Categories
health Kerala local news news

ലോക് ഡൗൺ കര്‍ശനമായി തുടരും; ഹോട്ട് സ്‌പോട്ട് അല്ലാത്ത മേഖലകളില്‍ ഇളവ് നൽകും; കാസർകോട് ജില്ലയിലെ പുതിയ തീരുമാനങ്ങൾ ഇങ്ങനെ

കാസർകോട്: കോവിഡ്-19 രോഗവ്യാപനത്തിൻ്റെ ഭാഗമായി റെഡ് സോണായി പ്രവ്യാപിച്ച കാസര്‍കോട് ജില്ലയിലെ ഹോട്ട് സ്‌പോട്ടായ ആറ് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും ലോക്ഡൗണ്‍ നിബന്ധനകള്‍ കര്‍ശനമായി തുടരുമെന്ന് ജില്ലാകളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോട്ട് സ്‌പോട്ടായ പഞ്ചായത്തുകളിലും നഗരസഭകളിലും നിരീക്ഷണം ശക്തമായി തുടരും. സി.ആര്‍.പി.സി 144 പ്രകാരം മാര്‍ച്ച് 22 മുതല്‍ ജില്ലയില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധാജ്ഞ കര്‍ശനമായി തുടരും. അഞ്ചുപേരില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂട്ടുന്നത് അനുവദിക്കില്ല. കാസര്‍കോട്, കാഞ്ഞങ്ങാട് നഗരസഭകളിലും, ചെമ്മനാട്, മുളിയാര്‍, ചെങ്കള, മൊഗ്രാല്‍ പുത്തൂർ, ഉദുമ, മധൂര്‍ എന്നീ പഞ്ചായത്തുകളും ആണ് ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങള്‍. ഈ പ്രദേശങ്ങളില്‍ ഒരുത്തരത്തിലുള്ള ഇളവുകളും അനുവദിക്കുന്നതല്ല.

ഹോട്ട്‌സ്‌പോട്ട് അല്ലാത്ത പഞ്ചായത്തുകളില്‍ കൃഷി, നിര്‍മ്മാണ പ്രവൃത്തികള്‍, ശുചീകരണം തുടങ്ങിയവ സംസ്ഥാന സര്‍ക്കാറിൻ്റെ കര്‍ശനമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് പുനരാരംഭിക്കാൻ തീരുമാനിച്ചു. കാലവര്‍ഷത്തിന് മുമ്പ് പൂര്‍ത്തീകരിക്കേണ്ട വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാം. ജലസേചന പദ്ധതികള്‍, കുടിവെള്ള പദ്ധതികള്‍, കെട്ടിടനിര്‍മ്മാണം, പൊതുമരാമത്ത് വകുപ്പിൻ്റെ വിവിധ പദ്ധതികള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. കാര്‍ഷിക പ്രവൃത്തികള്‍ പുനരാരംഭിക്കാനും തീരുമാനമായി.

ഹോട്ട് സ്‌പോട്ടിന് പുറത്തുള്ള പ്രദേശങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി തുടരാം

ഹോട്ട് സ്‌പോട്ടിന് പുറത്തുള്ള പ്രദേശങ്ങളില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തികള്‍ തുടരാം. ഇതുപ്രകാരം അഞ്ച് പേരില്‍ കൂടാതെ ആകെയുള്ളവരില്‍ 33 ശതമാനം പേര്‍ക്ക് തൊഴിലെടുക്കാം. തൊഴിലാളികള്‍ മാസ്‌കും കയ്യുറകളും ധരിച്ചിരിക്കണം. കൂടാതെ ഒരു മീറ്റര്‍ അകലവും പാലിക്കണം. ജലദോഷം, പനി തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ തൊഴിലെടുക്കരുത്. 60 വയസ്സിന് മുകളിലുള്ളവര്‍, അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ അമ്മമാര്‍ എന്നിവരും തൊഴിലെടുക്കരുത്. തൊഴിലുറപ്പ് പദ്ധതി ഈ കാലയളവില്‍ പ്രവര്‍ത്തിക്കുന്നത് പൊതു ആസ്തി നിര്‍മ്മാണത്തിന് മാത്രമായിരിക്കണം. സ്വകാര്യ ആസ്തി വികസനത്തിന് ഈ കാലയളവില്‍ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാന്‍ പാടില്ല.

ജില്ലയില്‍ ഒരിടത്തും പൊതുഗതാഗതം അനുവദിക്കില്ല

മെയ് മൂന്ന് വരെ ജില്ലയില്‍ ഒരിടത്തും പൊതുഗതാഗത സംവിധാനം അനുവദിക്കുന്നതല്ലെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. എന്നാല്‍ ഹോട്ട്‌സ്‌പോട്ട് അല്ലാത്ത മേഖലകളില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഓടാം. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. ചികിത്സയ്ക്കും അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനും സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം. തിങ്കള്‍, ബുധന്‍ വെള്ളി എന്നീ ദിവസങ്ങളില്‍ ഒറ്റ നമ്പറിലുള്ള വാഹനങ്ങളും ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ ഇരട്ട നമ്പരിലുള്ള വാഹനങ്ങളും ഞായറാഴ്ച ഗുഡ്‌സ് വാഹനങ്ങളെയും നിരത്തിലിറങ്ങാന്‍ അനുവദിക്കും. ബൈക്കില്‍ ഒരാള്‍ക്ക് മാത്രമേ സഞ്ചരിക്കാവൂ, കാറില്‍ രണ്ട് പേരേ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ, ഡ്രൈവറും പിറകില്‍ ഒരാളും മാത്രം. അനാവശ്യ യാത്രകള്‍ നടത്തുന്നത്. ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസ് കേസ് എടുക്കും.

ടെക്‌സ്റ്റെല്‍സ് ഷോപ്പുകള്‍ ശുചീകരിക്കണം

ഈ ശനിയാഴ്ച രാവിലെ 11 നും വൈകീട്ട് അഞ്ചിനുമിടയില്‍ ജില്ലയിലെ മുഴുവന്‍ ടെക്‌സ്റ്റെയില്‍ ഷോപ്പുകളും ഷട്ടര്‍ തുറന്ന് ശുചീകരിക്കണം. കടയില്‍ കച്ചവടം അനുവദിക്കില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി.

ശനി,ഞായര്‍ ദിവസങ്ങളില്‍ നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാം

ഹോട്ട്‌സ്‌പോട്ട് അല്ലാത്ത മേഖലയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ സിമന്റ്, കമ്പി, പെയിന്റ് തുടങ്ങിയ നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചുവരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കി.

കോണ്‍ട്രാക്റ്റ് കാര്യേജ് വാഹനങ്ങള്‍, ജെ.സി.ബി മാറ്റി പാര്‍ക്ക് ചെയ്യാം

കോണ്‍ട്രാക്റ്റ് കാര്യേജ് വാഹനങ്ങള്‍, ജെ.സി.ബി, തുടങ്ങിയവ വര്‍ക്ക് സെറ്റില്‍ നിന്ന് ഉചിതമായ സ്ഥലത്തേക്ക് ഞായറാഴ്ച രാവിലെ 11 നും വൈകീട്ട് അഞ്ചിനുമിടയില്‍ മാറ്റി പാര്‍ക്ക് ചെയ്യാന്‍ അനുമതി നല്‍കി.

കാംപ്‌കോയുടെ രണ്ട് സംഭരണകേന്ദ്രങ്ങള്‍ ബുധനാഴ്ച തുറക്കും

അടക്കാ കര്‍ഷരെ സഹായിക്കാന്‍ കാംപ്‌കോയുടെ നീര്‍ച്ചാല്‍, മുള്ളേരിയ എന്നിവിടങ്ങളിലെ രണ്ട് സംഭരണ കേന്ദ്രങ്ങള്‍ ബുധനാഴ്ച തുറക്കാന്‍ കളക്ടര്‍ അനുമതി നല്‍കി.

ഹരിതകര്‍മ്മ സേനയ്ക്ക് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം

ഹോട്ട് സ്‌പോട്ട് അല്ലാത്ത മേഖലകളില്‍ ഹരിതകര്‍മ്മ സേനയ്ക്ക് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം. തോട്ടമേഖലയില്‍ ശുചീകണ പ്രവര്‍ത്തനങ്ങള്‍ക്ക് അതിഥി തൊഴിലാളികളുടെ സേവനവും പ്രയോജനപ്പെടുത്താം.

ചിക്കന്‍ മാലിന്യ സംസ്‌കരണ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി

ചിക്കന്‍ മാലിന്യ സംസ്‌കരണ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച തുറന്ന് പ്രവര്‍ത്തിക്കാം. അഞ്ച് പേര്‍ മാത്രമേ സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ പാടുള്ളൂ. മാലിന്യ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും അനുമതി നല്‍കി. കിനാനൂര്‍- കരിന്തളം, നീലേശ്വരം എന്നിവിടങ്ങളിലെ ചിക്കന്‍ മാലിന്യ സംസ്‌കരണ സ്ഥാപനങ്ങള്‍ക്കാണ് അനുമതി നല്‍കിയത്. സുരക്ഷ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചിരിക്കണം. നീറ്റുകക്ക കുമ്മായമാക്കി മാറ്റുന്ന സ്ഥാപനങ്ങള്‍ക്ക് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചുവരെയായിരിക്കും പ്രവര്‍ത്തന സമയം.

ജില്ലാ അതിര്‍ത്തിയായ കാലിക്കടവിലും തലപ്പാടിയിലും അതിര്‍ത്തി കടന്ന് അവശ്യ സാധനങ്ങളുമായി വരുന്ന ലോറികള്‍ കര്‍ശന പരിശോധന നടത്തും. മറ്റ് സംസ്ഥാനങ്ങളിലേക്കും ജില്ലയിലേക്കും പോകുന്ന വാഹനങ്ങള്‍ ജില്ലയുടെ പരിധിയില്‍ നിര്‍ത്തിയിടാന്‍ പാടില്ല. മത്സ്യം കൊണ്ടുവരുന്ന കണ്ടയിനര്‍ തുറന്ന് പരിശോധിക്കാനും തീരുമാനമായി.

യോഗത്തില്‍ സബ് കളക്ടർ അരുണ്‍ കെ വിജയന്‍, എ.ഡി.എം എന്‍ ദേവിദാസ്, ഡി.എം.ഒ ഡോ. എ വി രാംദാസ്, ജില്ലാ സര്‍വ്വലെന്‍സ് ഓഫീസര്‍ ഡോ. എ ടി മനോജ്, കാസര്‍കോട് ആര്‍.ഡി.ഒ അഹമ്മദ് കബീര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ റെജി കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *