Categories
local news news

അനധികൃത വയൽനികത്തൽ തടയാൻ ജില്ലാ കളക്ടർമാർക്ക് രണ്ട് കോടി രൂപ റിവോൾവിങ് ഫണ്ട് അനുവദിക്കും; മന്ത്രി കെ രാജൻ

കാസറഗോഡ്: അനധികൃതമായി വയലും തണ്ണീർത്തടങ്ങളും മണ്ണിട്ട് നികത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. തണ്ണീർത്തട, നെൽവയൽ സംരക്ഷണ നിയമം ഭൂമിതരം മാറ്റാൻ മാത്രം ഉള്ളതല്ലെന്നും സംരക്ഷണത്തിനുള്ളതാണെന്നും മന്ത്രി പറഞ്ഞു. കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺഹാളിൽ ഭൂമി തരം മാറ്റൽ അദാലത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 2008ലെ തണ്ണീർത്തട, നെൽവയൽ നികത്തൽ തടയൽ നിയമം നിലവിൽ വന്നതിനുശേഷം അനധികൃതമായി നികത്തിയിട്ടുള്ള ഭൂമി പുനസ്ഥാപിക്കുന്നതിന് ജില്ലാ കളക്ടർമാർക്ക് രണ്ടുകോടി രൂപ വീതം റിവോൾവിങ് ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. 14 ജില്ലകളിലും തുക അനുവദിക്കും. അനധികൃതമായ നികത്തിയ ഭൂമിയിലെ മണ്ണ് നീക്കം ചെയ്യുന്നതിന് ബന്ധപ്പെട്ടവർ തന്നെ നടപടി സ്വീകരിക്കണം. മണ്ണ് നീക്കം ചെയ്തില്ലെങ്കിൽ ബന്ധപ്പെട്ട ജില്ലാ കളക്ടർ ആ ഭൂമി മണ്ണ് നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിച്ച് അതിനാവശ്യമായതുക ഉടമകളിൽ നിന്നും ഈടാക്കും. അനധികൃതമായി നികത്തിയതാണെന്ന് കണ്ടെത്തിയാൽ അത് നീക്കം ചെയ്യുന്നതിന് ഉടമകൾക്ക് രണ്ട് ആഴ്ച സമയം അനുവദിക്കും തുടർന്നായിരിക്കും ജില്ലാ കളക്ടറുടെ നടപടി. വയൽ തരം മാറ്റുന്നതിന് ഫോം അഞ്ചിൽ അപേക്ഷ സ്വീകരിക്കുന്നത് തുടരേണ്ടതുണ്ടോ പരിശോധിക്കേണ്ടതാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

കാഞ്ഞങ്ങാട് ആർ.ഡി.ഒ ഓഫീസിൽ ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ടുള്ള 25 സെൻറിന് താഴെ യുള്ള ഉടമകളുടെ അപേക്ഷകളിൽ പൂർണ്ണമായും നവംബർ 30 നകം തീർപ്പ് കൽപ്പിക്കാൻ മന്ത്രി നിർദ്ദേശം നൽകി. ജില്ലാ കളക്ടർ നേരിട്ട് നേതൃത്വം നൽകും. വീട് നിർമ്മിക്കാൻ എവിടെയും ഭൂമിയില്ലാത്തവർക്ക് ഫോം നമ്പർ ഒന്നിൽ അപേക്ഷിച്ചാൽ തരം മാറ്റാതെ നഗരപ്രദേശങ്ങളിൽ 5 സെൻറിലും പഞ്ചായത്തുകളിൽ 10 സെന്റിലും വീട് നിർമ്മിക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും മന്ത്രി പറഞ്ഞു. ഭൂമി തരംമാറ്റൽ അപേക്ഷകളിൽ അതിവേഗം പ്രശ്നപരിഹാരം കാണുന്നതിനാണ് തരം മാറ്റം അദാലത്ത് സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇ ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. എം രാജഗോപാലൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി സുജാത കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠൻ മുൻസിപ്പാലിറ്റി വാർഡ് കൗൺസിലർ വന്ദനബൽരാജ്, എ.ഡി.എം. പി അഖിൽ രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ.വി ജയപാലൻ, കെ.വി കൃഷ്ണൻ, ഉമേശൻ വാളൂർ അഡ്വക്കേറ്റ് എൻ.എ ഖാലിദ് ,കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, എം ഹമീദ് ഹാജി, സുരേഷ് പുതിയേടത്ത്, വി.കെ രമേശൻ എന്നിവർ സംസാരിച്ചു. ജില്ലാ കളക്ടർ കെ ഇമ്പശേഖർ സ്വാഗതവും സബ് കളക്ടർ പ്രതീക് ജയിൻ നന്ദിയും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest