Categories
Kerala news

മഹേഷ് വിവാഹസമയത്ത് 101 പവനും പണവും വാങ്ങി; വിദ്യയുടെ മരണശേഷം വീട്ടുകാര്‍ നക്ഷത്രയുടെ പേരില്‍ ഫിക്‌സഡ് ഡെപ്പോസിറ്റിട്ടു, നിര്‍ണായക വിവരങ്ങള്‍ പുറത്ത്

മകളെ താൻ വളര്‍ത്താമെന്ന് ശാഠ്യം പിടിച്ചു

ആലപ്പുഴ: മാവേലിക്കരയില്‍ ക്രൂരമായി കൊല്ലപ്പെട്ട നക്ഷത്രയുടെ മാതാവ് വിദ്യയുടെ മരണവും കൊലപാതകമാണെന്ന് മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചു. 2019 ജൂണ്‍ നാലിന് രാത്രിയിലാണ് വിദ്യയെ ഭര്‍ത്താവും നക്ഷത്രയെ കൊലപ്പെടുത്തിയ പ്രതിയുമായ ശ്രീമഹേഷിൻ്റെ മാവേലിക്കര പുന്നമൂട്ടിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദ്യയുടെ മുഖത്ത് അടിയേറ്റ പാടുകളുണ്ടായിരുന്നെന്നും ബന്ധുക്കള്‍ ആരോപിച്ചു.

പലചരക്ക് വ്യാപാരിയായ പത്തിയൂര്‍ വില്ലേജ് ഓഫീസിന് സമീപം തൃക്കാര്‍ത്തികയില്‍ ലക്ഷ്മണൻ്റെയും വീട്ടമ്മയായ രാജശ്രീയുടെയും രണ്ട് മക്കളില്‍ ഇളയവളായിരുന്നു വിദ്യ. 2013 ഒക്ടോബര്‍ 17നായിരുന്നു വിദ്യയും ശ്രീമഹേഷുമായുള്ള വിവാഹം. ഗള്‍ഫില്‍ നെഴ്‌സ് ആണെന്ന് പറഞ്ഞാണ് ശ്രീമഹേഷ്, ബി.എസ്‌.സി ബി.എഡുകാരിയായ വിദ്യയെ വിവാഹം ചെയ്‌തത്. 101 പവനും പണവുമുള്‍പ്പെടെ സ്ത്രീധനവും വാങ്ങി. തുടര്‍ന്ന് ഗള്‍ഫില്‍ പോയ ശ്രീമഹേഷ് ഒരുവ‌ര്‍ഷത്തിനകം തിരിച്ചെത്തി.

പിതാവിൻ്റെ ആശ്രിത പെൻഷനില്‍ കഴിഞ്ഞ ശ്രീമഹേഷ് മദ്യപാനിയായിരുന്നു. മദ്യലഹരിയില്‍ വിദ്യയെ മര്‍ദ്ദിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പലപ്പോഴും ചികിത്സ തേടിയിരുന്നെങ്കിലും നാണക്കേട് ഭയന്ന് പരാതിപ്പെട്ടില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു. വിദ്യയുടെ മരണത്തില്‍ പുനഃരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കാനാണ് ഇവരുടെ തീരുമാനം.

അന്നും ആത്മഹത്യാ ശ്രമം

ലക്ഷ്മണൻ ഗള്‍ഫിലായിരുന്നപ്പോൾ ആണ് വിദ്യയെ കാണാനില്ലെന്ന് പറഞ്ഞ് പത്തിയൂരിലെ വീട്ടിലേക്ക് ശ്രീമഹേഷിൻ്റെ ബന്ധു വിളിച്ചത്. തുടര്‍ന്ന് രാജശ്രീ ബന്ധുവായ നിഥിനൊപ്പം ശ്രീമഹേഷിൻ്റെ വീട്ടിലെത്തിയപ്പോള്‍ അമ്മ സുനന്ദയെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. തുടര്‍ന്നുള്ള തെരച്ചിലിലാണ് അടുക്കളയോട് ചേര്‍ന്ന് വിദ്യ തൂങ്ങിനില്‍ക്കുന്നത് കണ്ടത്. കെട്ടഴിച്ച്‌ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെ ശ്രീമഹേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിന്തിരിപ്പിച്ചു. വിദ്യയുടെ മരണത്തെ തുടര്‍ന്നാണ് ലക്ഷ്മണൻ പ്രവാസ ജീവിതം അവസാനിപ്പിച്ചത്.

അമ്മയുടെ മരണശേഷം അന്ന് രണ്ടു വയസുണ്ടായിരുന്ന നക്ഷത്ര ആറുമാസത്തിലേറെ വിദ്യയുടെ വീട്ടിലായിരുന്നു. മകളെ കാണാൻ ശ്രീമഹേഷ് ഇടയ്‌ക്കിടെ വന്നിരുന്നു. വല്ലപ്പോഴും കൂട്ടിക്കൊണ്ട് പോകുകയും ചെയ്‌തിരുന്നു. പിന്നീട് മകളെ താൻ വളര്‍ത്താമെന്ന് ശാഠ്യം പിടിച്ചു. അതിനിടെ വിദ്യയുടെ സ്വര്‍ണം മാതാപിതാക്കള്‍ വിറ്റ് നക്ഷത്രയുടെ പേരില്‍ സ്ഥിരനിക്ഷേപം നടത്തി.

തനിക്ക് കടമുണ്ടെന്നും വീട് ജപ്‌തിയിലാണെന്നും പറഞ്ഞ് ഈ പണം വാങ്ങാൻ ശ്രീമഹേഷ് ശ്രമിച്ചെങ്കിലും വിദ്യയുടെ കുടുംബം വഴങ്ങിയിരുന്നില്ല. ഈ വൈരാഗ്യമാണ് നക്ഷത്രയുടെ കൊലപാതകത്തിൽ കലാശിച്ചതെന്നും കുടുംബം സംശയിക്കുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *