Categories
national news trending

വീരപ്പൻ വേട്ടയ്‌ക്കിടെ കൂട്ടബലാത്സംഗം; 215 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി

പുരുഷന്മാരെ ക്രൂരമായി തല്ലിച്ചതച്ച ഉദ്യോഗസ്ഥ സംഘം ഗ്രാമം മുഴുവൻ കൊള്ളയടിച്ചു

ചെന്നൈ: വീരപ്പൻ വേട്ടയുടെ പേരില്‍ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്‌ത കേസില്‍ 215 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് മദ്രാസ് ഹൈക്കോടതി. തടവുശിക്ഷ വിധിച്ച ധര്‍മപുരി പ്രിൻസിപ്പല്‍ സെഷൻസ് കോടതി ഉത്തരവിനെതിരെ ഉദ്യോഗസ്ഥര്‍ നല്‍കിയ അപ്പീല്‍ ജസ്റ്റിസ് വേല്‍മുരുകൻ തള്ളി. വച്ചാത്തി കൂട്ടബലാത്സംഗ കേസില്‍ 2011ലാണ് വിചാരണ കോടതി ശിക്ഷ വിധിച്ചത്.

1992ല്‍ വീരപ്പനെ പിടികൂടാൻ എത്തിയ ഉദ്യോഗസ്ഥര്‍ ഗോത്ര സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്‌തുവെന്നാണ് കേസ്. 18 ഗോത്രവര്‍ഗ്ഗ യുവതികളെയാണ് പോലീസ്- ഫോറസ്റ്റ്- റവന്യു ജീവനക്കാരടങ്ങുന്ന 269 ഓളം സര്‍ക്കാർ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.

100ലേറെ പുരുഷന്മാരെ ക്രൂരമായി തല്ലിച്ചതച്ച ഉദ്യോഗസ്ഥ സംഘം ഗ്രാമം മുഴുവൻ കൊള്ളയടിച്ചു. 126 ഫോറസ്റ്റ് ഉദ്യോഗസ്ഥരും 84 പൊലീസുകാരും അഞ്ചു റവന്യൂ ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നാണ് 2011 സെപ്റ്റംബറില്‍ സെഷൻസ് കോടതി കണ്ടെത്തിയത്. കേസിലെ 54 പേര്‍ ഇക്കാലയളവില്‍ മരിച്ചു പോയിരുന്നു.

പത്തുവര്‍ഷം വരെയുള്ള തടവുശിക്ഷയാണ് ഇവര്‍ക്ക് വിചാരണക്കോടതി വിധിച്ചത്. ഇതു ശരിവച്ച ഹൈക്കോടതി അതിക്രമത്തിന് ഇരയായവര്‍ക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇതില്‍ പകുതി ശിക്ഷിക്കപ്പെട്ടവരില്‍ നിന്ന് ഈടാക്കണമെന്നും ഉത്തരവിട്ടു.

സി.പി.ഐ (എം) പ്രവര്‍ത്തകരുടെ ഇടപെടലോടെയാണ് രാജ്യത്തെ തന്നെ നടുക്കിയ വച്ചാത്തി ആദിവാസി ഗ്രാമത്തില്‍ വനംവകുപ്പുകാരും പൊലീസും നടത്തിയ കൊടുംപീഡനവും ലോക്കപ്പ് മര്‍ദനവും പുറംലോകം അറിഞ്ഞത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest