Trending News





ഹാങ്ചോ: ഏഷ്യൻ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമില്‍ അംഗമായതിൻ്റെ അഭിമാനത്തില്‍ മലയാളി താരം മിന്നു മണി. സെമിയിലും ഫൈനലിലും കളിക്കാനാവാത്തതില്‍ നിരാശയില്ലെന്നും ടീമിൻ്റെ ഭാഗമായതില്‍ തന്നെ സന്തോഷമുണ്ടെന്നും താരം പ്രതികരിച്ചു. ഏഷ്യൻ ഗെയിംസില്‍ മലേഷ്യക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ മാത്രമാണ് മിന്നു മണി കളിച്ചത്. എന്നാല്‍, ബൗളിങ്ങിനും ബാറ്റിങ്ങിനും അവസരം ലഭിച്ചിരുന്നില്ല. ഇന്ത്യൻ ടീം ബാറ്റ് ചെയ്‌തതിന് പിന്നാലെ മഴ കാരണം കളി മുടങ്ങുകയായിരുന്നു.
Also Read
”ടീം സ്വര്‍ണം നേടിയതില്‍ വളരെയധികം സന്തോഷമുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് വെള്ളിയാണ് ലഭിച്ചത്. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റില്‍ സ്വര്‍ണം നേടണമെന്നത് ടീമിൻ്റെ ആഗ്രഹമായിരുന്നു, അത് സാധിച്ചു. ചൈനയിലെത്തിയപ്പോള്‍ ടീമിലുള്ള എല്ലാവരുമായും സൗഹൃദം ഉണ്ടാക്കാൻ സാധിച്ചു. സെമിയിലും ഫൈനലിലും കളിക്കാനാവാത്തതില്‍ നിരാശയില്ല. കാരണം നമ്മളും ടീമിൻ്റെ ഭാഗമാണ്. ഞങ്ങളുടെ കൂടി സഹായത്തോടെയാണ് മറ്റു താരങ്ങള്‍ ഗ്രൗണ്ടില്‍ ഇറങ്ങി കളിക്കുന്നത്. ടീമിൻ്റെ ഭാഗമായതില്‍ തന്നെ സന്തോഷമുണ്ട്”- മിന്നു മണി പ്രതികരിച്ചു.

ബംഗ്ലാദേശ് പര്യടനത്തിനുള്ള ഇന്ത്യൻ വനിത ട്വന്റി 20 ക്രിക്കറ്റ് ടീമിലാണ് ആള്‍റൗണ്ടറായ മിന്നു ആദ്യം ഇടംപിടിച്ചത്. ഇതോടെ കേരളത്തില്‍ നിന്ന് ഇന്ത്യൻ സീനിയര്‍ ടീമിലെത്തുന്ന ആദ്യ വനിത താരമെന്ന നേട്ടം മിന്നു സ്വന്തമാക്കിയിരുന്നു. നേരത്തെ, ഇന്ത്യ എ ടീമിൻ്റെ ഭാഗമായിരുന്നു. ഇടംകൈയന്‍ ബാറ്ററും സ്‌പിന്നറുമായ മിന്നു വയനാട് മാനന്തവാടി ഒണ്ടയങ്ങാടി സ്വദേശിയാണ്. പ്രഥമ വനിത ഐ.പി.എല്ലില്‍ ഡല്‍ഹി കാപിറ്റല്‍സ് താരമായിരുന്നു. പതിനാറാം വയസ്സില്‍ കേരള ക്രിക്കറ്റ് ടീമിലെത്തിയ താരം പത്ത് വര്‍ഷമായി ടീമില്‍ സ്ഥിരാംഗമാണ്. 2019ല്‍ ബംഗ്ലാദേശില്‍ പര്യടനം നടത്തിയ ഇന്ത്യൻ എ ടീമില്‍ അംഗമായിരുന്നു. ഏഷ്യാകപ്പ് ജൂനിയര്‍ ചാമ്ബ്യൻഷിപ്പിലും കളത്തിലിറങ്ങി.
ഏഷ്യൻ ഗെയിംസ് ഫൈനലില്‍ ശ്രീലങ്കയെ 19 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ രണ്ടാം സ്വര്‍ണം നേടിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. എന്നാല്‍, ബൗളര്‍മാര്‍ ശ്രീലങ്കയെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സിലൊതുക്കി. ഇന്ത്യക്കായി ഓപണര്‍ സ്‌മൃതി മന്ഥാന 45 പന്തില്‍ 46 റണ്‍സെടുത്ത് ടോപ് സ്കോററായപ്പോള്‍ ജമീമ റോഡ്രിഗസ് 40 പന്തില്‍ 42 റണ്‍സെടുത്തു. മറ്റൊരാള്‍ക്കും രണ്ടക്കം കടക്കാനായില്ല. ഷെഫാലി വര്‍മ (9), റിച്ച ഘോഷ് (9), ക്യാപ്റ്റൻ ഹര്‍മൻപ്രീത് കൗര്‍ (2), പൂജ വസ്ത്രകാര്‍ (2), അമൻജോത് കൗര്‍ (1), ദീപ്‌തി ശര്‍മ (1) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റര്‍മാരുടെ സംഭാവന. ശ്രീലങ്കക്കായി ഉദേഷിക പ്രബോധനി, സുഗന്ധിക കുമാരി, ഇനോക രണവീര എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.
താരതമ്യേന കുറഞ്ഞ വിജയ ലക്ഷ്യത്തിലേക്ക് ഇറങ്ങിയ ശ്രീലങ്കയെ ഇന്ത്യൻ ബൗളര്‍മാര്‍ വരിഞ്ഞു മുറുക്കുകയായിരുന്നു. 25 റണ്‍സെടുത്ത ഹസിനി പെരേരയാണ് അവരുടെ ടോപ് സ്കോറര്‍. നിലാക്ഷി ഡിസില്‍വ 23ഉം ഒഷാദി രണസിംഗെ 19ഉം റണ്‍സെടുത്തു. ഇന്ത്യക്കായി ടിറ്റസ് സധു മൂന്നും രാജേശ്വരി ഗേയ്ക്ക് വാദ് രണ്ടും വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ദീപ്‌തി ശര്‍മ, പൂജ വസ്ത്രകാര്‍, ദേവിക വൈദ്യ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.


ധാരണാപത്രത്തിൽ ഒപ്പ് വെച്ചു; കാസർകോട് സി.എച്ച് സെൻ്റർ അതിവേഗം മുന്നോട്ട് / Kasaragod CH Centre

പാവപ്പെട്ട രോഗികൾക്ക് ആശ്വസിക്കാം; ഹെൽത്ത് കാർഡ് പദ്ധതിയുമായി കാസർകോട് സി.എച്ച് സെൻ്റർ / CH Centre

ബസ് മറിഞ്ഞു; മൈസൂരുവില്‍നിന്നും വിനോദയാത്രയ്ക്കെത്തിയവരാണ് അപകടത്തിൽപെട്ടത്