Categories
health Kerala local news news

കർണാടകയിൽ നിന്നും ലോക്ക് ഡൗൺ ലംഘിച്ച് അതിർത്തി കടന്നെത്തിയ യുവാവ് അറസ്റ്റിൽ; പാസില്ലാതെ അതിർത്തി കടന്നാൽ കർശന നടപടികളെന്ന് പോലീസ്

ബേഡകം /കാസർകോട്: ലോക്ക് ഡൗൺ ലംഘിച്ചുകൊണ്ട് കർണാടകയിൽ നിന്നും അതിർത്തി കടന്ന് കേരളത്തിൽ എത്തിയ യുവാവിനെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തു. സുള്ള്യ, അജാപുരം സ്വദേശിയാണ് കേരളത്തിലെ ബന്ധുവീട്ടിലേക്ക് ഒളിച്ചുകടന്ന് എത്തിയതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രി പോലീസിൻ്റെ പിടിയിലായത്.

പകർച്ചവ്യാധി വ്യാപനത്തിന് കാരണമായേക്കാവുന്ന തരത്തിൽ ലോക്ക് ഡൗൺ ലംഘിച്ചുകൊണ്ട് ഊടുവഴികളിലൂടെ ബന്തടുക്ക, മാണിമൂലയിലുള്ള ഭാര്യയുടെ വീട്ടിലേക്ക് എത്തിയിട്ടുണ്ടെന്ന് ബേഡകം പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സി.ഐ ഉത്തംദാസിൻ്റെ നിർദ്ദേശപ്രകാരം
എസ്.ഐ സെബാസ്റ്റ്യൻ, സിവിൽ പോലീസ് ഓഫിസർ ഹരീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പഞ്ചായത്തധികൃതരെ വിവരമറിയിച്ചതനുസരിച്ച്
അസിസ്റ്റന്റ് പഞ്ചായത്ത് സെക്രട്ടറി പ്രമോദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ആന്റണി, വിപിൻ എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇയാളെ ഗവൺമെന്റ് ക്വാറൻറൈൻ സെന്ററിലേക്ക് മാറ്റി.

കർണാടകയിൽ നിന്നും ആളുകൾ അനധികൃതമായി കേരളത്തിലേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിൽ കർണാടക അതിർത്തി പ്രദേശങ്ങളായ പാലാർ, മാണിമൂല, കണ്ണാടിതോട്, ബേത്തലം ചാമകൊച്ചി ഭാഗങ്ങളിൽ 24 മണിക്കൂറും പോലീസിൻ്റെ പട്രോളിംഗും നിരീക്ഷണവും നടത്തി വരുന്നുണ്ട്.

അനധികൃതമായി അതിർത്തി കടക്കുന്നവർക്കെതിരെയും ലോക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെയും പകർച്ചവ്യാധി വ്യാപന ഓർഡിനൻസ് പ്രകാരവും
ഇന്ത്യൻ ശിക്ഷാനിയമത്തിലെ ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരവും, കൂടാതെ
മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെയും കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ബേഡകം സി.ഐ ടി ഉത്തംദാസ് അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest