Categories
Kerala local news

കാസർകോട് പോലീസിന് അഭിമാനമാണെന്ന് ജില്ലാ പോലീസ് മേധാവി; ഒരു മക്കള്‍ക്കും ഇത്തരത്തില്‍ പിതാവിനെ നഷ്ടപ്പെടാതിരിക്കട്ടെയെന്ന് മകൻ ശിഹാബ്; പ്രായപൂർത്തിയായിട്ടില്ലെന്ന വാദം ഉന്നയിച്ച പ്രതിക്ക് സ്വന്തം സർട്ടിഫിക്കറ്റ് തന്നെ വിനയായി; കോടതി വിധി കൂടുതൽ പ്രതികരണം..

കാസർകോട്: പ്രമാദമായ അട്കത്ബയല്‍ സി.എ മുഹമ്മദ് ഹാജി വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിലെ സന്തോഷ് നായിക് എന്ന ബജെ സന്തോഷ് (36), കെ ശിവപ്രസാദ് എന്ന ശിവൻ (40), കെ അജിത് കുമാർ എന്ന അജ്ജു (35), കെ ജി കിഷോർ കുമാർ എന്ന കിഷോർ (39) എന്നിവരെയാണ് ജില്ലാ അഡീഷണല്‍ സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. വിധിക്ക് പിന്നാലെ വന്ന പ്രതികരണം.

വിധിക്ക് ശേഷമുള്ള പ്രതികരണം, അഡ്വ. കെ.പി പ്രദീപ് കുമാർ പറഞ്ഞത്: കേസില്‍ പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുന്നതില്‍ മകൻ അടക്കമുള്ള ദൃക്‌സാക്ഷികളുടെ മൊഴികള്‍ നിർണായകമായതായി പ്രോസിക്യൂഷൻ അഭിഭാഷകൻ അഡ്വ. കെ.പി പ്രദീപ് കുമാർ. കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥർ നല്ല രീതിയില്‍ കേസ് അന്വേഷിച്ചതും ആയുധങ്ങള്‍ കണ്ടെടുക്കുന്നത് കണ്ട സാക്ഷികള്‍ ഉള്‍പെടെ കൃത്യമായി മൊഴി നല്‍കിയതും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിന് സാധിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 341, 302 റീഡ് വിത് 34 വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. 302 റീഡ് വിത് 34 വകുപ്പ് പ്രകാരം ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ. 341 പ്രകാരം മൂന്ന് മാസം കഠിനതടവുമാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിന് ശിക്ഷിച്ചത് കൊണ്ട് പ്രതികള്‍ റിമാൻഡ് കാലാവധി അനുഭവിച്ച ശിക്ഷയ്ക്ക് ഇളവ് ഉണ്ടാകില്ലെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. മൂന്നാം പ്രതിക്ക് സംഭവം നടക്കുമ്പോൾ പ്രായപൂർത്തിയായിട്ടില്ലെന്ന വാദം നിലനില്‍ക്കില്ലെന്ന് പ്രതിയുടെ സ്‌കൂള്‍ സർടിഫികറ്റ് പരിശോധിച്ചതില്‍ നിന്നും കോടതി കണ്ടെത്തിയിരുന്നു. കൊലനടക്കുമ്പോൾ തന്നെ പ്രതിക്ക് 18 വയസും എട്ട് മാസവും തികഞ്ഞിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിധിക്ക് ശേഷമുള്ള പ്രതികരണം, മകൻ ശിഹാബ് മാധ്യമങ്ങളോട് പറഞ്ഞത്: കേസിലെ പ്രതികള്‍ക്ക് അർഹിക്കുന്ന ശിക്ഷ തന്നെയാണ് ലഭിച്ചത്. ഒരു മക്കള്‍ക്കും ഇത്തരത്തില്‍ പിതാവിനെ നഷ്ടപ്പെടാതിരിക്കട്ടെയെന്നും മകൻ പറഞ്ഞു. ഈ കേസ് നല്ല നിലയില്‍ അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥർ, കേസ് വാദിച്ച അഭിഭാഷകർ, കൂടെ നിന്ന നാട്ടുകാർ, സുഹൃത്തുക്കള്‍ എന്നിവർക്കും വിധി പറഞ്ഞ കോടതിയോടും നന്ദിയുണ്ടെന്നും മകൻ ശിഹാബ് പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മകൻ.

ജില്ലാ പോലീസ് മേധാവി ഡി ശില്‍പ : പ്രതികള്‍ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചത് കാസർകോട് പോലീസിന് അഭിമാനമാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. വർഗീയ ആക്രമണങ്ങള്‍ കാസർകോട് നിന്ന് തുടച്ചുമാറ്റാൻ ഈ വിധി ഉപകാരപ്പെടും. കേസ് നല്ല നിലയില്‍ അന്വേഷിച്ചതിലും എല്ലാ തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞതിലും അന്വേഷണ ഉദ്യോഗസ്ഥരെയും കൃത്യമായി സാക്ഷിമൊഴികള്‍ പറഞ്ഞ സാക്ഷികളെയും ജില്ലാ പോലീസ് മേധാവി
അഭിനന്ദിച്ചു. 30 വർഷത്തിനുള്ളില്‍ 11 വർഗീയ കൊലക്കേസുകളാണ് കാസർകോട്ട് നടന്നത്. ഇതില്‍ ഒമ്പത് കേസുകളുടെയും വിചാരണ കഴിഞ്ഞിരുന്നുവെങ്കിലും 30 വർഷത്തിനിടെ ആദ്യമായാണ് പ്രതികള്‍ക്ക് ഇത്തരത്തില്‍ ശിക്ഷ ലഭിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *