Categories
articles local news

അന്തരിച്ച ഉദുമ മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ കെ.പി.കുഞ്ഞിക്കണ്ണനെ കുറിച്ച് കാസർകോട് എം.എൽ.എയുടെ എഴുത്ത്..

എഴുത്ത്.. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ: അധിക സംസാരം ഒഴിവാക്കി ആളുകളെ എങ്ങനെ വെറുപ്പിക്കാതിരിക്കാം എന്ന് കാണിച്ചു തന്ന പക്വമതിയായ നേതാവാണ് ശ്രീ. കെ.പി കുഞ്ഞിക്കണ്ണൻ. ജില്ലയിൽ യു.ഡി.എഫിനെ ഒരു ശക്തിയായി വളർത്തുന്നതിൽ കെ.പിയുടെ സംഭാവനകൾ അളവറ്റതാണ്. ഏതുതരത്തിലുള്ള ചർച്ച നടക്കുമ്പോഴും എല്ലാ വേദികളിലും അദ്ദേഹത്തിന്റെ സംസാര രീതിയും എതിർ ചേരിയിലുള്ളവരോടുള്ള ബഹുമാനവും അനിതരസാധാരണമാണ്. ഏതൊരാളോടും വാത്സല്യത്തോടും അതിലേറെ ബഹുമാനത്തോടും മാത്രമേ അദ്ദേഹം പെരുമാറിയിട്ടുള്ളൂ. അദ്ദേഹത്തിന്റെ ഓരോ വാക്കിനും അതിന്റെതായ വ്യക്തതയും നിലപാടുകളുടെ അടിത്തറയുമുണ്ടായിരുന്നു. പ്രിയപ്പെട്ട കെ.പി ഇത്ര പെട്ടന്ന് നമ്മോട് വിട പറയുമെന്ന് കരുതിയതല്ല. അവസാനമായി അദ്ദേഹത്തെ കണ്ടത് ഒരു മാസം മുമ്പ് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന യു.ഡി.എഫ് യോഗത്തിലായിരുന്നു. പതിവ് പോലെ അന്നും അദ്ദേഹത്തിന്റെ സമീപനവും പെരുമാറ്റവും മധുരിതമായിരുന്നു. ഞാൻ എം.എൽ.എയാകുന്നതിന് എത്രയോ വർഷങ്ങൾക്ക് മുമ്പ് കേരള നിയമസഭയിലെത്തുകയും അനുഭവ സമ്പത്താർജ്ജിക്കുകയും ചെയ്തയാളാണ് അദ്ദേഹം. എന്നിട്ടും എവിടെ കണ്ടാലും ‘എം.എൽ.എ’ എന്നേ അദ്ദേഹമെന്നെ അഭിസംബോധന ചെയ്തിട്ടുള്ളൂ. അത് എന്നോടുള്ള ആദരവോ വാത്സല്യമോ സ്നേഹമോ എന്നെനിക്കറിയില്ല. പക്ഷെ എല്ലാമായിരുന്നു. കാപട്യമില്ലാത്ത നിഷ്കളങ്കനായ ഒരു മനുഷ്യന്റെയുള്ളിൽ നിന്നുള്ള വിളിയായിരുന്നു അത്.

വാഹനാപകടത്തിൽ പരിക്ക് പറ്റി അദ്ദേഹം വീട്ടിലും ആശുപത്രിയിലും വിശ്രമത്തിലായിരുന്നു. ആ സമയത്ത് അദ്ദേഹത്തെ വിളിച്ചു സംസാരിച്ചിരുന്നു. കാഞ്ഞങ്ങാട് ആശുപത്രിയിലാണെന്ന് വിവരം കിട്ടിയതിനെ തുടർന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാന്റെ കൂടെ ഒരു ദിവസം കാഞ്ഞങ്ങാട്ടേക്ക് പുറപ്പെട്ടു. വഴിയിൽ വെച്ചാണ് ആശുപത്രിയിൽ നിന്നും പയ്യന്നൂരിലെ വീട്ടിലേക്ക് പോയിട്ടുണ്ടെന്ന് അറിയുന്നത്. കാസർകോടിൽ ഒരു പരിപാടിയിൽ പങ്കെടുക്കേണ്ടതുള്ളത് കൊണ്ട് ഞങ്ങളിരുവരും കെ.പിയെ വിളിച്ച് ഇനിയൊരു ദിവസം വരാമെന്നു പറഞ്ഞ് മടങ്ങി. പക്ഷെ പിന്നീട് കെ.പിയെ കാണാൻ അവസരമുണ്ടായില്ല. മാത്രവുമല്ല തിരുവനന്തപുരത്തും ഇടുക്കിയിലും പരിപാടിയിലായത് കൊണ്ട് അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ പോലും എനിക്ക് കഴിഞ്ഞില്ല. എന്നെ അത്രമാത്രം സ്നേഹിച്ചിരുന്ന കെ.പിയെ ഇനിയെന്ന് കാണുമെന്നും എനിക്കറിയില്ല. ഈ ദുഃഖം ഇനിയെന്റെ മനസ്സിൽ നിന്ന് മായില്ല. കെ.പിയെ ഇഷ്ടപ്പെടുന്ന എല്ലാവരുടെയും ദുഃഖത്തിൽ ഞാനും പങ്കു ചേരുന്നു. – എൻ.എ നെല്ലിക്കുന്ന് എം.എൽ.എ കാസർകോട്.

0Shares

Leave a Reply

Your email address will not be published. Required fields are marked *