Categories
national news

വിവാഹ മോചനങ്ങളുടെ പ്രധാന കാരണം പ്രണയ വിവാഹങ്ങള്‍; നിരീക്ഷണവുമായി സുപ്രീംകോടതി

. തകർച്ച നേരിട്ട വിവാഹബന്ധങ്ങൾക്ക് ആർട്ടിക്കിൾ 142ആം വകുപ്പ് പ്രകാരം വിവാഹ മോചനം അനുവദിക്കാമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

രാജ്യത്തെ മിക്ക വിവാഹമോചനങ്ങളുടെയും പ്രധാന കാരണം പ്രണയവിവാഹങ്ങളാണെന്ന നിരീക്ഷണവുമായി സുപ്രീംകോടതി. വിവാഹ തർക്കത്തെ തുടർന്നുള്ള ട്രാന്‍സ്ഫർ ഹർജി പരിഗണിക്കുമ്പോഴായിരുന്നു ബി.ആർ ഗവായ്, സഞ്ജയ് കരോൾ എന്നിവർ അടങ്ങിയ രണ്ടംഗ ബെഞ്ചിൻ്റെ നിർദേശം.

കോടതി പരിഗണിച്ചുകൊണ്ടിരുന്ന വിവാഹം പ്രണയ വിവാഹമായിരുന്നുവെന്ന് അഭിഭാഷകൻ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. മിക്ക വിവാഹമോചനങ്ങളും ഉണ്ടാകുന്നത് പ്രണയവിവാഹങ്ങളിൽ നിന്നാണെന്ന് ജസ്റ്റിസ് ഗവായ് അഭിപ്രായപ്പെട്ടുവെന്നാണ് ബാർ ആന്‍ഡ് ബെഞ്ച് റിപ്പോർട്ട് ചെയ്യുന്നത്. നിർദ്ദിഷ്ട കേസില്‍ ദമ്പതികൾക്കിടയിൽ മധ്യസ്ഥതയ്ക്കുള്ള നിർദ്ദേശമാണ് കോടതി മുന്നോട്ട് വെച്ചിരിക്കുന്നത്.

എന്നാല്‍ കോടതിയുടെ മധ്യസ്ഥശ്രമം നിർദ്ദേശിച്ചപ്പോൾ ഭർത്താവ് എതിർത്തു. ഇതോടെ അടുത്തിടെയുണ്ടായ ഒരു വിധിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിൻ്റെ സമ്മതമില്ലാതെ വിവാഹമോചനം നൽകാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആർട്ടിക്കിൾ 142 (1) പ്രകാരം വിവാഹമോചനം അനുവദിക്കാൻ കോടതികള്‍ തങ്ങളുടെ അധികാരം വിനിയോഗിക്കാമെന്ന് ഈ മാസം ആദ്യം സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

വീണ്ടെടുക്കാനാവാത്ത വിധം തകർച്ച നേരിട്ട കുടുംബങ്ങൾ വിവാഹ മോചനത്തിനായി കാത്തിരിക്കണമെന്ന വ്യവസ്‌ഥ ഒഴിവാക്കാമെന്നായിരുന്നു മെയ് മാസം ആദ്യത്തോടെ പുറപ്പെടുവിച്ച വിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കിയത്. പരസ്‌പര സമ്മതത്തോടെയുള്ള വിവാഹ മോചനത്തിന് ആറ് മാസത്തെ കാത്തിരിപ്പ് ആവശ്യമില്ല. തകർച്ച നേരിട്ട വിവാഹബന്ധങ്ങൾക്ക് ആർട്ടിക്കിൾ 142ആം വകുപ്പ് പ്രകാരം വിവാഹ മോചനം അനുവദിക്കാമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയത്തിൽ ഏതെങ്കിലും തരത്തിൽ നീതി നിഷേധിക്കപ്പെടുന്നവർക്ക് ‘സമ്പൂർണ നീതി’ ഉറപ്പാക്കാൻ സുപ്രീംകോടതിക്ക് സവിശേഷ അധികാരം നൽകുന്നതാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 142.

0Shares

Leave a Reply

Your email address will not be published. Required fields are marked *