Categories
entertainment Kerala news

തിരുവോണം; പൂക്കളവും പുലിക്കളിയുമായി ഓണാഘോഷത്തിൽ മലയാളികൾ

അളന്നുതൂക്കാത്ത സ്നേഹത്തിൻ്റെ ആവേശമാണ് നാടെങ്ങും

മലയാളത്തിന് തിരുവോണം. മാനുഷരെല്ലാരും ഒന്നുപോലെ സന്തോഷിച്ച കാലത്തിൻ്റെ ഓർമ്മദിവസം. സമൃദ്ധവും സുന്ദരവുമായ ആ കാലത്തെ ഒരുത്സവമായി ആഘോഷിക്കുന്നു. എല്ലാ മലയാളികൾക്കും ഓണാശംസകൾ.

ലോകത്തൊരിടത്തുമില്ല ഇങ്ങനെയൊരുത്സവം. എല്ലാവരുമൊന്നെന്ന സമഭാവനയുടെ ആഘോഷം. ഉള്ളവനും ഇല്ലാത്തവനുമെന്നോ വലിയവനും ചെറിയവനുമെന്നോ നേതാവും അനുയായിയുമെന്നോ മുതലാളിയും തൊഴിലാളിയുമെന്നോ ഭേദമില്ലാത്ത ഒരു കാലത്തെ പുനരവതരിപ്പിക്കുമ്പോൾ ഏത് പ്രായക്കാരും കുട്ടികളെപ്പോലെ ആനന്ദിക്കുന്ന ദിനം. എല്ലാം നല്ലതാകുമ്പോളുള്ള ആനന്ദം. മനസ് ശുദ്ധമാകുമ്പോഴുള്ള ആമോദം. കള്ളപ്പറയും ചെറുനാഴിയുമില്ല. അളന്നുതൂക്കാത്ത സ്നേഹത്തിൻ്റെ ആവേശമാണ് നാടെങ്ങും. പൂക്കളുടെയും പുടവകളുടെയും ഉത്സവത്തിന് പൂമ്പാറ്റകളെ പോലെയാണ് മനസ്സുകൾ.

ജാതിയോ മതമോ ദേശമോ വേഷമോ ജീവിതാവസ്ഥയോ ഒന്നും ആരെയും വേറിട്ടതാക്കുന്നില്ല. ആരും ചെറുതല്ലെന്ന ചെറുതല്ലാത്ത സന്ദേശം നാടിൻ്റെ ആഘോഷമായി മാറുമ്പോൾ ലോകത്തേക്കാൾ വലുതാകുന്നുണ്ട് ഈ കൊച്ചു കേരളം.

കേരളത്തിലെ ഏക വാമന ക്ഷേത്രമായ തൃക്കാക്കരയിൽ പതിവ് തെറ്റിക്കാതെ വിപുലമായ രീതിയിലാണ് ഓണാഘോഷം. ഓണം പ്രമാണിച്ചുള്ള ചടങ്ങുകൾ പുലർച്ചെ തന്നെ ആരംഭിച്ചു. പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തിയ മഹാബലിയെ വാമനൻ സ്വീകരിച്ചു ആനയിക്കുന്ന ചടങ്ങ് നടന്നു. പ്രസിദ്ധമായ തിരുവോണ സദ്യയും ഇന്നാണ്.

തിരുവോണനാളിൽ ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ഓണത്തിനായി നട തുറന്ന ശബരിമലയിലും ഭക്തരുടെ തിരക്കിലാണ്. പൂജകൾ പൂർത്തിയാക്കിയ ശേഷം ഈ മാസം 31ന് രാത്രി 10ന് നട അടയ്ക്കും.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest