Categories
health Kerala local news news

പ്രവാസിയെ ലോഡ്ജില്‍ നിന്നും ഇറക്കിവിട്ട സംഭവം; നടപടിയുമായി നീലേശ്വരം നഗരസഭ

നീലേശ്വരം(കാസർകോട്): വിദേശത്തുനിന്നും പെയ്ഡ് ക്വാറന്റന്‍ സംവിധാനത്തില്‍ ലോഡ്ജ് റൂം ബുക്ക് ചെയ്ത് നീലേശ്വരത്തേക്ക് വന്ന പ്രവാസി യുവാവിന് ലോഡ്ജ് മുറി നിഷേധിച്ച സംഭവത്തില്‍ നടപടിയുമായി നീലേശ്വരം നഗരസഭ. പ്രവാസി യുവാവ് ലോഡ്ജില്‍ മുറി ബുക്ക് ചെയ്ത് ലോഡ്ജിലെത്തിയ ശേഷം റൂമില്‍ നിന്നും ഇറക്കി വിട്ട സംഭവത്തില്‍ ലോഡ്ജ് ഉടമയ്‌ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുവാന്‍ നഗരസഭ തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഒരുക്കുന്ന സൗജന്യ ഇന്‍സ്റ്റിറ്റിയൂഷ്ണല്‍ ക്വാറന്റന്‍ സെന്റര്‍ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താതെ പ്രവാസികള്‍ക്ക് സ്വന്തം ചിലവില്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഒരുക്കുന്ന പെയ്ഡ് ക്വാറന്റൈന്‍ സംവിധാനം ഉപയോഗിക്കാം.

ഇത്തരത്തില്‍ പെയ്ഡ് ക്വാറന്റൈന്‍ സംവിധാനം ഉപയോഗപ്പെടുത്താന്‍ നീലേശ്വരത്തേക്ക് എത്തിയ പ്രവാസി യുവാവിന് അവസാന നിമിഷത്തില്‍ റൂം നിഷേധിച്ചു എന്നതിനാലാണ് ലോഡ്ജ് നടത്തിപ്പുകാര്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചത്. ഈ വിധത്തില്‍ റൂം നിഷേധിക്കുന്നതിന് ലോഡ്ജില്‍ നിരീക്ഷണത്തില്‍ കഴിയുന്ന നഗരസഭ ശുചീകരണ തൊഴിലാളികള്‍ പ്രേരണ ചെലുത്തിയിട്ടുണ്ട് എന്ന പരാതിയും ഗൗരവമായി അന്വേഷിച്ച് സത്വരവും കര്‍ശനവുമായ നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ പ്രൊഫസര്‍ കെ പി ജയരാജന്‍ അറിയിച്ചു.

നീലേശ്വരം നഗരസഭാ കോവിഡ്- 19 ജാഗ്രത പരിപാലന സമിതി യോഗത്തിലാണ് തിരുമാനം. യോഗത്തില്‍ നഗരസഭ ചെയര്‍മാന്‍ പ്രൊഫസര്‍ കെ.പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ ബാലകൃഷ്ണന്‍, എം രാധാകൃഷ്ണന്‍ നായര്‍, ഇബ്രാഹിം പറമ്പത്ത്, പി.വി സുകുമാരന്‍, സുരേഷ് പുതിയേടത്ത്, ജോണ്‍ ഐമണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ വി ഗൗരി, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.പി മുഹമ്മദ് റാഫി, പി.എം സന്ധ്യ. കൗണ്‍സിലര്‍മാരായ എ റുവാട്ട് മോഹനന്‍, എ.വി സുരേന്ദ്രന്‍, പി മനോഹരന്‍, പി ഭാര്‍ഗവി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ജമാല്‍ അഹമ്മദ്. നഗരസഭാ സെക്രട്ടറി സി.കെ ശിവജി, നീലേശ്വരം സബ് ഇന്‍സ്‌പെക്ടര്‍ പി.വി സതീശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *