Categories
news

കേരളത്തിന് വലിയ പ്രതീക്ഷകൾ നൽകിയാണ് മോദി മടങ്ങിയത്; ഒപ്പമുണ്ടെന്നും പണം തടസ്സമാകില്ലെന്നും ഉറപ്പ്; ദുരന്തഭൂമി സന്ദർശിച്ച പ്രധാനമന്ത്രി

കല്‍പ്പറ്റ(വയനാട്): വയനാട്ടിലെ ഉരുള്‍പൊട്ടൽ ദുരന്തമുണ്ടായ മേപ്പാടി ചൂരൽമലയിലെ ദുരന്തഭൂമി സന്ദര്‍ശനം പൂർത്തിയാക്കി പ്രധാനമന്ത്രി വൈകിട്ടോടെ ഡൽഹിയിലേക്ക് പോയി. ദുരന്തഭൂമി സന്ദർശനത്തിന് ശേഷം നരേന്ദ്ര മോദി ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. മേപ്പാടി സെന്‍റ് ജോസഫ്സ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് മോദിയെത്തിയത്. ക്യാമ്പിലെ ആളുകളുമായി മോദി കൂടിക്കാഴ്ച നടത്തി. ക്യാമ്പുകളില്‍ കഴിയുന്നവരുടെ പ്രതിനിധികളായാണ് ഒമ്പതുപേര്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചത്. ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായവര്‍ അവരുടെ സങ്കടം പ്രധാനമന്ത്രിയോട് പറഞ്ഞു. 25 മിനിട്ടോളം നേരം പ്രധാനമന്ത്രി ക്യാമ്പിൽ ചിലവഴിച്ചു. ദുരിതാശ്വാസ ക്യാമ്പിലെ സന്ദര്‍ശനത്തിനുശേഷം മേപ്പാടിയിലെ ആശുപത്രിയിലും പ്രധാനമന്ത്രി എത്തി.

ദുരന്തത്തില്‍ അകപ്പെട്ട് പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നവരെ സന്ദർശിച്ചു. നാലുപേരെ മോദി നേരിട്ട് കണ്ടു. അവരുടെ അടുത്ത് പോയി സംസാരിച്ചു. കുഞ്ഞുങ്ങളോടും പ്രധാനമന്ത്രി സംസാരിച്ചു. അവരെ ആശ്വസിപ്പിച്ചു. ആശുപത്രിയിലെ ഡോക്ടർമാരെയും ആരോഗ്യപ്രവര്‍ത്തകരെയും പ്രധാനമന്ത്രി കണ്ടു. അവരെ കൂപ്പുകൈയോടെ വണങ്ങി. ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരസൂചകമായി ആശുപത്രിയിൽ ഒരുക്കിയ ഫോട്ടോയിൽ അദ്ദേഹം പുഷ്പ്പാർച്ചന നടത്തി. തുടർന്ന് കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രി സുരേഷ് ഗോപി, ചീഫ് സെക്രട്ടറി ഡോ.വേണു, എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ തുടങ്ങിയവരും ജില്ലാ കലക്ടർ മേഘ്ശ്രീ തുടങ്ങിയവർ അനുഗമിച്ചു. പറഞ്ഞതിലും ഏറെ നേരം വയനാടിന് വേണ്ടി അദ്ദേഹം സമയം ചെലവഴിച്ചു. വൈകിട്ട് മൂന്ന് മണിക്ക് മടങ്ങും എന്ന് പറഞ്ഞ പ്രധാനമന്ത്രിയുടെ സന്ദർശനം വൈകിട്ട് അഞ്ച് മണിവരെ തുടർന്ന് അതിന് ശേഷമാണു അദ്ദേഹം യാത്ര തിരിച്ചത്.

വയനാട് ദുരിതത്തിൽ നാശനഷ്ടങ്ങളുടെ വിശദമായ മെമ്മോറാണ്ടം സമർപ്പിക്കാൻ പ്രധാനമന്ത്രി കേരളത്തോട് ആവശ്യപ്പെട്ടു. എത്ര വീടുകൾ തകർന്നു, എത്ര നാശനഷ്ടം ഉണ്ടായി, ഏത് രീതിയിൽ ജനങ്ങളുടെ പുനരധിവാസം നടത്താനുദ്ദേശിക്കുന്നു തുടങ്ങി കാര്യങ്ങൾ ഉൾപ്പെടെയുള്ള വിശദമായ കണക്കുകൾ ഉൾപ്പെട്ട മെമ്മോറാണ്ടമാണ് സമർപ്പിക്കേണ്ടത്. ഇത് സഹായം പ്രഖ്യാപിക്കുന്നതിന് മുൻപുള്ള നടപടിക്രമങ്ങളുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിനൊപ്പമുണ്ടെന്നും പണം തടസ്സമാകില്ലെന്നും സഹായം ലഭ്യമാക്കുമെന്നും കളക്ടേറ്റിൽ നടന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *