Categories
local news news

പൊതു തെരഞ്ഞെടുപ്പ്; കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ വോട്ടെണ്ണല്‍ ഒരുക്കങ്ങൾ പൂർത്തിയായി, സുരക്ഷ സന്നാഹം ശക്തം, ആഹ്ളാദ പ്രകടനം ആറുമണി വരെ മാത്രം

പെരിയ കേരള കേന്ദ്ര സര്‍വ്വകലാ ശാലയിലെ ഗംഗോത്രി, കാവേരി, സബര്‍മതി എന്നീ ബ്ലോക്കുകളിലായാണ് വോട്ടെണ്ണല്‍

കാസര്‍കോട്: 2024 ജൂൺ നാലിന് നടക്കുന്ന വോട്ടെണ്ണലിന് ലോകസഭാ മണ്ഡലത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വരണാധികാരിയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ ജില്ലാ കളക്ടർ കെ.ഇമ്പശേഖർ ജില്ലാ പൊലീസ് മേധാവി പി.ബിജോയി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പെരിയ കേരള കേന്ദ്ര സര്‍വ്വകലാ ശാലയിലെ ഗംഗോത്രി, കാവേരി, സബര്‍മതി എന്നീ ബ്ലോക്കുകളിലായാണ് കാസര്‍കോട് ലോകസഭാ മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ നടക്കുക.

ഗംഗോത്രി ബ്ലോക്കില്‍ മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളിലേയും കാവേരി ബ്ലോക്കില്‍ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, പയ്യന്നൂര്‍, കല്ല്യാശ്ശേരി മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ നടക്കും. ഉപവരണാധികളുടെ നേതൃത്വത്തിലാണ് വോട്ടെണ്ണല്‍.
സബര്‍മതി ബ്ലോക്കില്‍ വരണാധികാരി കെ.ഇമ്പശേഖറിൻ്റെ നേതൃത്വത്തില്‍ പോസ്റ്റല്‍ ബാലറ്റ് എണ്ണി തിട്ടപ്പെടുത്തും.

വരണാധികാരിയുടെ ജീവനക്കാര്‍ രാവിലെ നാലിന് പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് സെൻ്റെറായ സബര്‍മതി ബ്ലോക്കിലെത്തും. ഗംഗോത്രി ബ്ലോക്കില്‍ രാവിലെ നാലിന് പോസ്റ്റല്‍ ബാലറ്റ് സ്‌ട്രോങ് റൂം തുറക്കും. രാവിലെ അഞ്ചിന് നര്‍മ്മദ ബ്ലോക്കില്‍ ഉപ വരണാധികാരികളുടെ ജീവനക്കാര്‍ ഹാജരാകും. സബര്‍മതി ഹാളില്‍ രാവിലെ അഞ്ചിന് വരണാധികാരിയുടെ നേതൃത്വത്തിൽ പൊതു നിരീക്ഷകൻ്റെ സാന്നിധ്യത്തിൽ സബര്‍മതി ഹാളില്‍ ജീവനക്കാരുടെ മൂന്നാംഘട്ട റാന്‍ഡമൈസേഷന്‍ നടക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

ജൂൺ നാലിന് രാവിലെ ആറിന് കൗണ്ടിങ് ജീവനക്കാര്‍ നര്‍മ്മദ ബ്ലോക്കില്‍ റിപ്പോര്‍ട്ട് ചെയ്യും. രാവിലെ ആറിന് ഇ.വി.എം മഞ്ചേശ്വരം എല്‍.എ.സി സ്‌ട്രോങ് റൂം തുറക്കും. തുടര്‍ന്ന് മറ്റ് മണ്ഡലങ്ങളിലെ സ്‌ട്രോങ് റൂമുകള്‍ തുറക്കും. പോസ്റ്റല്‍ ബാലറ്റ് കൗണ്ടിങ് ജീവനക്കാരും സ്ഥാനാര്‍ത്ഥികളുടെ ഏജണ്ടുമാരും രാവിലെ ഏഴിന് മുമ്പായി സബര്‍മതിയില്‍ എത്തിച്ചേരും.

സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ സംസാരിക്കുന്നു

ഇ.ടി.പി.ബി.എസ്, പ്രീ കൗണ്ടിങ് സ്റ്റാഫും കൗണ്ടിങ് ഏജണ്ടും രാവിലെ ഏഴിന് സബര്‍മതി ബ്ലോക്കിലെ റൂം നമ്പര്‍ 202ല്‍ എത്തും. ഇ.വി.എം കൗണ്ടിങ് സ്റ്റാഫും ഏജണ്ടുമാരും അതാത് നിയോജക മണ്ഡലങ്ങളുടെ കൗണ്ടിങ് റൂമുകളിലേക്ക് രാവിലെ 7.30 എത്തിചേരും. രാവിലെ എട്ടിന് പോസ്റ്റല്‍ ബാലറ്റ് എണ്ണി തുടങ്ങും. 8.30ന് ഇ.വി.എം എണ്ണും. ആകെ 1500ഓളം ജീവനക്കാരും ഒമ്പത് സ്ഥാനാര്‍ത്ഥികളും ഒമ്പത് ചീഫ് ഏജണ്ടുമാരും 663 ഏജണ്ടുമാരും കൗണ്ടിങ് സെൻ്റെറിലെത്തും.

കൗണ്ടിങ് റൂമുകള്‍

മഞ്ചേശ്വരം- റൂം നമ്പര്‍ 113, ഗംഗോത്രി ബ്ലോക്ക്, കാസര്‍കോട് – റൂം നമ്പര്‍ 220, ഗംഗോത്രി ബ്ലോക്ക്, ഉദുമ- റൂം നമ്പര്‍ 214, ഗംഗോത്രി ബ്ലോക്ക്, കാഞ്ഞങ്ങാട്- റൂം നമ്പര്‍ 111 കാവേരി ബ്ലോക്ക്, തൃക്കരിപ്പൂര്‍- റൂം നമ്പര്‍ 119 കാവേരി ബ്ലോക്ക്, പയ്യന്നൂര്‍- റൂം നമ്പര്‍ 211 കാവേരി ബ്ലോക്ക്, കല്ല്യാശ്ശേരി- റൂം നമ്പര്‍ 219 കാവേരി ബ്ലോക്ക്.
രാവിലെ 8 മുതൽ തപാൽ ബാലറ്റും 8.30 മുതൽ ഇ.വി എം വോട്ടും എണ്ണി തുടങ്ങും.

പെരിയ കേരള കേന്ദ്ര സര്‍വ്വകലാശാല ക്യാമ്പസിൽ ജൂൺ 3,4 തീയ്യതികളില്‍ അവധി അനുവദിക്കും. .
കൗണ്ടിങ് ഹാളില്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ല. കൗണ്ടിങ് ഹാളില്‍ മൊബൈൽ ഫോൺ സ്‌മാര്‍ട്ട് വാച്ചുകള്‍ കാൽകുലേറ്റർ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളൊന്നും അനുവദിക്കില്ല.

യമുന ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ സെൻ്റെറില്‍ മാത്രമേ മൊബൈല്‍ ഫോണ്‍ അനുവദനീയമായിട്ടുളളൂ. ക്യാമ്പസിനകത്ത് പ്രവേശിക്കുന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും വാഹന പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. മുഴുവന്‍ ജീവനക്കാരും വരണാധികാരി നല്‍കുന്ന ക്യു ആര്‍ കോഡ് ഐ.ഡി കാര്‍ഡ് കരുതണം. വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് വരുന്ന വാഹനങ്ങൾക്ക് പാസ് നിർബന്ധമാണ്.

മാധ്യമ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിക്കുന്ന അതോറിറ്റി ലെറ്റർ കയ്യില്‍ നിർബന്ധമായും കരുതണം. മാധ്യമ പ്രവർത്തകർക്ക് ചെറുഗ്രൂപ്പുകളായി കൗണ്ടിംഗ് ഹാളിൻ്റെ നിശ്ചിത ദൂരത്തിൽ ദൃശ്യങ്ങൾ ചിത്രീകരിക്കാം. തുടർന്ന് മീഡിയാ സെൻ്ററിലേക്ക് മടങ്ങണം. വോട്ടെണ്ണൽ ഹാളിൽ ട്രൈപോഡ് ഉപയോഗിച്ച് ചിത്രീകരണം അനുവദനീയമല്ല. മീഡിയാ സെൻ്ററിൽ വോട്ടെണ്ണൽ പുരോഗതി റിസൾട്ട് എന്നിവ ലഭ്യമാക്കും.

സുരക്ഷ സന്നാഹം ശക്തം; ആഹ്ളാദ പ്രകടനം ആറുമണിവരെ മാത്രം

വോട്ടെണ്ണൽ ദിവസം ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന് 1200 ഓളം പോലീസ് സേനയെ വിന്യസിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പി.ബിജോയി പറഞ്ഞു. ആഹ്ളാദ പ്രകടനങ്ങൾ വൈകിട്ട് ആറു മണിക്കകം അവസാനിപ്പിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

ആഹ്ളാദ പ്രകടനം നടത്തുന്ന കേന്ദ്രങ്ങളെ കുറിച്ച് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായി ചർച്ച ചെയ്‌ത്‌ സുരക്ഷ ഉറപ്പാക്കും. സംഘർഷ സാധ്യതയുള്ള പ്രദേശങ്ങൾ പൊലീസിൻ്റെ പ്രത്യേക നിരീക്ഷണത്തിൽ ആയിരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.

ഇലക്ഷൻ ഡപ്യൂട്ടി കളക്ടർ പി.അഖിൽ, മീഡിയ നോഡൽ ഓഫീസറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം.മധുസൂദനൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *