Categories
Kerala news trending

‘കോളനി’ എന്ന് ഇനി വിളിക്കരുത്; ചരിത്ര ഉത്തരവിറക്കി മന്ത്രി കെ.രാധാകൃഷ്‌ണൻ മന്ത്രി പദമൊഴിഞ്ഞു

‘കോളനി’, ‘സങ്കേതം’, ‘ഊര്’ എന്നീ പേരുകളിലാണ് നിലവിൽ അഭിസംബോധന

തിരുവനന്തപുരം: ആലത്തൂരില്‍നിന്ന് എം.പിയായി തിരഞ്ഞെടുക്കപ്പെട്ട‌ കെ.രാധാകൃഷ്ണൻ മന്ത്രി സ്ഥാനമൊഴിഞ്ഞത് ചരിത്രത്തിൽ ഇടംനേടാവുന്ന ഉത്തരവിറക്കിയ ശേഷം. പട്ടിക വിഭാഗക്കാർ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങൾ കോളനികൾ എന്നറിയപ്പെടുന്നത് മാറ്റാനാണ് തീരുമാനം.

പട്ടിക വിഭാഗക്കാർ കൂടുതലായി അധിവസിക്കുന്ന മേഖലകളെ ‘കോളനി’, ‘സങ്കേതം’, ‘ഊര്’ എന്നീ പേരുകളിലാണ് നിലവിൽ അഭിസംബോധന ചെയ്‌തു വരുന്നത്. ഈ അഭിസംബോധന അവമതിപ്പും താമസക്കാരിൽ അപകർഷതാ ബോധവും സൃഷ്ടിക്കുന്നതിനാലാണ് പേരുമാറ്റം.

പുതിയ ഉത്തരവനുസരിച്ച് കോളനി, സങ്കേതം, ഊര് എന്നീ പേരുകൾക്ക് പകരമായി നഗർ, ഉന്നതി, പ്രകൃതി തുടങ്ങിയ പേരുകളോ ഓരോ സ്ഥലത്തും പ്രാദേശികമായി താൽപര്യമുള്ള കാലാനുസൃതമായ പേരുകളോ തെരഞ്ഞെടുക്കാവുന്നത് ആണെന്നും ഉത്തരവില്‍ പറയുന്നു.

തർക്കങ്ങൾ ഒഴിവാക്കാൻ വ്യക്തികളുടെ പേരിടുന്നത് പരമാവധി ഒഴിവാക്കാനും ഉത്തരവിൽ നിർദ്ദേശിച്ചു. നിലവില്‍ വ്യക്തികളുടെ പേര് നൽകിയിട്ടുള്ള സ്ഥലങ്ങളില്‍ ആയത് തുടരാവുന്നതാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് വിജയിച്ചതിനെ തുടര്‍ന്നാണ് രാധാകൃഷ്ണന്‍ രാജിവച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സി.പി.എം വിജയിച്ച ഏക മണ്ഡലം കൂടിയാണ് ആലത്തൂര്‍. സിറ്റിങ് എം.പിയായിരുന്ന കോണ്‍ഗ്രസിൻ്റെ രമ്യ ഹരിദാസിനെയാണ് സി.പി.എം സ്ഥാനാര്‍ത്ഥി ആയിരുന്ന രാധാകൃഷ്ണന്‍ തോല്‍പ്പിച്ചത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *