Categories
channelrb special local news news

കനത്ത മഴയിൽ മധൂർ ക്ഷേത്രത്തിൽ വെള്ളം കയറി; ടൗണ്‍ ഹാള്‍ പരിസരത്തെ കുന്നിടിഞ്ഞു, വ്യാപാര സ്ഥാപനങ്ങൾ വെള്ളത്തിലായി

ജില്ലയിൽ എഴുപതോളം വീടുകൾ ഭാഗീകമായും നാല് വീടുകൾ പൂർണമായും തകർന്നു

മധുർ / കാസര്‍കോട്: മലബാറിലെ പ്രസിദ്ധമായ മധുർ മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രമുറ്റത്ത് കനത്ത മഴയിൽ വെള്ളം കയറി. മധുവാഹിനി പുഴയും കരകവിഞ്ഞു ഒഴുകയാണ്. ജില്ലയിൽ എഴുപതോളം വീടുകൾ ഭാഗീകമായും നാല് വീടുകൾ പൂർണമായും തകർന്നു. നിരവധി മരങ്ങൾ കടപുഴകി വീണു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

നഗരത്തിലെ മുനിസിപ്പല്‍ ടൗണ്‍ഹാള്‍ പരിസരത്ത് കെ.എസ് റാവു റോഡിലെ ഇരു വശത്തുമുള്ള നില്‍ക്കുന്ന കുന്നിൻ്റെ ഒരു ഭാഗം ശക്തമായ മഴയില്‍ ഇടിഞ്ഞു വീണു. അതുവഴി സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന സഹോദരങ്ങള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന വഴിയില്‍ ജീവന് ഭീഷണിയായി തകര്‍ന്ന് വീഴാന്‍ നില്‍ക്കുന്ന കുന്നുകള്‍ സുരക്ഷാ മതില്‍ കെട്ടി സംരക്ഷിക്കുകയോ താഴ്ത്തുകയോ ചെയ്യണമെന്ന് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ഇവിടെ നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ മഴയത്തും ഈ കുന്നിൻ്റെ ഒരുഭാഗം അടര്‍ന്ന് വീണ് ഇതുവഴി ഒട്ടോറിക്ഷയും ഡ്രൈവറും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

ദേശീയപാത നവീകരണ പ്രവൃത്തി പുരോഗമിക്കുന്ന ഹൊസങ്കടി ഭാഗത്തെ വ്യാപാരികള്‍ക്ക് വലിയ ദുരിതമാണ്. വെള്ളം കടന്നുപോകാന്‍ സംവിധാനം ഒരുക്കാത്തതിനാല്‍ മഴവെള്ളം കടകളിലേക്ക് കയറി. ഇരുപതോളം വ്യാപാര സ്ഥാപനങ്ങളിണ് വെള്ളം കെട്ടിനിൽക്കുന്നത്.

കാലവര്‍ഷ കെടുതിയില്‍ ജില്ലയില്‍ പരക്കെ നാശമാണ് ഉണ്ടായത്. തച്ചങ്ങാട്ട് ഗോപാലൻ്റെ വീട് ശക്തമായ കാറ്റില്‍ തെങ്ങ് വീണ് തകര്‍ന്നു. ഗോപാലൻ്റെ ഭാര്യ പ്രമീളക്ക് പരിക്കേറ്റു. ഒരു കുട്ടിക്ക് ഓട് തലയില്‍ വീണും പരിക്കേറ്റിട്ടുണ്ട്. പനയാലിലെ രത്നാകരൻ്റെ വീട് കാറ്റില്‍ തകര്‍ന്നു. പനയാലില്‍ രണ്ട് വീടുകളും നീലേശ്വരം പേരോലില്‍ ഒരു വീടും തകര്‍ന്നു. നീലേശ്വരം വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ ഒരു ഭാഗം മഴയില്‍ തകര്‍ന്നു. കാസര്‍കോട് എരുതുംകടവ് മുഹ്‌യുദ്ദീന്‍ ജുമാ മസ്‌ജിദിന് സമീപത്തെ മുഹമ്മദ് അസ്ലമിൻ്റെ വീടിൻ്റെ ചുറ്റുമതില്‍ കനത്ത മഴയില്‍ തകര്‍ന്നു. തീരപ്രദേശങ്ങളില്‍ രൂക്ഷമായ കടലാക്രമണം വീടുകള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്.

ചിത്താരി, പള്ളിക്കര, തൃക്കണ്ണാട് ഭാഗങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. തൃക്കണ്ണാട്, ചിറമ്മല്‍ കടപ്പുറത്ത് ശക്തമായ കടലാക്രമണത്തില്‍ രണ്ട് വീടുകളാണ് തകര്‍ന്നത്. നിരവധി തെങ്ങുകളും കടലെടുത്തു. ചിറമ്മലിലെ മുല്ല, രമണി എന്നിവരുടെ വീടുകളാണ് കടലെടുത്തത്. മുല്ലയുടെ വീടിൻ്റെ ഒരു ഭാഗം കഴിഞ്ഞ മഴക്കാലത്ത് തന്നെ കടലാക്രമണത്തില്‍ തകര്‍ന്നിരുന്നു. മുല്ലയും മക്കളും ചെറുമക്കളുമടക്കം 12ലധികം പേരാണ് ഇതേ വീട്ടില്‍ താമസിച്ചു വന്നിരുന്നത്. വീട് അപകടത്തിലാകുമെന്ന് ഉറപ്പായതോടെ റവന്യൂ വകുപ്പ് ഇടപെട്ട് ഇവരെയെല്ലാം ബേക്കല്‍ പൊലീസ് സ്റ്റേഷന് എതിര്‍വശത്തുള്ള പഞ്ചായത്ത് വക പകല്‍ വീട്ടിലേക്ക് മാറ്റിയിരുന്നു.

നെക്രാജെയില്‍ മണ്ണിടിഞ്ഞു വീണ് വീടിൻ്റെ ചുമര് തകര്‍ന്നു. നെക്രാജെ വട്ടക്കയം അബ്ദുല്ലയുടെ വീട്ടിലേക്കാണ് മണ്ണിടിഞ്ഞു വീണത്. വ്യാഴാഴ്‌ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. വീട്ടുകാര്‍ അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. മണ്ണ് വീട്ടിനത്ത് നിറഞ്ഞ നിലയിലാണ്. സംഭവമറിഞ്ഞ് നെക്രാജെ വില്ലേജ് ഓഫീസറും റവന്യൂ അധികൃതരും സ്ഥലം സന്ദര്‍ശിച്ചു.

ശക്തമായ മഴയില്‍ പുതിയകോട്ട ചര്‍ച്ചിൻ്റെ കോണ്‍ക്രിറ്റ് മതിലിൻ്റെ ഒരു ഭാഗം തകര്‍ന്ന് റോഡില്‍ വീണു. മറ്റൊരു ഭാഗം ഏതു നിമിഷവും വീഴാവുന്ന അവസ്ഥയില്‍ പുറത്തേക്കു തള്ളി നില്‍ക്കുകയാണ്. വൈദ്യുതി തൂണുകളും പൊട്ടിവീണു. കള്ളാര്‍- ചുള്ളിത്തട്ട് റോഡില്‍ മണ്ണിടിഞ്ഞുവീണു. ജില്ലയിൽ കനത്ത ജാഗ്രതാ നിർദേശമാണ് അധികൃതർ നൽകിയിട്ടുള്ളത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *