Categories
news

വിലക്കയറ്റം പിടിച്ചുനിർത്താൻ രണ്ട്‌ വർഷംമാത്രം കേരളം നീക്കിവച്ചത്‌ 9702.46 കോടി; 13 ഇനം നിത്യോപയോഗ സാധനത്തിന്‌ സപ്ലൈകോയിൽ വിലവർദ്ധനയില്ല

സംസ്ഥാനത്താകെ 1623 സപ്ലൈകോ വിൽപ്പന കേന്ദ്രമുണ്ട്‌. കൺസ്യൂമർഫെഡിൻ്റെ 1929 സഹകരണ വിപണിയും പ്രവർത്തിക്കുന്നു

സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ചുനിർത്താൻ രണ്ട്‌ വർഷംമാത്രം സംസ്ഥാനം നീക്കിവച്ചത്‌ 9702.46 കോടി രൂപ. രാജ്യം വിലക്കയറ്റത്തിൽ പൊറുതിമുട്ടുമ്പോഴാണ്‌ കേരളത്തിൻ്റെ ഈ മാതൃക. സപ്ലൈകോ വഴി വിലക്കുറവിൽ നിത്യോപയോഗ സാധനം നൽകാൻ 5210 കോടി സബ്‌സിഡി നൽകി. റേഷൻ അരിക്ക്‌ ഫുഡ്‌ കോർപറേഷന്‌ 1444 കോടി വകയിരുത്തി. നെല്ല്‌ സംഭരണത്തിന്‌ 1604 കോടി, കൈകാര്യ–കടത്ത്‌ ചെലവ്‌, റേഷൻ കട ഉടമകൾക്കുള്ള കമീഷനായി 1338 കോടിയും മാറ്റിവച്ചു.

സഹകരണ സംഘ ഉത്സവച്ചന്തയ്‌ക്ക്‌ 106 കോടിയും തീരമൈത്രീ സൂപ്പർ മാർക്കറ്റിന്‌ 46 ലക്ഷവും നൽകി. 2016 മുതൽ 13 ഇനം നിത്യോപയോഗ സാധനത്തിന്‌ സപ്ലൈകോയിൽ വില വർധിപ്പിച്ചിട്ടില്ല. രണ്ടിനംകൂടി ഉൾപ്പെടുത്തി‌. അമ്പത്‌ ശതമാനത്തിന്‌ മുകളിലാണ്‌ സബ്‌സിഡി. 32 ഇന സാധനം 20 മുതൽ‌ 30 ശതമാനംവരെ വിലക്കിഴിവിലും സംസ്ഥാനം നൽകുന്നു. സംസ്ഥാനത്താകെ 1623 സപ്ലൈകോ വിൽപ്പന കേന്ദ്രമുണ്ട്‌. കൺസ്യൂമർഫെഡിൻ്റെ 1929 സഹകരണ വിപണിയും പ്രവർത്തിക്കുന്നു.

കോവിഡ്‌ കാലത്ത്‌ വിതരണം ചെയ്‌ത 12 കോടി സൗജന്യ ഭക്ഷ്യക്കിറ്റ് എൽ.ഡി.എഫ് സർക്കാരിൻ്റെ ഇടപെടലിൽ പ്രധാനമാണ്. 13 തവണയായാണ്‌ മുഴുവൻ കാർഡുടമകൾക്കും സംസ്ഥാനത്ത് കിറ്റ്‌ നൽകിയത്‌. ഇതിൽ ഒരുകോടി കിറ്റ്‌ വിദ്യാർഥികൾ, മത്സ്യത്തൊഴിലാളികൾ, ട്രാൻസ്‌ജെൻഡർ, അതിഥി തൊഴിലാളികൾ എന്നിവർക്കായി മാറ്റിവച്ചു. 700 മൊബൈൽ മാവേലി സ്‌റ്റോറും കോവിഡുകാലത്ത്‌ എൽ.ഡി.എഫ് സർക്കാർ ആരംഭിച്ചു. സർക്കാരിൻ്റെ സുഭിക്ഷ, ജനകീയ ഹോട്ടലും വിലക്കയറ്റം തടയാൻ പ്രധാന പങ്കുവഹിച്ചു.

ജനകീയ ഹോട്ടലുകൾ വഴി 20 രൂപയ്‌ക്കാണ്‌ ഊണ്‌ നൽകിയത്‌. ഇതിനായി പ്രതിമാസം 600 കിലോ അരി 10.58 രൂപയ്‌ക്കും ഊണ്‌ ഒന്നിന്‌ അഞ്ച്‌ രൂപ സബ്‌സിഡിയും സർക്കാർ നൽകുന്നുണ്ട്‌. 14,000 റേഷൻ കടയിലും കൃത്യമായി ഇടപെട്ടു. അവശ്യവസ്‌തുക്കളുടെ വിലശേഖരണത്തിനും നിരീക്ഷണത്തിനും അവലോകനത്തിനും വിപണി ഇടപെടലിനുമായുള്ള വില അവലോകന സെല്ലിൻ്റെ പ്രവർത്തനവും കേരളത്തിൽ ഗുണംകണ്ടു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest