Categories
Kerala local news news trending

ലഹരി കടത്തിനെതിരെ മഹല്ല് കമ്മിറ്റി; വിവാഹവുമായി സഹകരിക്കില്ല, മഹല്ലില്‍ നിന്ന് പുറത്താക്കും, തീരുമാനത്തിന് വൻ സ്വീകാര്യത

നാലുപേരെ മഹല്ലിലെ പ്രാഥമികാ അംഗത്വത്തില്‍ നിന്ന് പുറത്താക്കി

കാഞ്ഞങ്ങാട് / കാസര്‍കോട്: ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ക്ക് മഹല്ല് കമ്മിറ്റിയുടെ മുന്നറിയിപ്പ്. പിടിക്കപ്പെടുന്ന യുവാക്കളുടെ വിവാഹവുമായി മഹല്ല് കമ്മിറ്റി സഹകരിക്കില്ല. മഹല്ല് കമ്മിറ്റിയില്‍ നിന്ന് പുറത്താക്കുകയും ചെയ്യും. പടന്നക്കാട് അന്‍സാറുല്‍ ഇസ്‍ലാം ജമാഅത്ത് കമ്മിറ്റിയാണ് ലഹരിക്കെതിരെ ശക്​തമായ നിലപാടുമായി രംഗത്തുവന്നത്.

മനുഷ്യരാശിക്ക് തന്നെ ഭീഷണിയാവുന്ന വിധം ലഹരിക്കടത്ത് സജീവമായപ്പോഴാണ് മഹല്ല് കമ്മിറ്റിയുടെ നിര്‍ണായക ഇടപെടല്‍. 2018 മാര്‍ച്ച്‌ 28നാണ് ലഹരിക്കെതിരായ മഹല്ല് കമ്മിറ്റിയുടെ ആദ്യ തീരുമാനം. അന്ന് മഹല്ലിലെ രണ്ട് വ്യക്തികള്‍ക്കെതിരെ നടപടിയുമെടുത്തു. വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ലഹരി മാഫിയ സജീവമായതോടെ കഴിഞ്ഞ വെള്ളിയാഴ്‌ച നാലുപേരെ മഹല്ലിലെ പ്രാഥമികാ അംഗത്വത്തില്‍ നിന്ന് പുറത്താക്കി.

മയക്കുമരുന്നുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞതെന്നും ഇതോടെ ഐകകണ്ഠ്യേന നടപടിയെടുക്കുക ആയിരുന്നുവെന്നും പടന്നക്കാട് അന്‍സാറുല്‍ ഇസ്‍ലാം ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി പറഞ്ഞു. ഇതിനകം പത്തോളം പേര്‍ക്കെതിരെ നടപടിയെടുത്തു.

ലഹരിക്കടത്തുമായി ബന്ധപ്പെട്ട ഒരാളും മഹല്ല് കമ്മിറ്റിയില്‍ പാടില്ലെന്നാണ് തീരുമാനം. 580 വീടുകളാണ് കമ്മിറ്റിക്ക് കീഴിലുള്ളത്. അവിവാഹിതരായ ചെറുപ്പക്കാരാണ് പിടിക്കപ്പെടുന്നതെങ്കില്‍ ഇവരുടെ വിവാഹവുമായി മഹല്ല് കമ്മിറ്റി സഹകരിക്കില്ല. വധുവിൻ്റെ വീട്ടുകാര്‍ക്ക് മഹല്ല് കമ്മറ്റി ലഭ്യമാക്കുന്ന ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. മഹല്ലിൻ്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും എല്ലാ പരിപാടികളില്‍ നിന്നും മാറ്റിനിര്‍ത്തുകയും ചെയ്യും. ഇത്തരം വ്യക്തികള്‍ മരിച്ചാല്‍ ഖബറടക്കത്തിന് ശേഷമുള്ള ചടങ്ങുകളില്‍ നിന്നും വിട്ടുനില്‍ക്കും.

യുവാക്കള്‍ രാത്രി പത്തിനുശേഷം അകാരണമായി ടൗണുകളില്‍ കൂട്ടംകൂടി നില്‍ക്കുന്നതും വിലക്കി. കുട്ടികള്‍ രാത്രി വീട്ടില്‍ തിരിച്ചെത്തുന്നതും വൈകിയെത്തുന്നതുമെല്ലാം രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും മഹല്ല് കമ്മിറ്റി നിര്‍ദേശിച്ചു. മഹല്ല് കമ്മിറ്റിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് വിവിധ സംഘടനകള്‍ രംഗത്തുവന്നു. ഹൊസ്ദുർഗ് ഡിവൈ.എസ്.പി നേരിട്ടെത്തി കമ്മിറ്റിയംഗങ്ങളെ അനുമോദിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *