Trending News
കൊണ്ടോട്ടി: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷയായി യു.ഡി.എഫിൻ്റെ നിതാ ഷെഹീർ തിരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിലാണ് ഇരുപത്തിയാറുകാരിയായ നിത ഷെഹീർ കൊണ്ടോട്ടി നഗരസഭ അധ്യക്ഷയായത്. കോൺഗ്രസ്സിൽ നിന്നും യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച നിത എൽ.ഡി.എഫിലെ കെ.പി നിമിഷയെ 26 വോട്ടിനാണ് പരാജയപ്പെടുത്തിയത്. മുസ്‌ലിം ലീഗിന് 23 അംഗങ്ങളും കോൺഗ്രസിന് എട്ടും സി.പി.ഐഎമ്മിനും സി.പി.ഐയ്ക്കും മൂന്നുവീതം കൗൺസിലർമാരുമാണ് കൊണ്ടോട്ടി നഗരസഭയിലുള്ളത്. 40 കൗൺസിലർമാരുള്ള നഗരസഭയിൽ നിത ഷെഹീർ 32 വോട്ടും കെ.പി നിമിഷ ആറു വോട്ടുമാണ് നേടിയത്. യു.ഡി.എഫിലെ രണ്ടു വോട്ട് അസാധുവായി. പേരും ഒപ്പും ബാലറ്റ് പേപ്പറിൽ രേഖപ്പെടുത്താത്തതിന് ലീഗിലെ 20-ാം വാർഡ് കൗൺസിലർ താന്നിക്കൽ സൈതലവിയുടെയും തെറ്റായ ഭാഗത്ത് ഒപ്പുവെച്ചതിന് കോൺഗ്രസിലെ 25-ാം വാർഡ് കൗൺസിലർ സൗമ്യ ചെറായിയുടെയും വോട്ടുകൾ അസാധുവായത്.
Sorry, there was a YouTube error.