Categories
Kerala news

ചിമ്പാൻസിയുടെ മുഖത്തിന് പകരം എം.എം മണിയുടെ മുഖം; ഇത് വെറൈറ്റി സമരമെന്ന് ആദ്യം, പിന്നീട് ഖേദം പ്രകടിപ്പിച്ച് മഹിളാ കോൺഗ്രസ്

വേദന ഉണ്ടാക്കിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും മഹിളാ കോണ്‍ഗ്രസ്

തിരുവനന്തപുരം: എം.എം മണി എം.എൽ.എയെ അധിക്ഷേപിച്ച് മഹിളാ കോൺഗ്രസ്. ചിമ്പാൻസിയുടെ ചിത്രത്തിൽ എം.എം മണിയുടെ ഫോട്ടോ ഒട്ടിച്ചായിരുന്നു അധിക്ഷേപം. കെ.കെ രമയ്ക്കെതിരായ എം.എം മണിയുടെ വിവാദ പരാമർശത്തിൽ പ്രതിഷേധിച്ച് മഹിള കോൺഗ്രസ് നടത്തിയ നിയമസഭാ മാർച്ചിലായിരുന്നു സംഭവം. ഇത് വിവാദമായതോടെ പ്രവർത്തകർ പിന്നീട് ചിത്രം ഒഴിവാക്കി. ചിമ്പാൻസിയുടെ പടം വെച്ചതിനെ ന്യായീകരിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ ആദ്യം രംഗത്തുവന്നു. ഇത് വേറിട്ട സമരമെന്നായിരുന്നു വിശദീകരണം.

ആഭ്യന്തര വകുപ്പിൻ്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കവെയാണ് മണി രമയ്ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ‘ഒരു മഹതി ഇപ്പോള്‍ പ്രസംഗിച്ചു മുഖ്യമന്ത്രിക്ക് എതിരെ, എല്‍.ഡി.എഫ് സര്‍ക്കാരിന് എതിരെ, ഞാന്‍ പറയാം ആ മഹതി വിധവയായി പോയി, അവരുടേതായ വിധി, അതിന് ഞങ്ങളാരും ഉത്തരവാദികളല്ല’- എന്നായിരുന്നു മണിയുടെ പരാമര്‍ശം.

ഖേദം പ്രകടിപ്പിച്ച്‌ മഹിളാ കോൺഗ്രസ്

സംഭവം വിവാദമായതോടെ കോൺഗ്രസ് നേതൃത്വം നിർദേശം നൽകിയതിനെ തുടർന്നാണ് മഹിളാ കോൺഗ്രസ് ജില്ലാ നേതൃത്വം ഖേദപ്രകടനം നടത്തിയത്. ആരെയും വ്യക്തിപരമായി ആക്ഷേപിക്കുന്നത് കോണ്‍ഗ്രസിൻ്റെയും യു.ഡി.എഫിൻ്റെയും രാഷ്ട്രീയ രീതിയല്ലെന്ന് പ്രസ്താവനയിൽ പറയുന്നു.

മഹിളാ കോണ്‍ഗ്രസ് നേതൃത്വത്തിൻ്റെ തീരുമാന പ്രകാരമായിരുന്നില്ല ബോർഡ് എന്നും നിയമസഭാ മര്‍ച്ചിന് എത്തിയ പ്രവര്‍ത്തകരില്‍ ഒരാളാണ് ഈ ബോർഡ് കൊണ്ടു വന്നതെന്നുമാണ് വിശദീകരണം. മഹിളാ കോണ്‍ഗ്രസ് ഉപയോഗിച്ച ബോർഡ് എം.എം മണിക്കോ അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കോ വേദന ഉണ്ടാക്കിയതില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *