Categories
Kerala local news news

റോഡിനോടുള്ള അവഗണന; കുറ്റിക്കോൽ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ യു.ഡി.എഫിൻ്റെ പ്രതിഷേധ ധർണ

സർക്കാർ ഭൂമി ഉൾപെട്ടിട്ടുണ്ടെന്ന പരാതിയെ തുടർന്ന് നിർമ്മാണം തടസപ്പെടുകയായിരുന്നു

കുറ്റിക്കോൽ / കാസർകോട്: പടുപ്പ്- കൊരക്കോൽ റോഡിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കുറ്റിക്കോൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. അസുഖ ബാധിതനായ വിമുക്തഭടനോട് നീതി കാണിക്കുക, നാടിൻ്റെ വികസനം നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചതാണ് സമരം സംഘടിപ്പിച്ചത്.

2018ൽ പഞ്ചായത്ത് ആസ്‌തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയ പടുപ്പ്- കൊരക്കോൽ റോഡ് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്‌ത്‌ ഗതാഗത യോഗ്യമാക്കുന്നതിന് നാല് ലക്ഷം രൂപ വകയിരുത്തി ടെൻഡർ നടപടികൾ പൂർത്തിയായതായും പറയുന്നു. എന്നാൽ റോഡിൽ സർക്കാർ ഭൂമി ഉൾപെട്ടിട്ടുണ്ടെന്ന പരാതിയെ തുടർന്ന് നിർമ്മാണം തടസപ്പെടുകയായിരുന്നു. ഇതിനെതിരെ ഗുണഭോക്താക്കൾ ഓംബുഡ്‌സ്‌മാനെ സമീപിച്ചു.

2022ൽ റോഡ് നിർമാണത്തിന് അനുകൂല വിധി ഉണ്ടായതായും 2023 ഫെബ്രുവരി 20ന് മുമ്പായി നിർമാണം നടത്താൻ ഉത്തരവിടുകയും ചെയ്‌തതായി സമരത്തിൽ പങ്കെടുത്ത യു.ഡി.എഫിൻ്റെ വാർഡ് അംഗം ജോസഫ് പറത്തട്ടേൽ ചാനൽ ആർ.ബിയോട് പറഞ്ഞു. വില്ലേജിൽ നടന്ന ജില്ലാ കളക്ടറുടെ അദാലത്തിലും ഡി.ഡി.പിയും അനുകൂല നിലപാട് സ്വീകരിച്ചിട്ടും സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതി പക്ഷപാതം കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പി.കെ ഫൈസൽ പ്രതിഷേധ സമരം ഉദ്‌ഘാടനം ചെയ്‌തു. കുറ്റിക്കോൽ മണ്ഡലം പ്രസിഡണ്ട് സാബു അബ്രഹാം അധ്യക്ഷനായി. ആർ.എസ്.പി ദേശീയ കമ്മറ്റി അംഗം ഹരീഷ്.ബി നമ്പ്യാർ, കെ.ബലരാമൻ നമ്പ്യാർ, ജോസഫ് പറത്തട്ടേൽ, ലിസി തോമസ്, മിനി ചന്ദ്രൻ, ഉനൈസ് ബേഡകം, ഇ.ടി രാജേഷ്, റോയ് ഈശോ പറമ്പിൽ, വിമുക്ത ഭടൻ എബ്രഹാം ടി.എം തുടങ്ങിയവർ പ്രസംഗിച്ചു. വാർഡ് അംഗം ഷീബ സന്തോഷ് സ്വാഗതം പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *