Categories
education news

ഒന്നുമുതൽ 12വരെ ക്ലാസുകളിലെ മുഴുവൻ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കും പുതിയ ലാപ്പ്ടോപ്പ്; ‘വിദ്യാ കിരണം’ പദ്ധതിക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു

ഒരു ലാപ്‍ടോപ്പിന് നികുതിയുള്‍പ്പെടെ 18,000/- രൂപ എന്ന നിരക്കില്‍ 81.56 കോടി രൂപയ്ക്കുള്ള ലാപ്‍ടോപ്പുകളാണ് ഒരു മാസത്തിനകം വിതരണം പൂര്‍ത്തിയാക്കുക.

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ പട്ടികവര്‍ഗ വിഭാഗം കുട്ടികള്‍ക്കും ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കുന്ന പദ്ധതിയായ ‘വിദ്യാകിരണം’ ത്തിന് തുടക്കം കുറിച്ചു. ഓണ്‍ലൈന്‍ പഠനത്തിന് ഡിജിറ്റല്‍ ഉപകരണങ്ങള്‍ ആവശ്യമുള്ള ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന മുഴുവന്‍ പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും പുതിയ ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കുന്ന പദ്ധതിക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചത് .

ഇതോടൊപ്പം 10, 12 ക്ലാസുകളില്‍ പഠിക്കുന്ന സാമൂഹ്യ പങ്കാളിത്തത്തോടെ ഉപകരണങ്ങള്‍ ആവശ്യമുള്ള മുഴുവന്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കും ഈ ഘട്ടത്തില്‍ത്തന്നെ ഉപകരണങ്ങള്‍ നല്‍കും. പതിനാല് ജില്ലകളിലുമായി 45313 കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കുന്നത്. പട്ടികവര്‍ഗ വിഭാഗം കുട്ടികള്‍ക്ക് ഏറ്റവും ആദ്യം ഉപകരണങ്ങള്‍ ലഭിക്കാന്‍ സ്കൂളുകളില്‍ ഹൈടെക് പദ്ധതിയുടെ ഭാഗമായി കൈറ്റ് വിന്യസിച്ച ലാപ്‍ടോപ്പുകള്‍ തിരിച്ചെടുത്ത് നല്‍കുന്ന പദ്ധതിയ്ക്ക് സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു.

എന്നാല്‍ തുടര്‍ന്ന് കെ.എസ്.എഫ്.ഇ.-കുടുംബശ്രീ വഴി നടപ്പാക്കുന്ന ‘വിദ്യാശ്രീ’ പദ്ധതിയുടെ ഭാഗമായുള്ള ലാപ്‍ടോപ്പുകള്‍ ‘വിദ്യാകിരണം’ പദ്ധതിയ്ക്ക് വേണ്ടി ലഭ്യമായ സാഹചര്യത്തിലാണ് ഇപ്രകാരം ആദ്യഘട്ടത്തില്‍ 45313 പുതിയ ലാപ്‍ടോപ്പുകള്‍ കുട്ടികള്‍ക്ക് നല്‍കുന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ മുഴുവന്‍ പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ലാപ്‍ടോപ്പുകള്‍ ഉറപ്പാക്കി ഓണ്‍ലൈന്‍ പഠനം ആരംഭിക്കുന്ന സംവിധാനത്തിന് കേരളത്തില്‍ തുടക്കമിടുന്നത്.

ഡിജിറ്റല്‍ വിഭജനത്തെ ഇല്ലാതാക്കാനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് മുന്തിയ പരിഗണന നല്‍കി ഡിജിറ്റല്‍ ഉള്‍ച്ചേര്‍ക്കല്‍ സാധ്യമാക്കിയതിൻ്റെയും അനന്യമായ മാതൃക കൂടിയാണിത്. നവംബര്‍ മാസത്തില്‍തന്നെ വിതരണം പൂര്‍ത്തിയാക്കും. മൂന്നുവര്‍ഷ വാറണ്ടിയോടെയുള്ള ലാപ്‍ടോപ്പുകളില്‍ കൈറ്റിൻ്റെ മുഴുവന്‍ സ്വതന്ത്ര സോഫ്‍റ്റ്‍‍വെയര്‍ ആപ്ലിക്കേഷനുകളും പ്രീ-ലോഡു ചെയ്താണ് സ്കൂളുകള്‍ വഴി കുട്ടികള്‍ക്ക് നല്‍കുന്നത്. ലൈബ്രറി പുസ്തകങ്ങള്‍ നല്‍കുന്ന രൂപത്തില്‍ സ്കൂളുകളില്‍ നിന്നും നേരത്തെ ‘സമൂര്‍ണ’ പോര്‍ട്ടലില്‍ ഉപകരണങ്ങള്‍ ആവശ്യമുണ്ട് എന്ന് രേഖപ്പെടുത്തിയ കുട്ടികള്‍ക്കാണ് ലാപ്‍ടോപ്പുകള്‍ നല്‍കുക.

ഇതിനായി സ്കൂളുകളും രക്ഷിതാവും തമ്മില്‍ ധാരണാപത്രം ഒപ്പുവെയ്ക്കും. ഒരു ലാപ്‍ടോപ്പിന് നികുതിയുള്‍പ്പെടെ 18,000/- രൂപ എന്ന നിരക്കില്‍ 81.56 കോടി രൂപയ്ക്കുള്ള ലാപ്‍ടോപ്പുകളാണ് ഒരു മാസത്തിനകം വിതരണം പൂര്‍ത്തിയാക്കുക. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ഇനി പൊതുവിഭാഗത്തിലുള്ളതും, ഒന്നു മുതല്‍ ഒന്‍പതുവരെ ക്ലാസുകളിലെ പട്ടികജാതി വിഭാഗത്തിലുള്ളതുമായ ഏകദേശം 3.5 ലക്ഷം കുട്ടികളാണുള്ളത്.

ഇവര്‍ക്ക് ഘട്ടംഘട്ടമായി ഉപകരണങ്ങള്‍ നല്‍കി സ്കൂളുകള്‍ തുറന്നാലും ഓണ്‍ലൈന്‍ പഠന സാധ്യതകൂടി പ്രയോജനപ്പെടുത്തുന്ന വിധത്തിലാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. തിരുവനന്തപുരം ജില്ലയിലെ ജി.എച്ച്‌.എസ്. വാഴമുട്ടം സ്കൂളിലെ പ്രഥമാധ്യാപകൻ്റെ സാന്നിദ്ധ്യത്തില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ലക്ഷ്മി ജയേഷിന് ആദ്യ ലാപ്‍ടോപ്പ് നല്‍കിയാണ് മുഖ്യമന്ത്രി വിതരണോദ്ഘാടനം നടത്തിയത്.

ചടങ്ങില്‍ ധനവകുപ്പുമന്ത്രി കെ.എന്‍ ബാലഗോപാല്‍, പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവന്‍കുട്ടി, പട്ടികജാതി-പട്ടികവര്‍ഗ വകുപ്പു മന്ത്രി കെ.രാധാകൃഷ്ണന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, ഐ.ടി. വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വനാഥ് സിന്‍ഹ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, എസ്.സി/എസ്.ടി. വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് എന്നിവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *