Categories
health Kerala news

മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ ലോകായുക്ത അന്വേഷണം; പി.പി.ഇ കിറ്റ് ടെണ്ടർ അഴിമതിയെന്ന പരാതിയിൽ

ഒരു മാസത്തിനകം നോട്ടീസിന് മറുപടി നൽകണം

തിരുവനന്തപുരം: കോവിഡ് കാലത്ത് പി.പി.ഇ കിറ്റ് വാങ്ങിയതിൽ അഴിമതി നടന്നുവെന്ന പരാതിയിൽ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ്. മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ, കെ.എം.സി.എൽ ജനറൽ മാനേജർ ഡോക്ടർ ദിലീപ് അടക്കമുള്ളവർക്ക് കോടതി നോട്ടീസ് അയച്ചു. കോവിഡ് കാലത്ത് നിലവിലുള്ളതിലും മൂന്നിരട്ടി തുകയ്ക്ക് പി.പി.ഇ കിറ്റ് വാങ്ങിയെന്നാണ് ആരോപണം. ലോകായുക്ത പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഒരു മാസത്തിനകം നോട്ടീസിന് മറുപടി നൽകണം.

യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണ എസ്.നായരുടെ പരാതിയിലാണ് നടപടി. കോവിഡ് വ്യാപനത്തിൻ്റെ ആദ്യഘട്ടത്തില്‍ പി.പി.ഇ കിറ്റ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. 450 രൂപയുടെ പി.പി.ഇ കിറ്റ് 1500 രൂപയ്ക്കാണ് വാങ്ങിയതെന്ന തരത്തില്‍ നേരത്തെ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ഈ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വീണ ലോകായുക്തയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

450 രൂപയില്‍ ലഭിച്ചിരുന്ന പി.പി.ഇ കിറ്റ് കെ.എം.എസ്‌.സി.എല്‍ മറ്റൊരു കമ്പനിയില്‍ നിന്ന് 1550 രൂപയ്ക്ക് വാങ്ങിയത് വന്‍ അഴിമതിയാണെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. മഹാരാഷ്ട്ര സണ്‍ഫാര്‍മ എന്ന കമ്പനിയ്ക്കാണ് കെ.എം.എസ്‌.സി.എല്‍ ഓര്‍ഡര്‍ നല്‍കിയത്. നേരത്തെ നിപ്പ കാലത്ത് ഒരു പി.പി.ഇ കിറ്റ് ഇവര്‍ 550 രൂപയ്ക്കാണ് കെറോണ്‍ എന്ന കമ്പനി നല്‍കിയിരുന്നത്. അതേവിലയ്ക്ക് തന്നെ കോവിഡ് കാലത്ത് പി.പി.ഇ കിറ്റ് നല്‍കാമെന്ന് കമ്പനി അറിയിച്ചിട്ടും മനഃപൂര്‍വം കെറോണിന് കരാര്‍ നല്‍കാതെ സണ്‍ഫാര്‍മക്ക് നല്‍കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.

ദിനംപ്രതി 4000 കിറ്റ് വേണമെന്ന് പറഞ്ഞായിരുന്നു മഹാരാഷ്ട്ര സോളാപൂരില്‍ നിന്നുമുള്ള സണ്‍ഫാര്‍മ കമ്പനിക്ക് കരാര്‍ നല്‍കിയതെന്നും വെറും രണ്ടുദിവസം കൊണ്ട് സണ്‍ഫാര്‍മയ്ക്ക് കരാര്‍ നല്‍കിയതായും പരാതിയില്‍ പറയുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *