Trending News
പാലക്കാട്: മഹിളാമോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ശരണ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ബി.ജെ.പി മുൻ ബൂത്ത് പ്രസിഡണ്ട് കാളിപ്പാറ സ്വദേശി പ്രജീവിനെ പാലക്കാട് നോർത്ത് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. ശരണ്യയുടെ ആത്മഹത്യാ കുറിപ്പിൽ പ്രജീവാണ് മരണത്തിന് ഉത്തരവാദിയെന്ന് വ്യക്തമാക്കിയിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
Also Read
പ്രജീവിൻ്റെ ഫോണിലെ കോൾ ലിസ്റ്റ് കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. തനിക്ക് ശരണ്യയുമായി നല്ല സൗഹൃദമായിരുന്നുവെന്ന് പ്രജീവ് പറഞ്ഞു. അതേസമയം, അറസ്റ്റിലാവുന്നതിന് തൊട്ടുമുമ്പ് പ്രജീവ് ചിത്രീകരിച്ച വിഡിയോയും പുറത്തുവന്നു. പാലക്കാട്ടെ പരിപാടിക്ക് ആളില്ലാത്തതിനാൽ ബി.ജെ.പി നേതാക്കൾ ശകാരിച്ചതായി ശരണ്യ തന്നോട് പറഞ്ഞുവെന്ന് വിഡിയോയിൽ പ്രജീവ് പറയുന്നു.
നേതാക്കളുടെ നിർദേശമില്ലാതെ ആളെ വിട്ടു നൽകാൻ കഴിയില്ലെന്ന് ശരണ്യയെ അറിയിച്ചു. മരിച്ച ഒരാളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കരുതെന്നും തെറ്റുകാർ ആരാണെന്ന് ഉടൻ അറിയുമെന്നും പ്രജിവ് വീഡിയോയിൽ പറയുന്നുണ്ട്.
ജൂലൈ 10ന് വൈകിട്ട് 4നാണ് സി.എൻ പുരം നടുവക്കാട്ടുപാളയത്ത് രമേഷിൻ്റെ ഭാര്യ ശരണ്യയെ മാട്ടുമന്തയിലെ വാടക വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ശരണ്യയുടെ ആത്മഹത്യാ കുറിപ്പിൽ രണ്ടുപേരുടെ പങ്ക് വ്യക്തമാക്കിയിട്ടുണ്ടെന്നും ഇക്കാര്യം വ്യക്തമായി അന്വേഷിക്കണമെന്നും ശരണ്യയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
പ്രജീവിനെ വീഡിയോ കോളിൽ വിളിച്ചാണ് ശരണ്യ ആത്മഹത്യ ചെയ്തതെന്നും പലരേയും മരണവിവരം അറിയിച്ചത് പ്രജീവാണെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. ശരണ്യയുടെ ആത്മഹത്യാ കുറിപ്പിൽ പ്രജീവ് തന്നെ കുറ്റക്കാരി ആക്കിയെന്നും ഇതാണ് ജീവനൊടുക്കാൻ കാരണമെന്നും പറയുന്നു. വീട്ടിൽ നിന്ന് ശരണ്യയുടെ അഞ്ച് പേജുള്ള ആത്മഹത്യാക്കുറിപ്പ് ലഭിച്ചിരുന്നു.
കുറിപ്പിൽ ബി.ജെ.പി പ്രാദേശിക നേതാവ് പ്രജീവാണ് ആത്മഹത്യക്ക് കാരണമെന്നാണ് വ്യക്തമാക്കുന്നത്. പ്രജീവുമായി അടുപ്പത്തിലായിരുന്നുവെന്നും ഒടുവിൽ തന്നെ മാത്രം കുറ്റക്കാരിയാക്കിയെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. തുടർന്നാണ് ബന്ധുക്കൾ റെയിൽവേ ജീവനക്കാരനായ പ്രജീവിനെതിരെ പൊലീസിൽ പരാതി നൽകിയത്.
അതേസമയം, പ്രജീവിന് പാർട്ടിയിൽ ഔദ്യോഗിക സ്ഥാനങ്ങളൊന്നും ഇല്ലെന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കി. കേസിൽ കഴിഞ്ഞ ദിവസം പ്രജീവിൽ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു.
Sorry, there was a YouTube error.