Categories
Kerala news

മേയര്‍- ഡ്രൈവര്‍ തര്‍ക്കം; ബസിലെ വീഡിയോ റെക്കോര്‍ഡറില്‍ മെമ്മറി കാര്‍ഡ് ഇല്ലെന്ന് പൊലീസ്, മേയര്‍ക്ക് എതിരെ നിയമ പോരാട്ടം തുടരും എന്നാണ് ഡ്രൈവർ യദു

സൈബര്‍ ആക്രമണത്തിനെതിരെ മേയര്‍ ആര്യ രാജേന്ദ്രന്‍ പരാതി നല്‍കി

തിരുവനന്തപുരം: മേയര്‍ ആര്യാ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ നിര്‍ണായകം ആകേണ്ടിയിരുന്ന കെഎസ്ആര്‍ടിസി വീഡിയോ റെക്കോര്‍ഡറില്‍ മെമ്മറി കാര്‍ഡ് ഇല്ലെന്ന് പൊലീസ്. ബുധനാഴ്‌ച നടത്തിയ പരിശോധനയില്‍ പൊലീസ് ബസിലെ ഡി.വി.ആര്‍.(ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍) കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഡി.വി.ആറില്‍ മെമ്മറി കാര്‍ഡ് ഇല്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്.

മെമ്മറി കാര്‍ഡ് കാണേണ്ടതാണെന്ന് എസ്എച്ച്ഒ ജയകൃഷ്‌ണൻ പ്രതികരിച്ചു. മെമ്മറി കാര്‍ഡ് മാറ്റിയതാണോ എന്നതടക്കം പരിശോധിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ബസിലെ യാത്രക്കാരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

മേയര്‍ക്കും എം.എല്‍.എക്കുമെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് ഡ്രൈവര്‍ യദു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. കണ്ടോണ്‍മെണ്ട് പൊലീസിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്നാണ് യദു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നേരിട്ട് പരാതി നല്‍കിയത്. കേസ് എടുത്തില്ലെങ്കിലും മേയര്‍ക്കെതിരെ നിയമ പോരാട്ടം തുടരുമെന്നാണ് യദു ആവര്‍ത്തിക്കുന്നത്.

അതിനിടെ ബസ് സര്‍വീസ് തടഞ്ഞ മേയര്‍ക്കും എം.എല്‍.എക്കും എതിരെ നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്ക് കെ.എസ്‌.യു പരാതി നല്‍കിയിരുന്നു. നടുറോഡില്‍ ബസിന് മുന്നില്‍ മേയറുടെ കാര്‍ കുറുകെ നിര്‍ത്തിയതടക്കമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ അടക്കം പുറത്ത് വന്ന പശ്ചാത്തലത്തില്‍, എന്തുകൊണ്ട് നടപടി എടുക്കുന്നില്ലെന്ന ചോദ്യം പ്രതിപക്ഷവും ശക്തമായി ഉയര്‍ത്തിയിരുന്നു. വിഷയത്തില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫീസറുടെ അന്വേഷണവും സാമാന്തരമായി നടക്കുന്നുണ്ട്.

അതിനിടെ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആക്രമണത്തിനെതിരെ മേയര്‍ ആര്യ രാജേന്ദ്രന്‍ പരാതി നല്‍കി. പൊലീസ് മേധാവിക്കും മ്യൂസിയം പൊലീസിനുമാണ് പരാതി നല്‍കിയത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുമായുള്ള പ്രശ്നങ്ങള്‍ക്ക് പിന്നാലെ സൈബര്‍ ആക്രമണം തുടങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. സഹോദരനൊപ്പമുള്ള ചിത്രത്തിനും മറ്റ് ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കും കീഴില്‍ അശ്ലീല കമണ്ടുകള്‍ നിറയുന്നെന്ന് പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ഏപ്രില്‍ 27ന് തിരുവനന്തപുരം പാളയത്ത് വെച്ചാണ് സംഭവം നടന്നത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ കണ്ടോണ്‍മെണ്ട് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവും തന്നോട് മോശമായി പെരുമാറിയെന്ന ആരോപണവുമായി ഡ്രൈവര്‍ യദു രംഗത്തെത്തുകയായിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *