Categories
Kerala news

കല്യാണവീട് മരണവീടായത് നിമിഷനേരം കൊണ്ട്; മകളുടെ വിവാഹത്തലേന്ന് അച്ഛൻ കൊല്ലപ്പെട്ട സംഭവം, കല്യാണാലോചന നിരസിച്ചതിൻ്റെ വൈരാഗ്യം, വന്നത് വധുവിനെ ആക്രമിക്കാൻ

കൊല്ലപ്പെട്ട രാജുവും ഭാര്യയും പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു

വർക്കല / തിരുവനന്തപുരം: കല്ലമ്പലം വടശ്ശേരിക്കോണത്ത് മകളുടെ വിവാഹ ദിനത്തിൽ വീട്ടിൽവച്ച് പിതാവ് കൊല്ലപ്പെട്ട ദാരുണ സംഭവത്തിന് പിന്നിൽ വിവാഹാലോചന നിരസിച്ചതിൻ്റെ പക. കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ, കൊല്ലപ്പെട്ട രാജുവിൻ്റെ അയൽവാസി കൂടിയായ ജിഷ്‌ണുവിൻ്റെ വിവാഹാലോചനയാണ് രാജുവും കുടുംബവും നിരസിച്ചത്. ഇതിൻ്റെ വൈരാഗ്യമാണ് വിവാഹത്തലേന്നുള്ള ആക്രമണത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്.

ബുധനാഴ്‌ച വർക്കല ശിവഗിരിയിൽ വിവാഹിതയാകേണ്ടിയിരുന്ന രാജുവിൻ്റെ മകളെ ആക്രമിക്കാനാണ് ജിഷ്‌ണുവും സഹോദരന്‍ ജിജിനും ഇവരുടെ രണ്ട് സുഹൃത്തുക്കളും എത്തിയതെന്ന് കുടുംബം ആരോപിച്ചു. രാജുവിൻ്റെ സഹോദരിയുടെ പുത്രി ഗുരുപ്രിയയാണ് ഇക്കാര്യം പറഞ്ഞത്. ജിഷ്‌ണുവിൻ്റെ കുടുംബ പശ്ചാത്തലം മോശമായതിനാലാണ് ഈ വിവാഹാലോചന വേണ്ടെന്ന് വച്ചതെന്ന് ഗുരുപ്രിയ വെളിപ്പെടുത്തി. അന്നുമുതല്‍ പ്രതികള്‍ക്ക് വിരോധം ഉണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.

രാത്രിയില്‍ അതിഥികളെല്ലാം പോയെന്ന് ഉറപ്പാക്കിയ ശേഷമാണ് പ്രതികളെത്തിയത്. അവർ വധുവിനെ നിലത്തിട്ട് മര്‍ദിച്ചു. കൊല്ലപ്പെട്ട രാജുവും ഭാര്യയും പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിക്കുന്നതിനിടെ രാജുവിനെ മണ്‍വെട്ടി കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നുവെന്നും ഗുരുപ്രിയ വ്യക്തമാക്കി. വിവാഹ വീട്ടിലെ ബഹളം കേട്ടാണ് താനും അച്ഛനും ഓടിയെത്തിയതെന്നും അച്ഛൻ്റെ തലയ്ക്കും മണ്‍വെട്ടി കൊണ്ട് അടിച്ചുവെന്നും പെണ്‍കുട്ടി പറയുന്നു.

”എല്ലാവരും വീട്ടിൽ നിന്ന് പോയെന്ന് ഉറപ്പാക്കിയ ശേഷമാണ് അവർ വന്നത്. 12 മണിയോടെ ഞങ്ങൾ ഇവിടെ വന്ന് ലൈറ്റ് ഓഫ് ചെയ്‌തു കിടന്നിരുന്നു. അപ്പോഴാണ് കല്യാണ വീട്ടിൽനിന്ന് ബഹളം കേട്ടത്. എന്തൊക്കെയോ പെറുക്കി അടിക്കുന്നതും മാമിയുടെ കരച്ചിലുമെല്ലാം കേട്ടാണ് അച്ഛനെയും കൂട്ടി അവിടേക്ക് ഓടിച്ചെന്നത്” – ഗുരുപ്രിയ മാധ്യമങ്ങളോട് പറഞ്ഞു.

