അനുകൂലികളും ലീഗ് വിരുദ്ധരും സമസ്ത നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്

മലപ്പുറം: മുസ്‌ലിം ലീഗിനെതിരെ പ്രകോപനം വേണ്ടെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമ. ബുധനാഴ്‌ച ചേര്‍ന്ന സമസ്‌ത മുശാവറ യോഗത്തിലാണ് ഇങ്ങനെ നിര്‍ദ്ദേശം നല്‍കാനുള്ള തീരുമാനമുണ്ടായത്. സമസ്‌തക്കകത്ത് കഴിഞ്ഞ കുറച്ചു കാലമായി രൂപം കൊണ്ട വിഭാഗീയത പരിഹരിക്കാന്‍ സമിതിയെ നിയോഗിച്ചു.

ലീഗ് അനുകൂലികളും ലീഗ് വിരുദ്ധരും സമസ്ത നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. സമവായ സമിതി ഇരുകൂട്ടരെയും കേള്‍ക്കും. സമസ്‌ത നേതൃത്വത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച മുശാവറ അംഗം ബഹാവുദ്ദീന്‍ നദ്‌വിക്കെതിരെ നടപടിയെടുക്കില്ല. അദ്ദേഹം നല്‍കിയ വിശദീകരണം തൃപ്‌തികരമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്.

കഴിഞ്ഞ കുറച്ചു കാലമായി സമസ്‌തയില്‍ ഒരു വിഭാഗം ലീഗ് വിരുദ്ധ നിലപാട് സ്വീകരിച്ചു വരുന്നുണ്ട്. സമസ്‌ത മുഖപത്രം സുപ്രഭാതത്തിൻ്റെ ഗള്‍ഫ് എഡിഷന്‍ ഉദ്ഘാടനത്തിന് ലീഗ് നേതാക്കള്‍ പങ്കെടുക്കാതിരുന്നതോടെ സമസ്‌തക്കകത്തെ ലീഗ് അനുകൂലികളും വിരുദ്ധരും തമ്മിലുള്ള വാക്‌പോര് കനത്തിരുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സമസ്‌തയിലെ ലീഗ് വിരുദ്ധര്‍ പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുന്നുവെന്ന പ്രചരണം ശക്തമായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ലീഗിന് മുന്നേറ്റമാണ് ഉണ്ടായത്. ഫലം വന്ന് ആയിരുന്നു മുശാവറ യോഗം.

0Shares

Leave a Reply

Your email address will not be published. Required fields are marked *