Categories
international news trending

ഗസ്സയിലെ കൂട്ടക്കുരുതിയും ഇന്ത്യയുടെ ഒഴിഞ്ഞുമാറ്റവും; ചികിത്സയിൽ ഉള്ളവരെ തെരുവില്‍ തള്ളുന്ന ദയനീയ കാഴ്‌ചകൾ

നവജാത ശിശുക്കളടക്കം ആയിരങ്ങളാണ് മരണവുമായി മല്ലിടുന്നത്

ഗസ്സ: നിരപരാധികളെ കൊന്നൊടുക്കരുതെന്ന അന്താരാഷ്ട്ര സമൂഹത്തിൻ്റെ മുറവിളികള്‍ക്ക് ഇടയിലും ഗസ്സയിലെ വെടിനിര്‍ത്തല്‍ ആവശ്യം വീണ്ടും തള്ളി ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. കൂടുതല്‍ സൈനികരെ രംഗത്തിറക്കി ആക്രമണം കടുപ്പിച്ച ഇസ്രായേല്‍, ഗസ്സയിലെ ഏറ്റവും വലിയ ആതുരാലയമായ അല്‍ ശിഫയുടെ ഹൃദയചികിത്സ വിഭാഗം ബോംബിട്ട് തകര്‍ത്തു.

ഗുരുതര പരിക്കേറ്റവരെ അടക്കം ഒഴിപ്പിച്ച്‌ തെരുവിലേക്കിറക്കി വിടുകയാണ്. ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലായതായി ആരോഗ്യ മന്ത്രാലയ വക്താവ് അശ്റഫ് അല്‍ ഖുദ്റ പറഞ്ഞു. ചുറ്റുപാടും വളഞ്ഞ് ഉപരോധം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്ധനവും വൈദ്യുതിയുമില്ലാതെ അല്‍ ഖുദ്‌സ് ആശുപത്രിയുടെ പ്രവര്‍ത്തനവും നിലച്ചു.

രണ്ട് ആശുപത്രികളിലുമായി നവജാത ശിശുക്കളടക്കം ആയിരങ്ങളാണ് മരണവുമായി മല്ലിടുന്നത്. യുദ്ധം ആറാം വാരത്തിലേക്ക് കടക്കുമ്പോള്‍ ടെലിവിഷനിലൂടെ ഇസ്രായേലികളെ അഭിസംബോധന ചെയ്യവെയാണ് ഹമാസ് പിടികൂടിയ ബന്ദികളെ വിട്ടയക്കാതെ ആക്രമണം അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു പ്രഖ്യാപിച്ചത്. ഹമാസിൻ്റെ തുരങ്കങ്ങളും സൈനിക കേന്ദ്രവുമുണ്ടെന്ന് ആരോപിച്ച്‌ അല്‍ ശിഫ ആശുപത്രി പരിസരത്ത് കനത്ത ആക്രമണം തുടരുകയാണ്. ആശുപത്രിയിലെ അവസാന ജനറേറ്ററും പ്രവര്‍ത്തന രഹിതമായതായും ഒരു നവജാതശിശു മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഖാൻ യൂനുസില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്‌തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയിലെ യു.എൻ കേന്ദ്രത്തിനുനേരെ നടന്ന ആക്രമണത്തിലും നിരവധിപേര്‍ കൊല്ലപ്പെട്ടു.

മലയാളികളടക്കം അര ലക്ഷത്തോളം ഇന്ത്യക്കാരും യുദ്ധഭീഷണിയുടെ ഇരകളാണ്. ഇന്ത്യ പക്ഷംപിടിക്കേണ്ടിയിരുന്നത് സമാധാനത്തിന് വേണ്ടിയായിരുന്നു. അടിയന്തര യുദ്ധവിരാമം വിളംബരം ചെയ്യുന്ന യു.എൻ പ്രമേയത്തെ അനുകൂലിച്ച്‌ ഇന്ത്യ വോട്ട് രേഖപ്പെടുത്തണമായിരുന്നു. ഫലസ്‌തീൻ ജനതയുടെ ജന്മനാട്ടില്‍ സ്വയം രാജ്യമുണ്ടാക്കി സാമ്രാജ്യത്വ ശക്തികളുടെ സഹായത്തോ‌ടെ വേരുറപ്പിച്ച ഇസ്രായേല്‍ ലോകചരിത്രത്തിലെ അതിക്രൂരമായ മനുഷ്യവേട്ടയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ പതിനായിരത്തിലധികം പേരെ കൊലപ്പെടുത്തി, ലക്ഷക്കണക്കിന് ആളുകള്‍ക്ക് മുറിവേറ്റു, അനേകമിരട്ടി ആളുകള്‍ വഴിയാധാരമാക്കപ്പെട്ടു.

