Categories
അത്തം പിറന്നു; ഓണനാളുകളിലേക്ക് മലയാളികൾ, തോവാള ഗ്രാമം ഉത്സവ ലഹരിയില്‍, സജീവമായി പൂക്കൾ വിപണി
അത്തം മുതൽ പത്ത് ദിവസം പൂക്കളമൊരുക്കുന്നതിന് ചില പ്രത്യേകതകളുമുണ്ട്.
Trending News
അത്തം പിറന്നതോടെ തിരുവോണത്തിന് ഇനി പത്ത് നാൾ കാത്തരിപ്പ്. പൂവിളികളോടെ മലയാളികൾ ഇന്നുമുതൽ പൂക്കളമിട്ട് ഓണനാളുകളിലേക്ക് കടക്കുകയാണ്. ഓണാഘോഷത്തിന് ഔദ്യോഗിക തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്തച്ചമയവും ഇന്നാണ്.
Also Read
രാവിലെ ഒമ്പത് മണിയോടെ തിരുവനന്തപുരം ഗവൺമെണ്ട് ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ അത്തച്ചമയ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്‌തു. മന്ത്രി പി.രാജീവ് അത്തപ്പതാക ഉയർത്തി. നടൻ മമ്മൂട്ടിയാണ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്‌തത്. നിശ്ചല ദൃശ്യങ്ങളും വാദ്യമേളങ്ങളും അണിനിരക്കുന്ന വർണശബളമായ ഘോഷയാത്ര രാജനഗരിയെ വലംവെച്ചു.
രാവിലെ 10 മുതൽ സിയോൺ ഓഡിറ്റോറിയത്തിൽ പൂക്കളമത്സരവും മൂന്നുമുതൽ പൂക്കള പ്രദർശനവും നടന്ന്. വൈകിട്ട് ലായം കൂത്തമ്പലത്തിൽ തിരുവോണം വരെയുള്ള കലാസന്ധ്യക്കും തുടക്കമായി. ഇത്തവണത്തെ അത്തച്ചമയ ഘോഷയാത്ര പൂർണമായും ഹരിത പ്രോട്ടോകോൾ പാലിച്ചാണ് നടപ്പാക്കിയത്.
അത്തം പത്തിന് പൊന്നോണം എന്നാണ് ചൊല്ല്. മലയാളികൾ പൊന്നോണത്തെ വരവേൽക്കാൻ മുറ്റത്ത് പൂക്കളമിട്ട് തുടങ്ങി. അത്തം മുതൽ പത്ത് ദിവസം പൂക്കളമൊരുക്കുന്നതിന് ചില പ്രത്യേകതകളുമുണ്ട്.
അത്തം നാളിൽ ചെറിയ വലുപ്പത്തിൽ ഒരു ലെയറിലാണ് പൂക്കളമിടുക. ചിത്തിര നാളിൽ പ്രാധാന്യം വെളുത്ത പൂക്കൾക്കാണ്. രണ്ട് ലെയറായി പൂക്കളമൊരുക്കും. ചോതി നാളിൽ മൂന്ന് ലെയറിൽ ഒരുക്കും. വൃത്താകൃതിയിൽ നാല് ലെയറിൽ പല വർണങ്ങളിൽ പൂക്കൾ ഇടകലർത്തിയാണ് വിശാഖം നാളിൽ പൂക്കളമൊരുക്കുക.
അനിഴത്തിന് അഞ്ച് ലെയറിൽ അഞ്ച് നിറത്തിലുള്ള പൂക്കൾ കൊണ്ട് പൂക്കളമൊരുക്കും. തൃക്കേട്ടയിൽ ആറ് ലെയറിൽ ആറ് നിറങ്ങളിലുള്ള പൂക്കൾ കൊണ്ട് പൂക്കളമൊരുക്കാം. മൂലം നാളിൽ ഏഴ് ലെയറിൽ ചതുരാകൃതിയിലാണ് പൂക്കളമൊരുക്കേണ്ടത്. പൂരാടമെത്തുമ്പോൾ മറ്റ് ദിവസങ്ങളിലെ പൂക്കളങ്ങളേക്കാൾ വലുതായിരിക്കണം പൂക്കളം. എട്ട് ലെയറിൽ പൂക്കളമൊരുക്കും.
തിരുവോണത്തിന് തലേനാൾ ഉത്രാടത്തിന് പൂക്കളവും അതുപോലെ ഗംഭീരമായിരിക്കണം. ഒമ്പത് ലെയറിൽ സമൃദ്ധമായ പൂക്കളമാണ് മലയാളികൾ ഒരുക്കുക. പത്ത് ലെയറിൽ പലവിധ പൂക്കളാൽ തിരുവോണത്തിന് പൂക്കളമൊരുക്കുമ്പോൾ പ്രധാനം തുമ്പപ്പൂവ് തന്നെയായിരിക്കണം.
തോവാള ഗ്രാമം പൂമാർക്കറ്റാണ്
അത്തമെത്തിയതോടെ തിരുവിതാംകൂറിൻ്റെ പൂക്കട എന്നറിയപ്പെടുന്ന തോവാള ഗ്രാമം ഉത്സവലഹരിയായി. ചിങ്ങമാസം തുടങ്ങിയത് മുതൽ തോവാളയിൽ പൂക്കള്‍ കൊണ്ട് നിറഞ്ഞു. പുലർച്ചെ നാലുമണി മുതൽ തന്നെ പൂവിപണി തുടങ്ങുന്നു. ബെംഗളൂരു, ദിൻഡിഗൽ എന്നീ സ്ഥലങ്ങളിൽ നിന്നാണ് തോവാളയിൽ പൂക്കളെത്തുന്നത്. മുല്ല, ജമന്തി, പിച്ചി, വാടാമല്ലി, റോസ്, താമര തുടങ്ങിയ പൂക്കളാണ് തോവാളയിൽ അധികം വിറ്റ് പോകുന്നത്.
പഴയ തിരുവിതാംകൂറിലെ ഭാഗമാണ് ഈ പൂഗ്രാമം. തോവാള ചന്തയ്ക്ക് 100 വർഷത്തിലേറെ പഴക്കമുണ്ട്. കേരളത്തിലെ മിക്ക ജില്ലകളിൽ നിന്നും ഇവിടെ പൂ വാങ്ങാൻ കച്ചവടക്കാരെത്തുന്നുണ്ട്. തിരുവിതാംകൂർ രാജാക്കന്മാരാണ് ഇവിടത്തെ പൂക്കൾ കൃഷിക്കായി സഹായം ചെയ്‌തത്. പ്രത്യേക സാഹചര്യം മനസ്സിലാക്കി സൗകര്യങ്ങൾ ചെയ്‌തു കൊടുക്കാൻ അന്നത്തെ ദിവാൻ രാമയ്യൻ ദളവയ്ക്ക് നിർദ്ദേശം നൽകി. അങ്ങനെയാണ് ഇവിടെ പൂഗ്രാമം ഉണ്ടാകുന്നത്.
അയിത്തം നിലനിന്ന കാലം പൂക്കൾ വാങ്ങാൻ ആരും എത്തിയിരുന്നില്ല. ഈ സ്ഥിതി മനസ്സിലാക്കിയ രാജാവ് പത്മനാഭപുരം കൊട്ടാരത്തിലേക്കും പത്മനാഭസ്വാമി ക്ഷേത്രത്തിലേക്കും പൂക്കൾ തോവാളയിൽ നിന്ന് എത്തിക്കാൻ ഉത്തരവിട്ടു. അതോടെ പൂക്കളോടുള്ള അയിത്തം മാറി. രാജഭരണകാലം വരെയും പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ഇവിടെ നിന്നാണ് പൂക്കൾ എത്തിച്ചിരുന്നത്.
കാലം മാറിയപ്പോൾ തോവാളയും മാറി പൂക്കൾ കൃഷി വ്യാപകമായി. ഇന്ന് ലോകത്തിൽ അറിയപ്പെടുന്ന പൂമാർക്കറ്റാണ് തോവാള ഗ്രാമം. രാത്രിയും പുലർച്ചെയും പൂക്കളെ കൊണ്ട് നിറഞ്ഞ വണ്ടികളാണ് ഇതുവഴി കടന്നുപോകുന്നത്. ആധുനിക സൗകര്യങ്ങളോടെ സ്ഥാപിച്ച ചന്തയിൽ വന്ന് വിലപേശി പൂക്കൾ വാങ്ങുന്നവരും നിരവധിയാണ്.
തോവാളയിൽ ദിവസവും 10 ടൺ വരെയാണ് പൂക്കൾ വിൽക്കുന്നത്. എന്നാൽ ഓണത്തിന് 15 ടണ്ണിൽ ഏറെയാണ് കച്ചവടം. വിദേശ രാജ്യങ്ങളിൽ വരെ പൂക്കൾ പോകുന്നതും തോവാളയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളം വഴിയാണ്. ധാരാളം മലയാളികൾ പൂക്കൾ വാങ്ങാൻ എത്തുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. ഇപ്പോഴത്തെ പൂക്കളുടെ വില: താമര ഒരെണ്ണം: 10 രൂപ, ജമന്തി: കിലോ 300 രൂപ, വാടാമല്ലി: കിലോ 150 രൂപ, റോസ്: കിലോ 200 രൂപ, അരളി: കിലോ 250 രൂപ എന്നിങ്ങനെയാണ്.
Sorry, there was a YouTube error.