Categories
channelrb special Kerala news

പതിമൂന്ന് വയസുള്ള വിദ്യാര്‍ത്ഥിയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ബോവിക്കാനം സ്വദേശിക്ക് പിഴയും ജീവപര്യന്തം കഠിനതടവും; മറ്റ് രണ്ട് കുട്ടികളെ ഉപദ്രവിച്ചെന്ന കേസില്‍ നാലുവര്‍ഷം തടവും വിധിച്ചു

2017 ജൂലൈ 14ന് രാവിലെ 7.30 മണിയോടെയാണ് കേസിനു ആസ്‌പദമായ സംഭവം

കാസര്‍കോട്: പതിമൂന്നുകാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മുളിയാര്‍ ബോവിക്കാനം സ്വദേശിക്ക് കോടതി ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. ബോവിക്കാനം മൂലടുക്കത്തെ ഷംസുദ്ദീ(39)നാണ് കോഴിക്കോട് പോക്സോ കോടതി ജഡ്‌ജി കെ.പ്രിയ ശിക്ഷ വിധിച്ചത്.

പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധികതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. കോഴിക്കോട് കുന്ദമംഗലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍, മടവൂര്‍ ജൂനിയര്‍ ദഅ്വ കോളേജിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന മാനന്തവാടി കാരക്കാമൂല ചിറയില്‍ മമ്മൂട്ടിയുടെ മകന്‍ അബ്ദുല്‍ മാജിദ് കൊല്ലപ്പെട്ട കേസിലാണ് ശിക്ഷ.

2017 ജൂലൈ 14ന് രാവിലെ 7.30 മണിയോടെയാണ് കേസിനു ആസ്‌പദമായ സംഭവം. കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്ന് തന്നെ മരണം സംഭവിച്ചു. ഷംസുദ്ദീന്‍ കുട്ടിയെ പ്രകൃതിവിരുദ്ധ പ്രവൃത്തിക്ക് നിര്‍ബന്ധിച്ചിരുന്നുവെന്നും ഇക്കാര്യം വീട്ടുകാരെയും അധികൃതരെയും അറിയിക്കുമെന്ന് പറഞ്ഞതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് കേസ്.

28 സാക്ഷികളെയാണ് കേസില്‍ വിസ്‌തരിരിച്ചത്. 19 രേഖകള്‍ ഹാജരാക്കി. കുന്ദമംഗലം പൊലീസ് രജിസ്റ്റര്‍ ചെയ്‌ത കേസില്‍ ചേവായൂര്‍ ഇന്‍സ്പെക്ടര്‍ കെ.ബിജുവാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ട് കുട്ടികളെ ഉപദ്രവിച്ചെന്ന കേസില്‍ പ്രതിക്ക് കോടതി നാലുവര്‍ഷം തടവും വിധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *