Trending News
മദ്യനയത്തിൽ ഇളവ് ലഭിക്കാൻ ബാറുടമകൾ കോഴ നൽകണമെന്ന് കാണിച്ച് സംഘടനാ നേതാവിൻ്റെ ശബ്‌ദരേഖ പുറത്ത്. കോഴ ആവശ്യപ്പെട്ടു കൊണ്ടുള്ള സംഘടനാ വൈസ് പ്രസിഡണ്ടും ഇടുക്കി ജില്ലാ പ്രസിഡണ്ടുമായ അനിമോൻ്റെ ശബ്‌ദസന്ദേശമാണ് പുറത്ത് വന്നത്.
Also Read
ബാറുടമകൾ രണ്ടര ലക്ഷം രൂപ വീതം നൽകണമെന്നാണ് നിർദേശം. രണ്ട് ദിവസത്തിനുള്ളിൽ പണം നൽകണമെന്നാണ് പുറത്തുവന്ന സന്ദേശത്തിൽ നിർദേശിക്കുന്നത്. സംസ്ഥാന പ്രസിഡണ്ടിൻ്റെ നിർദേശം അനുസരിച്ചാണ് പണപ്പിരിവെന്നാണ് അനിമോൻ പറയുന്നത്.
ഡ്രൈഡേ ഒഴിവാക്കാനും മറ്റ് ഇളവുകൾക്കും കൊടുക്കേണ്ടത് കൊടുക്കണമെന്ന് ശബ്‌ദസന്ദേശത്തിൽ പറയുന്നു. ഇത് കൊടുക്കാതെ ആരും സഹായിക്കില്ലെന്നും അനിമോൻ പറയുന്നു. സഹകരിച്ചില്ലേൽ നാശത്തിലേക്കാണ് പോകുന്നതെന്നും ശബ്‌ദസന്ദേശം. ഏകീകൃത രൂപത്തിൽ പണപിരിക്കണമെന്ന് അനിമോൻ പറയുന്നുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പണപ്പിരിവെന്നുള്ള നിർദേശം സംഘടന പ്രതിനിധികൾ മുമ്പ് പറഞ്ഞിരുന്നു. ഇത് പൂർത്തിയാക്കണമെന്ന് ശബ്‌ദസന്ദേശത്തിൽ പറയുന്നു. മദ്യനയം സംബന്ധിച്ച് സർക്കാർ തലത്തിൽ ചർച്ചകൾ നടക്കുന്നതിനിടെ ആണ് കോഴ ആവശ്യപ്പെട്ടുകൊണ്ടുള്ള സംഘടനാ നേതാവിൻ്റെ ശബ്‌ദസന്ദേശം പുറത്തുവന്നത്.
കൊച്ചി പാലാരിവട്ടത്ത്വ്യാഴാഴ്‌ച ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ എക്‌സിക്യൂട്ടീവ് യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇടുക്കിയുടെ ചുമതല കൂടിയുള്ള അനിമോൻ ഗ്രൂപ്പിൽ അയച്ചതാണ് വാട്‌സ്ആപ്പ് ശബ്‌ദസന്ദേശം.
ബാർ ഉടമകളുടെ സംഘടന പറയുന്നത്
സംസ്ഥാനത്തെ മദ്യനയത്തിലെ ഇളവിന് പകരമായി ബാർ ഉടമകളിൽ നിന്നും പണപ്പിരിവ് ആവശ്യപ്പെട്ട ഫെഡറേഷൻ ഓഫ് കേരള ബാർ ഹോട്ടൽസ് ഇടുക്കി ജില്ലാ പ്രസിഡണ്ടിനെ തളളി അസോസിയേഷൻ പ്രസിഡണ്ട് സുനിൽ കുമാർ. പിരിക്കാൻ പറഞ്ഞത് അസോസിയേഷൻ കെട്ടിട നിർമ്മാണത്തിനുളള ലോൺ തുകയാണെന്നാണ് പ്രസിഡണ്ടിൻ്റെ പ്രതികരണം. സംഘടനയെ പിളർത്താൻ ശ്രമം നടത്തിയതിന് അനിമോനെ സസ്പെണ്ട് ചെയ്യാൻ കഴിഞ്ഞ ദിവസം സംഘടന തീരുമാനം എടുത്തിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
650 അംഗങ്ങളാണ് ഞങ്ങളുടെ സംഘടനയിലുള്ളത്. സംഘടനക്കായി തിരുവനന്തപുരത്ത് ഒരു കെട്ടിടം വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ എറണാകുളത്ത് ഒരു ഓഫിസ് ഉള്ളതു കൊണ്ട് തിരുവനന്തപുരത്ത് ഓഫിസ് വേണ്ട എന്ന് അഭിപ്രായമുള്ള ചിലർ സംഘടനയ്ക്കുള്ളിൽ ഉണ്ടായിരുന്നു.
കെട്ടിടം വാങ്ങുന്നത് സംബന്ധിച്ച് രണ്ടുതവണ തീരുമാനമെടുത്തിട്ടും എതിർപ്പ് കാരണം നടപ്പാക്കാനായില്ല. മൂന്നാം തവണ ശക്തമായിത്തന്നെ തീരുമാനം നടപ്പാക്കാൻ തീരുമാനിച്ചു. മേയ് 30നുള്ളിൽ മുഴുവൻ തുകയും നൽകണം.
എന്നാൽ വായ്‌പ ആവശ്യപ്പെട്ടതിനോട് അനിമോൻ ഉൾപ്പെടെയുള്ള ചിലർ വീണ്ടും എതിർപ്പ് പ്രകടിപ്പിച്ചു. കെട്ടിടം വാങ്ങാൻ തീരുമാനിച്ചപ്പോൾ തന്നെ അനിമോൻ ഉൾപ്പെടെയുള്ള ഇടുക്കിയിലെയും കൊല്ലത്തെയും ചില നേതാക്കൾ ചേർന്ന് മറ്റൊരു സംഘടന രൂപീകരിക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു.
ഇത് തുടങ്ങിയിട്ട് രണ്ട് മാസത്തോളമായി. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ അനിമോൻ്റെ സാന്നിധ്യത്തിൽ തന്നെ ഇതിനെ കമ്മിറ്റി വിമർശിക്കുകയും അദ്ദേഹത്തെ സസ്പെണ്ട് ചെയ്യാൻ തീരുമാനിക്കുകയും ചെയ്‌തു. അപ്പോൾത്തന്നെ അനിമോൻ കമ്മിറ്റിയിൽ നിന്നിറങ്ങി പോകുകയും ചെയ്‌തു.
സമയപരിധി കൂട്ടണമെന്നും ഡ്രൈഡേ ഒഴിവാക്കണമെന്നും സർക്കാരിനോട് നേരത്തെ തന്നെ സംഘടന ആവശ്യപ്പെടുന്നുണ്ട്. ഡ്രൈഡേ ഒഴിവാക്കി തന്നാൽ മാത്രമേ മുന്നോട്ടു പോകാനാകൂ. ബാർ ഹോട്ടലുകളുടെ കച്ചവടം 40 ശതമാനമാണ് കുറഞ്ഞത്. അതിന് പിന്നാലെയാണ് അഞ്ചു ലക്ഷം രൂപ ഫീസിനത്തിൽ കൂട്ടിയത്. ഇതിലെ അമർഷം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സുനിൽ കുമാർ പറഞ്ഞു.
Sorry, there was a YouTube error.