Categories
Kerala news

ആദ്യസഹായം മൂന്ന് കോടി നൽകും; തകർന്ന എൽ.പി സ്‌കൂളിൻ്റെ പുനരുദ്ധാരണം ഏറ്റെടുക്കും; വയനാട് ദുരന്ത മേഖല സന്ദർശിച്ച് ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍

മുണ്ടക്കൈ: വയനാട്ടില്‍ നടന്ന ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയുടെ പുനരുദ്ധാരണത്തിനായി തൻ്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ മൂന്ന് കോടി നല്‍കുമെന്ന് ലെഫ്റ്റനന്റ് കേണല്‍ നടന്‍ മോഹന്‍ലാല്‍ അറിയിച്ചു. ഫൗണ്ടേഷന്‍ വീണ്ടും സാമ്പത്തിക സഹായം ആവശ്യമെങ്കില്‍ നൽകുമെന്നും, വെള്ളാര്‍മല സ്‌കൂളിൻ്റെ പുനരുദ്ധാരണം ഏറ്റെടുക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. തകര്‍ന്ന സ്കൂള്‍ കണ്ടപ്പോള്‍ ലാലേട്ടന്‍റെ കണ്ണുകള്‍ നിറഞ്ഞു. അപ്പോള്‍ തന്നെ അത് ഏറ്റെടുക്കാന്‍ തീരുമാനിച്ചുവെന്ന് മേജര്‍ രവി പറ‌ഞ്ഞു.

സൈന്യം നിര്‍മ്മിച്ച് ബെയ്‌ലി പാലം വഴി മുണ്ടക്കൈയില്‍ എത്തിയ മോഹന്‍ലാല്‍ രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ട സൈനികരുമായും, വോളണ്ടിയര്‍മാരുമായും സംസാരിച്ചു. ഒരോ വിഭാഗങ്ങളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടാണ് ഉരുള്‍പൊട്ടല്‍ രൂക്ഷമായി ബാധിച്ച പ്രദേശങ്ങള്‍ മോഹന്‍ലാല്‍ സന്ദര്‍ശിച്ചത്. ഉരുള്‍ പൊട്ടലിൻ്റെ പ്രഭവ കേന്ദ്രത്തിന് അടുത്തുള്ള പുഞ്ചിരമറ്റം വരെ മോഹന്‍ലാല്‍ എത്തി. ഇതിന് പിന്നാലെ നാട്ടുകാരോടും മോഹന്‍ലാല്‍ കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കുന്നുണ്ടായിരുന്നു. സൈനിക വേഷത്തില്‍ എത്തിയ മോഹന്‍ലാലിനൊപ്പം മേജര്‍ രവിയും ഉന്നത സൈനിക ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

0Shares

Leave a Reply

Your email address will not be published. Required fields are marked *