ഏഴു പതിറ്റാണ്ടുകള്‍ക്കിടെ പലവട്ടം പലരൂപത്തില്‍ ഫലസ്‌തീൻ ജനതയുടെ സമാധാന ജീവിതത്തെ നരക തുല്യമാക്കിയതിൻ്റെ ഒടുവിലത്തെ കാഴ്‌ചകളാണ് ഇപ്പോള്‍ അവിടെ നടക്കുന്ന മനുഷ്യക്കുരുതി. മനുഷ്യത്വമുള്ള ആരുടെയും ഹൃദയം തകര്‍ക്കുന്ന ഈ വേട്ടക്കെതിരെ പ്രതികരിക്കുക എന്നത് ലോക മനസ്സാക്ഷിയുടെ ദൗത്യമായി മാറിയിരിക്കുന്നു.

കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ഗസ്സയില്‍ 4,237കുഞ്ഞുങ്ങള്‍ മാത്രം മരിച്ചെന്നാണ് കണക്ക്. ഫലസ്‌തീൻ- ഇസ്രായേല്‍ യുദ്ധത്തില്‍ കൊല്ലപ്പെടുന്നവരുടെ 40 ശതമാനവും കൊച്ചു കുട്ടികളാണ്. ഭാവിയുടെ പ്രതീക്ഷകളെ, ഫലസ്‌തീൻ്റെ നാളെയുടെ ഊര്‍ജത്തെ ഉന്നംവെച്ചു കൊന്നൊടുക്കുകയാണ് ഇസ്രായേല്‍. ഗസ്സ മേഖലയെ കുഞ്ഞുങ്ങളുടെ ശ്‌മശാനമെന്നാണ് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വിശേഷിപ്പിച്ചത്.

മോദിയുടെ മനംമാറ്റം ഇന്ത്യക്കേറ്റ കളങ്കം

നിരുപാധിക വെടിനിര്‍ത്തലും യുദ്ധ വിരാമവുമാണ് ഐക്യരാഷ്ട്ര സഭാ തലവൻ മുതല്‍ ഫ്രാൻസിസ് മാര്‍പാപ്പ വരെ ഇസ്രായേലിനോട് ആവശ്യപ്പെടുന്നത്. എന്നാല്‍ യുദ്ധം തീര്‍ന്നാലും ഗസ്സ വിടില്ലെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറയുന്നത്.

ഗസ്സയില്‍ മാത്രമല്ല, ഒട്ടേറെ നിരപരാധികള്‍ ഇസ്രായേലിലും കൊല്ലപ്പെട്ടത് നാം കണ്ടതാണ്. മേഖലയില്‍ അടിയന്തരമായി വേണ്ടത് വെടിനിര്‍ത്തലും സമാധാനവുമാണ്. പിന്നാലെ നിഷ്പക്ഷരും നീതിമാന്മാരുമായ മധ്യസ്ഥരുടെ സാന്നിധ്യത്തില്‍, അന്താരാഷ്ട്ര മര്യാദകളും യു.എൻ പ്രമേയങ്ങളും മാനിച്ചുകൊണ്ട് വ്യവസ്ഥാപിതമായ ചര്‍ച്ച. അതിലൂടെ ഫലസ്‌തീൻ- ഇസ്രായേല്‍ സംഘര്‍ഷത്തിന് ശാശ്വതമായ രാഷ്ട്രീയ പരിഹാരവും.

ഇക്കാര്യത്തില്‍ ഇന്ത്യക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ ഇന്ത്യ ഏകപക്ഷീയമായ രാഷ്ട്രീയ നിലപാട് എടുത്തിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച്‌, ഫലസ്‌തീനെ പിന്തള്ളി. ഇസ്രായേല്‍- ഹമാസ് യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന ഐക്യരാഷ്ട്ര പ്രമേയത്തിന്മേല്‍ നടത്തിയ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്‌തു.

ഇത് ഇന്ത്യ ഇക്കാലമത്രയും പുലര്‍ത്തിപ്പോന്ന രാഷ്ട്രീയ നിലപാടുകള്‍ക്ക് വിരുദ്ധമാണ്. അതുകൊണ്ടു തന്നെയാണ് ലോകരാജ്യങ്ങള്‍ പലതും ഇന്ത്യയെ വിമര്‍ശിച്ചു രംഗത്തുവന്നത്. ഇന്ത്യക്കകത്തും നരേന്ദ്ര മോദിക്കെതിരായ കടുത്ത വിമര്‍ശനങ്ങൾ ഉയരുന്നതിൻ്റെ കാരണവും മറ്റൊന്നല്ല.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest