Categories
Kerala news

മലപ്പുറത്തും കണ്ണൂരിലും കൊല്ലത്തും എൻ.ഐ.എ റെയ്‌ഡ്‌; പരിശോധന പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിച്ചിരുന്ന വ്യക്‌തികളുടെ വീടുകളിൽ

രാജ്യവ്യാപകമായി പി.എഫ് ഐ കേന്ദ്രങ്ങളിൽ എൻ.ഐ.എ പരിശോധന നടത്തി വരികയായിരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) റെയ്‌ഡ്‌. മലപ്പുറത്തും കണ്ണൂരിലും കൊല്ലത്തുമാണ് റെയ്‌ഡ്‌. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വീടുകളിലാണ് റെയ്‌ഡ്‌ നടത്തുന്നത്. ഒരാളെ കസ്റ്റഡിയിലെടുത്തു എന്നാണ് വിവരം.

മലപ്പുറത്ത് നാലിടങ്ങളിലാണ് പരിശോധന. വേങ്ങര പറമ്പിൽപ്പടി തയ്യിൽ ഹംസ, തിരൂർ ആലത്തിയൂർ കളത്തിപ്പറമ്പിൽ യാഹുട്ടി, താനൂർ നിറമരുതൂർ ചോലയിൽ ഹനീഫ, രാങ്ങാട്ടൂർ പടിക്കാപ്പറമ്പിൽ ജാഫർ എന്നിവരുടെ വീടുകളിൽ ഒരേസമയമാണ് പരിശോധന.

സാമ്പത്തിക സ്രോതസ്സുകളുമായി ബന്ധപ്പെട്ട അന്വേഷണമാണ് പ്രധാനമായും നടക്കുന്നത്. സംഘടന നിരോധിച്ചതിന് പിന്നാലെ രാജ്യവ്യാപകമായി പി.എഫ് ഐ കേന്ദ്രങ്ങളിൽ എൻ.ഐ.എ പരിശോധന നടത്തി വരികയായിരുന്നു. അതിൻ്റെ തുടർച്ചയാണ് ഞായറാഴ്‌ചത്തെ പരിശോധനകളും.

നേരത്തെ മഞ്ചേരിയിലെ ഗ്രീന്‍വാലി അക്കാദമി, മൂന്നാര്‍ വില്ല വിസ്‌താ’ പ്രൈവറ്റ് ലിമിറ്റഡ് റിസോർട്ട്, ട്രിവാൻഡ്രം എജ്യുക്കേഷൻ ആൻഡ് സർവീസ് ട്രസ്റ്റ്, വള്ളുവനാട് ഹൗസ്‌ തുടങ്ങിയവ പി.എഫ്.ഐയുടെ പരിശീലന കേന്ദ്രങ്ങളായി പ്രവർത്തിക്കുന്നു എന്ന കണ്ടെത്തിയതിനെ തുടർന്ന് എൻ.ഐ.എ കണ്ടുകെട്ടിയിരുന്നു.

കേരളത്തിൽ നിന്നുള്ള നേതാക്കളടക്കം ഇതുവരെ ഇരുന്നൂറിലധികം പേരാണ് രാജ്യവ്യാപകമായി എൻ.ഐ.എയും ഇ.ഡിയും നടത്തിയ പരിശോധനയിൽ അറസ്റ്റിലായത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest