Categories
local news news

റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗത തടസ്സം; പാണത്തൂര്‍- കല്ലേപ്പള്ളി- സുള്ള്യ അന്തര്‍ സംസ്ഥാന പാതയില്‍ രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്തി

അപകട ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും അറിയിച്ചു.

കാസര്‍കോട്: പാണത്തൂര്‍- കല്ലേപ്പള്ളി- സുള്ള്യ അന്തര്‍ സംസ്ഥാന പാതയില്‍ രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍ ഉത്തരവിട്ടു. കല്ലേപ്പള്ളി പനത്തടി വില്ലേജില്‍പ്പെടുന്ന ബട്ടോളിയില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് വീണതുമൂലം ഗതാഗതത്തിന് തടസ്സം നേരിട്ടിട്ടുണ്ടെന്ന് വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ ജില്ലാ കലക്ടറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ ജിയോളജിസ്റ്റ് സ്ഥലം സന്ദര്‍ശിക്കുകയും സമീപമുള്ള കുന്നിന് വിള്ളലുകള്‍ കണ്ടെത്തിയതിനാല്‍ ഇനിയും മണ്ണിടിഞ്ഞ് വീഴാന്‍ അപകട ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും സാധ്യതയുണ്ടന്നും അറിയിച്ചു.

പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍, റോഡിലേക്ക് ഇടിഞ്ഞ് വീണ മണ്ണും, അപകട ഭീഷണിയുള്ള മണ്‍തിട്ടയും പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതുവരെ ഈ റോഡില്‍ കൂടിയുള്ള രാത്രിയാത്ര പൂര്‍ണ്ണമായി നിരോധിച്ചാണ് കലക്ടര്‍ ഉത്തരവിറക്കിയത്.

നിലവില്‍ റോഡിലുള്ള മണ്ണും, അവശിഷ്ടങ്ങളും നീക്കം ചെയ്‌ത ശേഷം പകല്‍ സമയങ്ങളില്‍ നിയന്ത്രിതമായ ഗതാഗതം ഇതുവഴി അനുവദിക്കും. ഈ പ്രദേശത്ത് പൊലീസ് സാന്നിധ്യം ഏര്‍പ്പെടുത്താന്‍ പൊലീസ് വകുപ്പ് നടപടി സ്വീകരിക്കേണ്ടതാണെന്ന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പ്രദേശത്തെ ജനങ്ങള്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് പനത്തടി പഞ്ചായത്ത് നല്‍കേണ്ടതാനിന്നും ഉത്തരവിൽ നിർദേശിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *