Categories
channelrb special Kerala news

കിടക്കയിൽ മൂത്രമൊഴിച്ച ദേഷ്യം; രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു; മൂന്ന് ആയമാർ പിടിയിൽ

തിരുവനന്തപുരം: കുഞ്ഞിനോട് ക്രൂരത കാണിച്ച ആയമാർ അറസ്റ്റിൽ. തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയിൽ രണ്ടര വയസ്സുകാരിയുടെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. ആയമാരായ അജിത, മഹേശ്വരി, സിന്ധു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി പോലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. ആയമാർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചു വച്ചതിനുമാണ് കേസ്. അജിത എന്ന ആയയാണ് കുഞ്ഞിനെ മുറിവേൽപ്പിച്ചതെങ്കിലും മറ്റ് രണ്ടുപേർ കാര്യങ്ങൾ അറിഞ്ഞിട്ടും മറച്ചുവെച്ചെന്നാണ് വിവരം.

ശിശുക്ഷേമ സമിതിയിൽ 103 ആയമാരാണ് ഉള്ളത്. ഈ ആയമാരെല്ലാം കരാർ ജീവനക്കാരാണ്. പ്രതികളായ മൂന്ന് പേരും വർഷങ്ങളായി ഇവിടെ ജോലി ചെയ്യുന്നവരാണ്. സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ട ഉടൻ വിവരം ശിശുക്ഷേമ സമിതി പോലീസിന് കൈമാറിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് പ്രതികൾ പിടിയിലായത്. അമ്മ മരിച്ചതിന് പിന്നാലെ അച്ഛനും ജീവനൊടുക്കിയതോടെയാണ് അഞ്ച് വയസുകാരിയെയും രണ്ടര വയസുകാരിയെയും ശിശുക്ഷേമ സമിതിയിൽ എത്തിച്ചത്. രണ്ടര വയസുകാരി സ്ഥിരമായി കിടക്കയിൽ മൂത്രമൊഴിക്കാറുണ്ട്. ഇതിൻ്റെ പേരിൽ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ശരീരത്തിൽ നഖം പതിപ്പിച്ച് നുള്ളി മുറിവേൽപ്പിച്ച പാടുകളും ഉള്ളതായാണ് വിവരം. ഈ മൂന്ന് ആയമാർ അല്ലാതെ നാലാമതൊരാൾ കുട്ടിയെ പരിചരിച്ചപ്പോഴാണ് കുട്ടിയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയത്. സംഭവം മേലുദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തി അവർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest