Categories
education Kerala news

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മുസ്ലീം വിദ്യാര്‍ത്ഥികളുടെ യോഗം; ആൺ- പെൺ മറതിരിച്ചിരുത്തി, തീവ്ര ഇസ്ലാമികതയെന്ന് ആക്ഷേപം

സമാനമായ പരിപാടികൾ മറ്റു മത സംഘടനകളും നടത്തുന്നുണ്ട്

തൃശ്ശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മുസ്ലീം വിദ്യാര്‍ത്ഥികളുടെ യോഗം നടത്തി ആൺ- പെൺ ലിംഗ അടിസ്ഥാനത്തില്‍ മറകെട്ടിയിരുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തം. ഇസ്ലാമിക സംഘടനയായ വിസ്‌ഡം നേതാവ് അബ്ദുള്ള ബേസിലാണ് ഇത്തരത്തില്‍ യോഗം നടത്തിയത്. താലീബാന്‍ രീതിയില്‍ പെണ്‍കുട്ടികള്‍ പുരുഷന്മാരെ കാണാതെ ഇവര്‍ക്കിടയില്‍ മറകെട്ടിയായിരുന്നു യോഗം.

സംഭവം സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. മതാടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ സംഘടിച്ചതിനേയും ലിംഗ വിവേചനം നടത്തിയതിനെതിരേയും രൂക്ഷ വിമര്‍ശനങ്ങളാണ് സമൂഹത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയരുന്നത്.

ജെന്‍ഡര്‍ പൊളിറ്റിക്‌സും അതിന് പിന്നിലെ ജീവിതങ്ങളും ആശയങ്ങളും എന്ന വിഷയത്തില്‍ സംവദിക്കാനാണ് യോഗം നടത്തിയതെന്ന് മതപ്രഭാഷകന്‍ കൂടിയായ അബ്ദുള്ള ബേസില്‍ പറഞ്ഞു. ആണ്‍-പെണ്‍ വേര്‍തിരിവുകളുടെ വിഷയത്തില്‍ മതത്തിനും ലിബറല്‍ ആശയങ്ങള്‍ക്കും വ്യത്യസ്തമായ കാഴ്ചപ്പാട് ആണുള്ളത്. ആ വ്യത്യസ്തതകള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവരോട് സഹതപിക്കാന്‍ മാത്രമേ നിര്‍വാഹമുള്ളുവെന്നും ബേസില്‍ പറഞ്ഞു.

അബ്ദുള്‍ ബേസില്‍ മുമ്പും പലവട്ടം ചര്‍ച്ചകളില്‍ ഇടംപിടിച്ചിരുന്നു. യൂട്യൂബ് ചാനലിലുടെ അബദ്ധങ്ങള്‍ വിളിച്ചുപറഞ്ഞ് വിവാദത്തിൽ ആയിട്ടുള്ളയാളാണ് ഇദേഹം.

‘മതാചാര സംരക്ഷണം ഒക്കെയാണ് നിങ്ങളുടെ ഭാവി പരിപാടി ആയി കാണുന്നതെങ്കിൽ,
എന്തിന് വെറുതെ മെഡിക്കൽ സയൻസ് പഠിച്ചു സമയം കളയണം?’ എന്നാണ് സംഭവത്തിൽ സോഷ്യൽ മീഡിയകളിൽ ചോദിക്കുന്നത്.

‘സർക്കാർ കോളേജിൽ നിന്നുള്ള ആനുകൂല്യങ്ങൾ മുഴുവൻ ഉപയോഗിച്ചു പഠിച്ചിറങ്ങി ഈ നാടിനും നാട്ടുകാർക്കും ഉപകരപ്പെടുന്നതിന് പകരം, പഠിക്കുന്ന തൊഴിലിനോട് പോലും കൂറ് പുലർത്താതെ പ്രാകൃത രീതികളിലേക്ക് മടങ്ങാൻ മടിയില്ലാത്ത, അതിനായി പ്രത്യേക ക്ലാസ്സുകളിൽ മറകെട്ടി ഇരിക്കാൻ തയ്യാറാവുന്ന ഇവരൊക്കെ പൊതുസമൂഹത്തിന് ബാധ്യതകളായി മാറുകയാണ് ചെയ്യുക.’ എന്നും സോഷ്യൽ മീഡിയകളിൽ കമന്റുകൾ വന്നു.

‘ഈ പറഞ്ഞത് ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം ഉള്ളതല്ല. സമാനമായ പരിപാടികൾ മറ്റു മത സംഘടനകളും നടത്തുന്നുണ്ട് എന്നു കാണുന്നു. അവർക്കെല്ലാം ബാധകമാണ്, അവയെല്ലാം ഒരേ നാണയത്തിൻ്റെ ഇരുപുറങ്ങൾ തന്നെയാണ്.’ എന്നും സോഷ്യൽ മീഡിയകളിൽ പറഞ്ഞു വെയ്ക്കുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *