Trending News
കടുത്തുരുത്തി / കോട്ടയം: ഓടുന്ന സ്‌കൂൾ ബസില്‍ നിന്നും എല്‍.കെ.ജി വിദ്യാര്‍ത്ഥി തെറിച്ചു വീണു. എമര്‍ജന്‍സി വാതിലിലൂടെയാണ് കുട്ടി റോഡിലേക്ക് തെറിച്ച് വീണത്. പിന്നാലെ കാറിലെത്തിയവര്‍ ബസ് തടഞ്ഞുനിര്‍ത്തിയപ്പോള്‍ ആണ് സ്‌കൂൾ ബസ് ഡ്രൈവറും ജീവനക്കാരും സംഭവം അറിഞ്ഞത്. റോഡിലുരഞ്ഞ് മുഖത്തും കാലിനും പരുക്കേറ്റ നാലുവയസ്സുകാരനെ മുട്ടുചിറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്‌ച വൈകിട്ട് കടുത്തുരുത്തി- പിറവം റോഡില്‍ അലരിക്കു സമീപമാണ് അപകടം. കടുത്തുരുത്തി സ്വദേശികളുടെ മകനാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.
Also Read
വീട്ടിലേക്കുള്ള യാത്രയില്‍ സ്‌കൂൾ ബസിൻ്റെ പിന്‍സീറ്റിലിരുന്ന കുട്ടി ഉറങ്ങിപ്പോകുകയും നിലത്തുവീണ് പിന്‍വശത്തെ എമര്‍ജന്‍സി വാതിലിലേക്ക് തെറിച്ചു വീഴുകയും ചെയ്തു. വാതിലിന് അരികിലെ കമ്പിയില്‍ പിടിത്തം കിട്ടിയ കുട്ടി അതില്‍ തൂങ്ങിക്കിടക്കുന്നത് കണ്ട കാറിലുള്ളവര്‍ ഹോണ്‍ മുഴക്കിയെങ്കിലും ബസിലുള്ളവര്‍ ശ്രദ്ധിച്ചില്ല. ഇതിനിടെ കുട്ടി പിടിവിട്ട് റോഡില്‍ വീണു.
കാര്‍ യാത്രക്കാര്‍ ഉടൻ സ്‌കൂൾ ബസ് തടയുകയും അപകടവിവരം ഡ്രൈവറെ അറിയിക്കുകയും ചെയ്തു. സ്‌കൂൾ ബസില്‍ ഡ്രൈവറെ കൂടാതെ ഒരു ജീവനക്കാരന്‍ കൂടി ഉണ്ടായിരുന്നു. ആശുപത്രിയില്‍ നിന്നുള്ള അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നു സ്‌കൂൾ പ്രിന്‍സിപ്പലിനെയും ബസ് ജീവനക്കാരെയും കുട്ടികളുടെ മാതാപിതാക്കളെയും വിളിച്ചുവരുത്തി പൊലീസ് മൊഴിയെടുത്തു.
Sorry, there was a YouTube error.