”ഞങ്ങൾ ഓടിച്ചെല്ലുമ്പോൾ മാമനെ അടിക്കുന്നതാണ് കാണുന്നത്. കല്യാണപ്പെണ്ണിനെ നിലത്തിട്ട് ചവിട്ടുന്നുണ്ടായിരുന്നു. അവളെ ദേഹോപദ്രവം ചെയ്യുന്നതുകണ്ട് അച്ഛനും അമ്മയും പിടിച്ചു മാറ്റാൻ ശ്രമിക്കുകയായിരുന്നു. അപ്പോൾ അവരെയും അടിച്ചു. ഇവിടെനിന്ന് ഒറ്റയെണ്ണത്തിനെ വെറുതെ വിടില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തടയാൻ ചെന്ന എൻ്റെ അച്ഛൻ്റെ തലയ്ക്കും അവർ മൺവെട്ടിയുടെ കൈകൊണ്ട് അടിച്ചു. ഇതുകണ്ട് അവിടേക്കു വന്ന മാമൻ്റെ തലയ്ക്ക് അവർ മൺവെട്ടികൊണ്ട് അടിച്ചു വീഴ്ത്തി” – ഗുരുപ്രിയ പറഞ്ഞു.

വിവാഹത്തിന് മുന്നോടിയായി വീട്ടിൽ ചൊവാഴ്‌ച വിരുന്നുണ്ടായിരുന്നു. രാത്രി ഒമ്പതരയോടെ ഇവിടുത്തെ തിരക്കൊഴിഞ്ഞു തുടങ്ങി. പത്തരയോടെ എല്ലാവരും തന്നെ പോയിരുന്നു. ഇതിനിടെ ഇളയ മകൻ ശ്രീഹരി വിവാഹം നടക്കേണ്ട ശിവഗിരിയിലേക്ക് പോയി. ഈ സമയത്താണ് ജിഷ്‌ണുവും സംഘവും വീട്ടിലെത്തിയത്. ഈ സമയം വിരുന്നിൻ്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമത്തിലായിരുന്നു രാജു. സ്ഥലത്തെത്തിയ ജിഷ്‌ണുവും സംഘവും രാജുവുമായി വാക്കേറ്റമുണ്ടായി.

ഇതിനിടെ രാജുവിൻ്റെ മകൾ ശ്രീലക്ഷ്‌മിയെ അക്രമി സംഘം മർദിച്ചു. ഇതുതടയാൻ ശ്രമിക്കുന്നതിനിടെയാണ് രാജുവിനെയും ഭാര്യ ജയയെയും ആക്രമിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ രാജുവിൻ്റെ സഹോദരീഭർത്താവ് കൂടിയായ ദേവദത്തൻ തടയാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തെയും അവർ ആക്രമിച്ചു. ദേവദത്തൻ്റെയും തലയ്ക്കു പരുക്കേറ്റിട്ടുണ്ട്.

സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജുവിനെ ആക്രമിക്കുന്നത് ചെറുത്ത മൂന്ന് ബന്ധുക്കൾക്കും പരുക്കേറ്റു. രാജുവിൻ്റെ ഭാര്യ ജയ ആശാവർക്കറാണ്. കാൽനൂറ്റാണ്ടോളം കാലം വിദേശത്തായിരുന്നു രാജു. പ്രവാസം അവസാനിപ്പിച്ച ശേഷം വടശേരിക്കോണത്ത് ഓട്ടോ ഓടിക്കുകയായിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest