Categories
news

കട ബാധ്യതയില്‍ നിന്നും രക്ഷപെടാന്‍ പെരിയാറിൽ ചാടി മരിച്ചെന്നു വരുത്തി; പക്ഷെ കോട്ടയത്ത് നിന്നും യുവാവിനെ കയ്യോടെ പൊക്കി പോലീസ്

വൻ സാമ്പത്തിക ബാധ്യതയെത്തുടർന്ന് സുധീർ ആത്മഹത്യ ചെയ്തു എന്നായിരുന്നു നിഗമനം. ശനിയാഴ്ചയും തെരച്ചിൽ നടത്തിയെങ്കിലും സുധീറിനെ കണ്ടെത്താനായില്ല.

ആലുവയിലെ പെരിയാറിൽ ചാടി മരിച്ചെന്ന് വരുത്തി തീര്‍ത്തുകൊണ്ട് മുങ്ങിയ യുവാവിനെ കോട്ടയത്തു നിന്നും പോലീസ് പിടികൂടി. മുപ്പത്തടം കീലേടത്ത് വീട്ടിൽ സുധീർ (38)നെയാണ് ആലുവ പോലീസ് കോട്ടയത്തു നിന്നും പിടികൂടിയത്. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയെത്തുടർന്നാണ് യുവാവ് കബളിപ്പിക്കാൻ ശ്രമിച്ചത്. ധരിച്ചിരുന്ന വസ്ത്രങ്ങളും ഫോണും ആലുവ മണപ്പുറത്ത് ഉപേക്ഷിച്ച ശേഷമായിരുന്നു യുവാവിന്‍റെ ഈ ‘ആത്മഹത്യാ നാടകം.’

കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവാവിന്‍റെ ഫോണും വസ്ത്രങ്ങളും മണപ്പുറം ഭാഗത്തെ പെരിയാറിൻ കരയിൽ കണ്ടെത്തിയത്. ആരോ പുഴയിൽ ചാടി ആത്മഹത്യ ചെയ്തു എന്ന നിഗമത്തെത്തുടർന്ന് നാട്ടുകാരും പോലീസും ഫയർഫോഴ്സും തെരച്ചിൽ ആരംഭിച്ചു. തുടർന്നുള്ള അന്വേഷണത്തിൽ വസ്ത്രങ്ങളും മൊബൈൽ ഫോണും സുധീറിന്റേതാണെന്ന് തിരിച്ചറിയുകയും ചെയ്തു. മണിക്കൂറുകൾ പെരിയാറിൽ തെരച്ചിൽ നടത്തിയെങ്കിലും സുധീറിന്‍റെ ശരീരം കണ്ടെത്താന്‍ സാധിച്ചില്ല.

വൻ സാമ്പത്തിക ബാധ്യതയെത്തുടർന്ന് സുധീർ ആത്മഹത്യ ചെയ്തു എന്നായിരുന്നു നിഗമനം. ശനിയാഴ്ചയും തെരച്ചിൽ നടത്തിയെങ്കിലും സുധീറിനെ കണ്ടെത്താനായില്ല. ഇതോടെ തെരച്ചിൽ അവസാനിപ്പിച്ചു.എന്നാല്‍ സുധീർ വീട്ടിലേക്ക് ഫോൺ വിളിച്ചതോടെയാണ് സംഭവത്തിൽ വഴിത്തിരിവുണ്ടാകുന്നത്. താൻ കോട്ടയത്തുണ്ടെന്ന് സുധീർ വീട്ടുകാരെ വിവരം അറിയിച്ചു. ഇതോടെ വീട്ടുകാർ സംഭവം പോലീസിൽ അറിയിച്ചു. തുടർന്നാണ് ആലുവ പോലീസ് കോട്ടയത്തെത്തി സുധീറിനെ കസ്റ്റഡിയിലെടുത്തത്.

സ്ഥിരമായി വൻ തുകയ്ക്ക് ലോട്ടറി ടിക്കറ്റ് എടുക്കുമായിരുന്ന സുധീറിന് എട്ട് ലക്ഷത്തോളം രൂപ കടബാധ്യതയുണ്ട്. ധരിച്ചിരുന്ന വസ്ത്രങ്ങൾ പുഴക്കരയിൽ അഴിച്ചുവെച്ച ശേഷം പുതിയ വസ്ത്രങ്ങൾ ധരിച്ചാണ് സുധീർ സ്ഥലംവിട്ടത്. കോട്ടയത്ത് താമസിക്കാൻ സ്ഥലം ഇല്ലാതെ വന്നതോടെയാണ് ഇയാൾ വീട്ടുകാരെ ബന്ധപ്പെട്ടത്. കാണാനില്ലെന്ന കേസുകൾക്ക് പുറമേ പോലീസിനേയും ഫയർഫോഴ്സിനേയും കബളിപ്പിച്ചതിനും സുധീറിനെതിരെ കേസെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest