Categories
channelrb special health national news

ഒമ്പതുകാരി കാൻസര്‍ രോഗ മുക്തയായി; ഇന്ത്യയില്‍ വികസിപ്പിച്ച ചികിത്സാരീതി ഫലം കണ്ടു, ഈ വർഷം അവസാനം ട്രയൽ പൂർത്തിയാകും

സാധാരണ ക്യാൻസറുകളില്‍ ഒന്നാണ് അക്യൂട്ട് ലിംഫോസൈറ്റിക് ലുക്കീമിയ

ഇന്ത്യയില്‍ വികസിപ്പിച്ച പ്രത്യേക ചികിത്സാ രീതിയിലൂടെ കാൻസറില്‍ നിന്ന് രോഗമുക്തി നേടി ഒമ്പത് വയസ്സുകാരി. മുംബൈയിലെ നാസിക്ക് സ്വദേശിയായ ഈശ്വരി ബാഗിരവ് എന്ന പെണ്‍കുട്ടിയിലാണ് ഇന്ത്യ വികസിപ്പിച്ചെടുത്ത CAR-T സെല്‍ തെറാപ്പി ഫലം കണ്ടത്. ആറാംവയസ്സില്‍ ആണ് പെണ്‍കുട്ടിക്ക് രക്തത്തെയും മജ്ജയെയും ബാധിക്കുന്ന കാൻസറായ അക്യൂട്ട് ലിംഫോ സൈറ്റിക് ലുക്കീമിയ (ALL) ആണെന്ന് സ്ഥിരീകരിച്ചത്.

മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ സെൻ്ററില്‍ ആയിരുന്നു ഈശ്വരിയുടെ ചികിത്സ നടന്നത്. എന്നാല്‍ കീമോ അടക്കമുള്ള നിരവധി തെറാപ്പികള്‍ക്ക് ശേഷവും ഈശ്വരിയുടെ ശരീരത്തില്‍ കാൻസർ വീണ്ടും തിരിച്ചുവന്നു. അങ്ങനെയാണ് പെണ്‍കുട്ടി CAR-T സെല്‍ തെറാപ്പി സ്വീകരിക്കാൻ തീരുമാനിച്ചത്. CAR-T സെല്‍ തെറാപ്പിയുടെ പീഡിയാട്രിക് ട്രയലില്‍ പങ്കെടുക്കുന്ന ആദ്യത്തെ കുട്ടിയാണ് ഈശ്വരി.

ചികിത്സയ്ക്ക് ശേഷം കുട്ടി ആരോഗ്യ വതിയാണെന്നും കാൻസർ മുക്തയാണെന്നും പരിശോധനയില്‍ കണ്ടെത്തി. ഇതോടെ ക്യാൻസർ രോഗികളായ കുട്ടികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുകയാണ് ഈശ്വരിയുടെ ഈ ഭാഗ്യയാത്ര. “മകള്‍ക്ക് കാൻസർ ആണെന്ന് അറിഞ്ഞപ്പോള്‍ ഞാനും ഭാര്യയും തകർന്നു പോയി. ഞങ്ങളുടെ മകള്‍ മരിച്ചു കൊണ്ടിരിക്കുക ആയിരുന്നു. അതിനാല്‍ ഈ ട്രയലിലൂടെ ഒരു പരീക്ഷണം നടത്താൻ ഞങ്ങള്‍ തീരുമാനിക്കുക ആയിരുന്നു,” -ഈശ്വരിയുടെ പിതാവ് ബാഗിരവ് മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോള്‍ അവള്‍ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടെന്നും മറ്റേതൊരു കുട്ടിയെയും പോലെ ആരോഗ്യവതി ആണെന്നും പിതാവ് പറഞ്ഞു. “ഞാനും ഭാര്യയും ദിവസം മുഴുവൻ കരഞ്ഞ ആ ദിവസങ്ങള്‍ ഞാൻ ഇപ്പോഴും ഓർക്കുന്നു. അതൊരു ശാപമായി തോന്നി, പക്ഷേ CAR-T തെറാപ്പിയിലൂടെ ഞങ്ങള്‍ക്ക് ഒരു പുതിയ അവസരം ലഭിച്ചതില്‍ ഒരുപാട് നന്ദി,” -അദ്ദേഹം കൂട്ടിച്ചേർത്തു. ചികിത്സക്ക് ശേഷം ഏകദേശം ഒന്നരവർഷമായി പെണ്‍കുട്ടി പൂർണമായും കാൻസർ മുക്തയാണെന്ന് ഡോ. ഗൗരവ് നരുല വ്യക്തമാക്കി. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പീഡിയാട്രിക് ട്രയല്‍ ഈ വർഷം അവസാനത്തോടെ പൂർത്തിയാകും.

ഈ ചികിത്സ കുട്ടികള്‍ക്ക് നല്‍കുന്നതിനായുള്ള വാണിജ്യ അനുമതി ഈ വർഷാവസാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ടാറ്റ മെമ്മോറിയല്‍ സെൻ്ററിലെ പീഡിയാട്രിക് ഓങ്കോളജി ആൻഡ് ഹെല്‍ത്ത് സയൻസസ് പ്രൊഫസർ കൂടിയായ ഡോ. ഗൗരവ് നരുല അറിയിച്ചു. അതേസമയം കുട്ടികള്‍ക്കിടയില്‍ സാധാരണയായി കണ്ടുവരുന്ന ക്യാൻസറുകളില്‍ ഒന്നാണ് അക്യൂട്ട് ലിംഫോസൈറ്റിക് ലുക്കീമിയ.

CAR-T സെല്‍ തെറാപ്പി ഇതിനകം തന്നെ മുതിർന്നവർക്കായി വാണിജ്യാ അടിസ്ഥാനത്തില്‍ പുറത്തിറക്കിയിട്ടുണ്ട്. അതായത് സ്വകാര്യ ആശുപത്രികള്‍ക്ക് ഇപ്പോള്‍ അവരുടെ രോഗികള്‍ക്ക് ഈ തെറാപ്പി ഉപയോഗപ്പെടുത്താം. ഇതുവരെ 15 രോഗികളില്‍ പരീക്ഷിച്ച ഈ ചികിത്സാരീതി മൂന്നു രോഗികളെ പൂർണ്ണമായും രോഗ മുക്തിയിലേക്ക് നയിച്ചിട്ടുണ്ട്.

അതേസമയം, സമീപകാലത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ൻ്റെ യാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2010ല്‍ 9.80 ലക്ഷം രോഗികളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത് 2023ല്‍ 16 ലക്ഷം രോഗികളായി ഉയർന്നു. ഏകദേശം എട്ട് ലക്ഷത്തോളം ആളുകള്‍ പ്രതിവർഷം കാൻസർ മൂലം മരണപ്പെടുന്നുണ്ട് എന്നാണ് റിപ്പോർട്ട്. ഈ കണക്ക് വരും വർഷങ്ങളില്‍ കുത്തനെ ഉയരാനും സാധ്യതയുണ്ട്.

പുതിയ തെറാപ്പിയിലൂടെ രോഗിയുടെ ശരീരത്തില്‍ നിന്ന് രക്തം ശേഖരിച്ച്‌ അതില്‍ നിന്ന് ‘ടി- സെല്ലുകള്‍’ എന്ന പ്രത്യേക തരം വെളുത്ത രക്താണുക്കളെ വേർതിരിക്കുകയും ലബോറട്ടറിയില്‍ പരിഷ്‌കരിച്ച്‌ എടുക്കുകയും ചെയ്യുന്നു.

ഈ സെല്ലുകള്‍ ജി.എം.പി- സർട്ടിഫൈഡ് മാനുഫാക്‌ചറിംഗ് യൂണിറ്റുകളില്‍ ആണ് വികസിപ്പിക്കുന്നത്. തുടർന്ന് ഇത് രോഗിയുടെ ശരീരത്തിലേക്ക് തിരികെ പ്രവേശിപ്പിക്കുകയും ചെയ്യും. ഇത് ശരീരത്തിനുള്ളില്‍ കാൻസർ കോശങ്ങളുമായി പൊരുതി അവയെ ഇല്ലാതാക്കാൻ സഹായിക്കും. 2017ല്‍, യു.എസ് ഹെല്‍ത്ത് റെഗുലേറ്റർ മുതിർന്നവർക്കുള്ള CAR-T തെറാപ്പിയ്ക്ക് അംഗീകാരം നല്‍കിയിരുന്നു. അന്ന് ഇതിൻ്റെ ചികിത്സാ നിരക്ക് ഏകദേശം 450,000 ഡോളറായിരുന്നു. അതായത് ഏകദേശം 3.73 കോടി രൂപ വരും.

യൂറോപ്പിലും ചൈനയിലും ഉള്‍പ്പെടെ നിരവധി വികസിത രാജ്യങ്ങളിലും ഈ ചികിത്സ രീതി ഉണ്ട്. എന്നാല്‍ ഇന്ത്യയിലെ രോഗികള്‍ക്ക് ഈ ചികിത്സ രീതി ഉപയോഗിക്കുമ്പോള്‍ ഹോസ്‌പിറ്റലൈസേഷൻ ചാർജുകള്‍ , അഡ്‌മിനിസ്ട്രേഷൻ ഫീസ് തുടങ്ങി മറ്റു ചെലവുകള്‍ ഇതില്‍ ഉള്‍പ്പെടും. അതുകൊണ്ടു തന്നെ ഭൂരിപക്ഷം ഇന്ത്യക്കാർക്കും ഈ ചികിത്സാ ചെലവ് താങ്ങാൻ കഴിയില്ല എന്നാണ് വിലയിരുത്തല്‍.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest