Categories
news

ചലിക്കുന്ന എട്ട് പ്രകാശദീപങ്ങൾ വൃത്താകൃതിയിൽ; ഇസ്രയേലിൽ ആകാശത്ത് ദുരൂഹ പ്രകാശവൃത്തം: അന്യഗ്രഹപേടകമെന്ന് സംശയം

ഇസ്രയേലി സൈന്യം വിഷയം ഗൗരവമായി എടുക്കുകയും അന്വേഷണം തുടങ്ങുകയും ചെയ്‌തെന്നാണ് ലഭിക്കുന്ന വിവരം.

ഇസ്രയേലിൽ ആകാശത്ത് കണ്ട നിഗൂഢമായ പ്രകാശവലയം സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. എട്ട് പ്രകാശദീപങ്ങൾ വൃത്താകൃതിയിൽ അണിനിരന്നതുപോലെയുള്ള പ്രകാശവൃത്തം കിഴക്കുനിന്ന് പടിഞ്ഞാറു ദിശയിലേക്കു ചലിക്കുന്ന രീതിയിലാണ് വിഡിയോയിലുള്ളത്. ശബ്ദമൊന്നും കേൾപ്പിക്കാതെയാണ് ഈ ചലനം. 5 മുതൽ 30 സെക്കൻഡുകൾ വരെയാണ് ദൃശ്യം ആകാശത്തു നിന്നതെന്ന് നഹാരിയ മേഖലയിലെ താമസക്കാരിലൊരാൾ പറഞ്ഞു.

പൊലീസ് അധികൃതർ ഇതു സംബന്ധിച്ച് പരാതികൾ ഒന്നും ലഭിച്ചില്ലെന്നാണു പറയുന്നത്. എന്നാൽ ഇസ്രയേലി സൈന്യം വിഷയം ഗൗരവമായി എടുക്കുകയും അന്വേഷണം തുടങ്ങുകയും ചെയ്‌തെന്നാണ് ലഭിക്കുന്ന വിവരം. ഇസ്രയേലിലെ വടക്കൻ ഭാഗത്ത് ഗോലാൻ കുന്നുകൾ, നഹാരിയ എന്ന മേഖല എന്നിവിടങ്ങളിലായാണു പ്രകാശവൃത്തം കണ്ടെത്തിയത്.

അന്യഗ്രഹജീവികളുടെ വാഹനങ്ങളാകും ഇതെന്ന് പതിവുപോലെ സമൂഹമാധ്യമ ഉപയോക്താക്കൾ സംശയമുണർത്തിയെങ്കിലും ഇസ്രയേലി അധികൃതർ ഇതു നിഷേധിച്ചു. ഇലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്ക് കമ്പനിയുടെ ഉപഗ്രഹങ്ങളാണ് ഇവയെന്നാണ് ഇസ്രയേലി അധികൃതർ പറയുന്നത്. ഇതേ പ്രകാശവലയം കിഴക്കൻ മെഡിറ്ററേനിയൻ മേഖലയിൽ ലബനൻ, ഗ്രീസ്, തുർക്കി തുടങ്ങിയ രാജ്യങ്ങളിലെ വിവിധയിടങ്ങളിൽ ദൃശ്യമായതായും റിപ്പോർട്ടുകളുണ്ട്. വിഷയത്തിൽ സ്‌പേസ് എക്‌സ്, സ്റ്റാർ ലിങ്ക് കമ്പനി അധികൃതരും പ്രതികരണങ്ങൾ ഒന്നും നൽകിയിട്ടില്ല.

0Shares

Leave a Reply

Your email address will not be published. Required fields are marked *