Categories
Kerala news

അട്ടപ്പാടി മധു കൊലക്കേസ്; എല്ലാ പ്രതികളുടെയും ജാമ്യം കോടതി റദ്ദാക്കി, 12 പേരും റിമാൻണ്ടിൽ

ഏഴുപേർ കോടതിയിൽ നേരത്തെ നൽകിയ രഹസ്യമൊഴി തിരുത്തിയവരാണ്

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിൽ എല്ലാ പ്രതികളുടെയും ജാമ്യം റദ്ദാക്കി. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനാണ് നടപടി. മണ്ണാർക്കാട് എസ്.സി -എസ്.ടി കോടതിയുടേതാണ് ഉത്തരവ്. ഇതോടെ കേസിലെ 12 പ്രതികളെയും റിമാൻണ്ട് ചെയ്തു. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു എന്ന്‌ പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു.

പ്രതികൾ നേരിട്ടും ഇടനിലക്കാ‍ർ മുഖേനയും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രതികളായ മരയ്ക്കാ‍ർ, ഷംസുദ്ദീൻ, നജീബ്, സജീവ് എന്നിവ‍രാണ് കൂടുതൽ തവണ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചത്. ഫോൺ രേഖകൾ ഉൾപ്പടെ പരിശോധിച്ചാണ്‌ കോടതി വിധി.

പ്രതികളിൽ ചിലർ സാക്ഷികളെ 63 തവണ ഫോണിൽ ബന്ധപ്പെട്ടതിന്‍റെ രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. ഇനി വിസ്‌തരിക്കാൻ പോകുന്ന ചില സാക്ഷികളേയും പ്രതികൾ നിരന്തരം വിളിച്ചതിന് തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

പതിനാറാം തീയതി ഹ‍ർജിയിൽ വാദം പൂ‍ർത്തിയായിരുന്നു. ജാമ്യാപേക്ഷയിൽ തീ‍ർപ്പ് വന്നതിന് ശേഷമാകും ഇനി വിസ്താരം. ഇതുവരെ വിസ്തരിച്ച സാക്ഷികളിൽ 13 പേ‍ർ കൂറുമാറി. ഇതിൽ ഏഴുപേർ കോടതിയിൽ നേരത്തെ നൽകിയ രഹസ്യമൊഴി തിരുത്തിയവരാണ്. രണ്ടുപേ‍ർ മാത്രമാണ് പ്രോസിക്യൂഷന് അനുകൂല മൊഴി നൽകിയത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *