Categories
channelrb special Kerala news

നിപ രോഗമെന്ന യാഥാർഥ്യം, കോഴിക്കോട് മരിച്ചവർക്ക് സ്ഥിരീകരിച്ചു; സംസ്ഥാനം വീണ്ടും ജാഗ്രതയിലേക്ക്, കേന്ദ്രസംഘം എത്തി, ഭീതി പരത്തരുതെന്ന് മന്ത്രി വീണാ ജോർജ്

അത്യാവശ്യങ്ങള്‍ക്ക് മാത്രം ആശുപത്രികള്‍ സന്ദർശിക്കണമെന്ന കർശന നിർദേശവും നൽകി

കോഴിക്കോട്: പനി ബാധിച്ച് മരിച്ച രണ്ടുപേർക്ക് നിപ സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ മൻസൂഖ് മാണ്ഡവ്യയാണ് ചൊവാഴ്‌ച വൈകുന്നേരം ഇക്കാര്യം അറിയിച്ചത്. പൂനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. കോഴിക്കോട്ടെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ആരോഗ്യവകുപ്പ് വിളിച്ച ഉന്നതതലയോഗം വൈകിട്ട് ആറുമണിക്ക് കോഴിക്കോട് നടന്നു.

രോഗവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പട്ടികയിൽ 75 പേരുണ്ടെന്ന് മന്ത്രി വീണാ ജോർജ് നേരത്തെ അറിയിച്ചിരുന്നു. രോഗം ബാധിച്ചവരെ പരിശോധിച്ച ആരോഗ്യ പ്രവർത്തകരും നിരീക്ഷണത്തിലാണ്. ഇവരെല്ലാം പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരാണ്. മരിച്ചവരുടെ യാത്രാ വിവരങ്ങളടക്കം പരിശോധിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

രോഗലക്ഷണങ്ങളുമായി നാലുപേരാണ് കോഴിക്കോട് ചികിത്സയിലുള്ളതെന്ന് മന്ത്രി അറിയിച്ചു. ഇതില്‍ ഒമ്പത്, നാല് വയസ് വീതമുള്ള ആൺകുട്ടികളുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. മരിച്ച മരുതോങ്കര സ്വദേശിയുടെ ഭാര്യയും നിരീക്ഷണത്തിലാണെന്ന് മന്ത്രി വ്യക്തമാക്കി.

മരിച്ച ഒരാളുടേതടക്കമുള്ള സാംപിളുകള്‍ തിങ്കളാഴ്‌ച രാത്രിയിലാണ് പരിശോധനയ്ക്കായി പൂനെയിലേക്ക് അയച്ചത്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 16 പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്ന് വീണാ ജോർജ് അറിയിച്ചു. കണ്‍ട്രോള്‍ റൂം തുറന്നു. സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താനുള്ള നടപടികള്‍ തിങ്കളാഴ്‌ച തന്നെ ആരംഭിച്ചിട്ടുണ്ട്.

അത്യാവശ്യങ്ങള്‍ക്ക് മാത്രം ആശുപത്രികള്‍ സന്ദർശിക്കണമെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. രോഗികളെ കാണാനും മറ്റും ആശുപത്രിയില്‍ പോകുന്നത് ഒഴിവാക്കണമെന്നും, വ്യാജ വാര്‍ത്തകര്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി അഭ്യർഥിച്ചിട്ടുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest