Categories
local news

മാലിന്യമുക്ത നവകേരളം: തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തില്‍ മോണിറ്ററിംഗ് സമിതി രൂപീകരിച്ചു

എല്ലാ മാസവും സമിതി യോഗം ചേര്‍ന്ന് തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും.

കാസർകോട്: മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം നേടുന്നതിനായി തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തില്‍ മോണിറ്ററിംഗ് സമിതി രൂപീകരിച്ചു. എം.രാജഗോപാലന്‍ എം.എല്‍.എ ചെയര്‍മാനായും, ജില്ലാ കളക്ടറുടെ ഉത്തരവു പ്രകാരം ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) ജഗ്ഗി പോള്‍ കണ്‍വീനറായും, മണ്ഡലത്തിലെ നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കയ്യൂര്‍ ചീമേനി, ചെറുവത്തൂര്‍, പടന്ന, പിലിക്കോട്, വലിയപറമ്പ തൃക്കരിപ്പൂര്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലെ പ്രസിഡണ്ടുമാരും സ്റ്റാന്റിംഗ് കമ്മിറ്റി മേധാവികളും, ഹരിതകര്‍മ്മസേന കണ്‍സോര്‍ഷ്യം പ്രതിനിധികളും അംഗങ്ങളുമായാണ് സമിതി രൂപീകരിച്ചിട്ടുള്ളത്.

2024 മാര്‍ച്ച് 31നകം കേരളത്തെ മാലിന്യമുക്ത സംസ്ഥാനമായ പ്രഖ്യാപിക്കുവാന്‍ സാധിക്കുന്ന വിധത്തില്‍ ഖരമാലിന്യ പരിപാലനചട്ടം 2016 സമയബന്ധിതമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപ്പിലാക്കുന്നുവെന്ന് ഉറപ്പ് വരുത്തുക, ഇതിനായുള്ള മാലിന്യം മുക്ത ക്യാമ്പയിന്‍ സംവിധാനത്തെ ഏകോപിപ്പിക്കുക, കൂടുതല്‍ സ്റ്റോക്ക് ഹോള്‍ഡേഴ്‌സിനെ ക്യാമ്പയിൻ്റെ ഭാഗമായി കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, മാലിന്യമുക്ത വാര്‍ഡുകളായും തദ്ദേശഭരണ സ്ഥാപനങ്ങളുമായും മാറാന്‍ താത്പര്യമുള്ള വാര്‍ഡുകള്‍ക്കും വേണ്ട സഹായ സഹകരണം ഉറപ്പുവരുത്തുക, മാലിന്യമുക്ത നിയോജകമണ്ഡലം പ്രഖ്യാപിക്കുന്നതിനുള്ള പ്രവര്‍ത്തനം ഏറ്റെടുക്കുക എന്നിവയാണ് സമിതിയുടെ ചുമതല. എല്ലാ മാസവും സമിതി യോഗം ചേര്‍ന്ന് തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യും.

മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി നടന്നുവരുന്ന ക്യാമ്പയിന്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിനും 2016ലെ ഖരമാലിന്യ പരിപാലന ചട്ടങ്ങള്‍ സംസ്ഥാനം ഒട്ടാകെ സമയബന്ധിതമായി നടപ്പിലാക്കുന്നതിനും കേരള ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് സമയബന്ധിതമായി ജനപങ്കാളിത്തത്തോടെയുള്ള ക്യാമ്പയിനിലൂടെ മാത്രമേ കഴിയുകയുള്ളൂ എന്നതിനാല്‍ ഈ മേഖലയില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചുകൊണ്ട് മാലിന്യമുക്ത് നവകേരളം എന്ന ലക്ഷ്യം തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ജൂണ്‍ 5ന് കൈവരിക്കാനുള്ള തീരുമാനങ്ങളും യോഗം കൈക്കൊണ്ടു.

ഇതിനോടകം തന്നെ വലിച്ചെറിയല്‍ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ച വലിയപറമ്പിനെയും ചെറുവത്തൂരിനെയും യോഗം അഭിനന്ദിച്ചു. എം.രാജഗോപാലന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നീലേശ്വരം നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ.പി. വത്സലന്‍, സി.വി.പ്രമീള, വി.വി.സജീവന്‍, മുഹമ്മദ് അസ്ലം, ഗിരിജ മോഹന്‍, വൈസ് പ്രസിഡന്റുമാരായ പി.വി.രാഘവന്‍, പി.ശ്യാമള, എം.ശാന്ത, ആനന്ദവല്ലി, എ.കൃഷ്ണന്‍ തുടങ്ങിയ ജനപ്രതിനിധികളും നവകേരളം കോര്‍ഡിനേറ്റര്‍ കെ.ബാലകൃഷ്ണന്‍, ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ എ.ലക്ഷ്മി, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *