Categories
news

കേരളത്തില്‍ ഇത്തവണ പ്രളയം ഉണ്ടാകില്ല; വിവിധ അണക്കെട്ടുകളിലെ സ്ഥിതി വിവരകണക്കുകള്‍ ഇങ്ങിനെ

അതിതീവ്രമഴ സംബന്ധിച്ച് കാര്യമായ മുന്നറിയിപ്പ് നിലവിലില്ല. അടുത്ത രണ്ടാഴ്ച കേരളത്തില്‍ സാധാരണ മഴ മാത്രമാണ് ഉണ്ടാവുകയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.

കേരളത്തിൽ ഇക്കുറി പ്രളയഭീഷണി ഒഴിയുമെന്ന് അണക്കെട്ടുകളിലെ സ്ഥിതി വിവരകണക്കുകള്‍. കാലവര്‍ഷം ഒരുമാസം പിന്നിടവെ പ്രധാനപ്പെട്ട അണക്കെട്ടുകളില്‍ ജലനിരപ്പ് അപകട നിലയെക്കാള്‍ വളരെ താഴെയാണ്. അതിതീവ്രമഴ സംബന്ധിച്ച് കാര്യമായ മുന്നറിയിപ്പ് നിലവിലില്ല. അടുത്ത രണ്ടാഴ്ച കേരളത്തില്‍ സാധാരണ മഴ മാത്രമാണ് ഉണ്ടാവുകയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്.

ഇടുക്കി അണക്കെട്ടില്‍ 2328.78 അടിയാണ് നിലവിലെ ജലനിരപ്പ്. പരമാവധി ജലനിരപ്പ് 2403 അടിയും. ജലത്തിന്‍റെ സംഭരണ ശതമാനം 29.23. വയനാട് ബാണാസുര ഡാമിലേത് 756.60 മീറ്റര്‍ (പരമാവധി ജലനിരപ്പ് -775.60), ഇടുക്കി കല്ലാര്‍കുട്ടി 450.50 മീറ്റര്‍ (പരമാവധി ജലനിരപ്പ് -456.59), എറണാകുളം ഇടമലയാര്‍ 128.67 മീറ്റര്‍ (പരമാവധി ജലനിരപ്പ് -169), പത്തനംതിട്ട കക്കി 940.43 (പരമാവധി ജലനിരപ്പ് -981.46), ഇടുക്കി ആനയിറങ്ങല്‍ 1191 മീറ്റര്‍ (പരമാവധി ജലനിരപ്പ് -1207.02) എന്നിങ്ങനെയാണ്.

പ്രധാനപ്പെട്ട അഥവാ 200 എം.സി.എമ്മിന് (ക്യുബിക് മില്യന്‍ മീറ്റര്‍) മുകളില്‍ സംഭരണശേഷിയുള്ള ഡാമുകളില്‍ വിദഗ്ധര്‍ പഠനം നടത്തി നിര്‍ണയിച്ച ‘റൂള്‍ കര്‍വി’നൊപ്പം ഇതുവരെ ജലനിരപ്പ് എത്തിയിട്ടില്ല. ഒരു ഡാമില്‍ നിശ്ചിത ദിവസം സംഭരിക്കാന്‍ അനുമതിയുള്ള ജലനിരപ്പാണ് റൂള്‍ ലെവല്‍. ഇടുക്കി ഡാമിലെ റൂള്‍ ലെവലില്‍നിന്ന് നിലവില്‍ ജലനിരപ്പ് 45 അടി താഴെയാണ്. റൂള്‍ ലെവലില്‍നിന്ന് ജലനിരപ്പ് ഉയര്‍ന്നാല്‍ അധിക ജലം തുറന്നുവിടണമെന്നാണ് ഇതുസംബന്ധിച്ച് തയാറാക്കിയ ഓറഞ്ച് ബുക്ക് 2020 നിഷ്‌കര്‍ഷിച്ചിരിക്കുന്നത്.

ഗ്രൂപ് ഒന്നില്‍ വരുന്ന ഇടുക്കി, കക്കി, പമ്പ, ഷോളയാര്‍, ഇടമലയാര്‍, കുണ്ടള, മാട്ടുപ്പെട്ടി അണക്കെട്ടുകളില്‍ എല്ലാം കൂടി നിലവില്‍ 23 ശതമാനമാണ് നിലവിലെ സ്റ്റോറേജ് ലെവല്‍. കുറ്റ്യാടി, തരിയോട്, ആനയിറങ്കല്‍, പൊന്‍മുടി എന്നിവ ഉള്‍പ്പെടുന്ന ഗ്രൂപ് രണ്ടില്‍ 13 ശതമാനവും ഗ്രൂപ് മൂന്നിലെ നേര്യമംഗലം, പൊരിങ്ങല്‍, ശെങ്കുളം, ലോവര്‍ പെരിയാര്‍, കക്കാട് അണക്കെട്ടുകളില്‍ 29 ശതമാനവും. മൂന്ന് ഗ്രൂപ്പിലെയും മൊത്തം ജലം ആകെ സംഭരണശേഷിയുടെ 22 ശതമാനവും മാത്രമാണ്.

0Shares

Leave a Reply

Your email address will not be published. Required fields are marked *