Categories
education national news

പൊതു പരീക്ഷയിലെ തട്ടിപ്പ് തടയാന്‍ പുതിയ നിയമം; പത്തുവര്‍ഷം വരെ തടവ്, ഒരു കോടി രൂപ വരെ പിഴ വിശദാംശങ്ങള്‍ ഇങ്ങനെ

എല്ലാ കുറ്റങ്ങള്‍ക്കും ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുക്കാന്‍ സാധിക്കും.

ന്യൂഡല്‍ഹി: നീറ്റ്, യു.ജി.സി നെറ്റ് പരീക്ഷകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യമൊട്ടാകെ പ്രതിഷേധം പുകയുന്നതിനിടെ, പൊതുപ്രവേശന പരീക്ഷകളിലെ ക്രമക്കേട് തടയാന്‍ ലക്ഷ്യമിട്ടുള്ള പബ്ലിക് എക്‌സാമിനേഷന്‍ ആക്ട് 2024 കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്‌തു. ചോദ്യപേപ്പര്‍ ചോര്‍ച്ച, വഞ്ചന തുടങ്ങിയവ തടയാന്‍ ഫെബ്രുവരിയില്‍ പാസാക്കിയ നിയമം വിജ്ഞാപനം ചെയ്‌തതോടെ വെള്ളിയാഴ്‌ച പ്രാബല്യത്തില്‍ വന്നു.

പരീക്ഷയിലെ ക്രമക്കേട് സംഘടിത കുറ്റകൃത്യമാണെന്ന് കണ്ടെത്തിയാല്‍ അഞ്ചുമുതല്‍ പത്തുവര്‍ഷം വരെ തടവുലഭിക്കും. ഒരു കോടി രൂപയാണ് പിഴ. വ്യക്തി ഒറ്റയ്ക്ക് ചെയ്‌ത കുറ്റമാണെങ്കില്‍ മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെയാണ് തടവ്. പത്തുലക്ഷം രൂപ വരെയാണ് പിഴ. നടപടി കര്‍ശനമാക്കുന്നതിൻ്റെ ഭാഗമായി എല്ലാ കുറ്റങ്ങള്‍ക്കും ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് കേസെടുക്കാന്‍ സാധിക്കും.

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ എന്നിവര്‍ നടത്തുന്ന പരീക്ഷകളിലും നീറ്റ്, ജെഇഇ, സി.യു.ഇ.ടി തുടങ്ങിയ പ്രവേശന പരീക്ഷകളിലും പേപ്പര്‍ ചോര്‍ച്ചയും സംഘടിത ക്രമക്കേടുകളും തടയുകയാണ് നിയമത്തിൻ്റെ ലക്ഷ്യം. ചോദ്യപ്പേപ്പര്‍, ഉത്തരസൂചിക, ഒ.എം.ആര്‍ ഷീറ്റ് എന്നിവ ചോര്‍ത്തല്‍, അതുമായി ബന്ധപ്പെട്ട ഗുഢാലോചനയില്‍ പങ്കെടുക്കല്‍, ആള്‍മാറാട്ടം, കോപ്പിയടിക്കാന്‍ സഹായിക്കുക, ഉത്തരസൂചിക പരിശോധന അട്ടിമറിക്കല്‍, മത്സരപ്പരീക്ഷയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള ചട്ടങ്ങളുടെ ലംഘനം, റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട രേഖകളിലെ തിരിമറി, പരീക്ഷയുമായി ബന്ധപ്പെട്ട സുരക്ഷാ സംവിധാനങ്ങളുടെ ലംഘനം, പരീക്ഷാ ഹാളിലെ ഇരിപ്പിടം, തീയതി, പരീക്ഷ ഫിഫ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍, വ്യാജ വെബ്സൈറ്റ് സൃഷ്ടിക്കല്‍, വ്യാജ അഡ്‌മിറ്റ് കാര്‍ഡുകള്‍, പണലാഭത്തിനായുള്ള കത്തിടപാടുകള്‍ എന്നിവയാണ് കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ വരുന്നത്.

കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിട്ടും അത് റിപ്പോര്‍ട്ട് ചെയ്യാത്ത പരീക്ഷാ സേവന ദാതാക്കള്‍ക്ക് ഒരു കോടി രൂപ വരെ പിഴ ചുമത്താനും നിയമം അനുശാസിക്കുന്നു. ഏതെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കുറ്റം ചെയ്യാന്‍ അനുവദിക്കുകയോ കുറ്റകൃത്യത്തില്‍ പങ്കാളിയാകുകയോ ചെയ്‌തതായി തെളിഞ്ഞാല്‍, ഉദ്യോഗസ്ഥന് മൂന്ന് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവ് ലഭിക്കും. ഒരു കോടി രൂപ പിഴ ചുമത്താനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *