Categories
international news trending

ലിബിയ; പ്രളയത്തിന്‌ കാരണമായ രണ്ട് അണക്കെട്ടുകളുടെ തകര്‍ച്ചയെ കുറിച്ച്‌ അന്വേഷണം ആരംഭിച്ചു

അപ്രതീക്ഷിതമായ കൊടുങ്കാറ്റ് നഗരത്തിലുടനീളം ചെളിയും അഴുക്കും നിറച്ചു

ലിബിയയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിലും പേമാരിയിലും നടുക്കുന്ന ദുരന്തം. കിഴക്കന്‍ നഗരമായ ഡെര്‍ണയ്ക്ക് മുകളിലുള്ള രണ്ട് അണക്കെട്ടുകള്‍ തകര്‍ന്ന് 11,300 പേരുടെ ജീവന്‍ നഷ്ടപ്പെട്ടത്. തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് ഡാം തകര്‍ന്നത്.

ലിബിയയില്‍ പ്രളയത്തിന്‌ കാരണമായ രണ്ട് അണക്കെട്ടുകളുടെ തകര്‍ച്ചയെ കുറിച്ച്‌ അധികൃതര്‍ അന്വേഷണം തുടങ്ങി. പ്രളയത്തെത്തുടര്‍ന്ന് നിരവധി പേരാണ് മരിച്ചത്. 11,300 മരണം സംഭവിച്ചുവെന്നും പതിനായിരത്തിലധികം പേരെ കാണാതായെന്നുമാണ് റിപ്പോര്‍ട്ട്. പ്രളയം നടന്ന് ഒരാഴ്‌ച കഴിഞ്ഞിട്ടും മരിച്ചവരുടെ മൃതദേഹത്തിനായി തെരച്ചില്‍ നടന്നു കൊണ്ടിരിക്കുകയാണ്. അതേസമയം ഡെര്‍നയില്‍ കടലില്‍ നിന്ന് മൃതദേഹങ്ങള്‍ ഒഴുകിയെത്തുന്നുണ്ട്.

പ്രളയത്തെത്തുടര്‍ന്ന് വലിയ നാശനഷ്ടമാണ് ലിബിയയില്‍ സംഭവിച്ചിരിക്കുന്നത്. പ്രളയത്തില്‍ നിരവധി പേരുടെ ജീവൻ പൊലിയുകയും ആയിരക്കണക്കിന് ആളുകളുടെ വീടുകള്‍ ഒലിച്ച്‌ പോവുകയും ചെയ്‌തു. അണക്കെട്ടുകളുടെ തകര്‍ച്ചയാണ് പ്രളയത്തിൻ്റെ ആക്കം കൂട്ടിയത്.

എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്?

അണക്കെട്ടുകള്‍ പൊട്ടിത്തെറിച്ചപ്പോള്‍ വലിയ സ്‌ഫോടന ശബ്ദം കേട്ടതായി പലരും പറഞ്ഞു. ശക്തമായ കൊടുങ്കാറ്റ് വലിയ വെള്ളപ്പൊക്കത്തിന് കാരണമായി, ഈ വെള്ളം നഗരത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു. അപ്രതീക്ഷിതമായ കൊടുങ്കാറ്റ് നഗരത്തിലുടനീളം ചെളിയും അഴുക്കും നിറച്ചു.

നിരവധി കാറുകളും കെട്ടിടങ്ങളും ചെളിയില്‍ അകപ്പെട്ടു. മരണസംഖ്യ 11,300 ആയി ഉയര്‍ന്നതായി ലിബിയന്‍ റെഡ് ക്രസന്റ് സെക്രട്ടറി ജനറല്‍ മാരി എല്‍- ഡ്രെസ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. കടലിലേക്ക് ഒഴുകിയെത്തിയ നിരവധി മൃതദേഹങ്ങള്‍ വേലിയേറ്റത്തെ തുടര്‍ന്ന് കരയിലേക്ക് തിരിച്ചെത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

വെള്ളപ്പൊക്കത്തിൻ്റെ അനന്തരഫലങ്ങള്‍

വെള്ളപ്പൊക്കം ഡെര്‍നയില്‍ നിന്ന് കുറഞ്ഞത് 30,000 പേരെ മാറ്റിപ്പാര്‍പ്പിക്കാന്‍ കാരണമായി. ആയിരക്കണക്കിന് ആളുകള്‍ക്ക് കിഴക്കന്‍ പട്ടണങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ നിര്‍ബന്ധിതരായി യു.എന്നിൻ്റെ ഇൻ്റെര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ പറഞ്ഞു.

വെള്ളപ്പൊക്കത്തിലും കൊടുങ്കാറ്റിലും പാലങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നശിച്ചു, പ്രത്യേകിച്ച് വാദി ഡെര്‍ന നദിക്ക് സമീപമുള്ള കെട്ടിടങ്ങള്‍. റോഡുകള്‍ തകര്‍ന്നത് ദുരിത ബാധിത മേഖലകളിലേക്ക് സഹായം എത്തിക്കുന്നത് ബുദ്ധിമുട്ടാക്കി. ചൊവ്വാഴ്‌ച വൈകുന്നേരത്തോടെയാണ് ദുരിതബാധിത പ്രദേശങ്ങളിലേക്ക് സഹായം ഒത്തിക്കാനായത്. വെള്ളപ്പൊക്കത്തിന് പിന്നാലെ വിവിധ രോഗങ്ങള്‍ വ്യാപിച്ചേക്കാമെന്ന് മുന്നറിയിപ്പുണ്ട്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍

വരും ദിവസങ്ങളില്‍ പലതരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുമെന്നും ഇത് ആവശ്യക്കാര്‍ക്ക് സഹായം എത്തിക്കുന്നതില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും ഇസ്ലാമിക് റിലീഫ്, ഡോക്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (എംഎസ്എഫ്) തുടങ്ങിയ സഹായ സംഘങ്ങള്‍ മുന്നറിയിപ്പ് നല്‍കി. ജലജന്യ രോഗങ്ങളുടെ അപകട സാധ്യതയും ഭക്ഷണം, പാര്‍പ്പിടം, മരുന്ന് എന്നിവയുടെ ദൗര്‍ലഭ്യവും ഇവര്‍ ചൂണ്ടിക്കാട്ടി.

‘ആയിരക്കണക്കിന് ആളുകള്‍ക്ക് ഉറങ്ങാന്‍ ഒരിടമില്ല, ഭക്ഷണവുമില്ല,’ ഓര്‍ഗനൈസേഷൻ്റെ ഡെപ്യൂട്ടി ഡയറക്ടര്‍ സലാ അബുല്‍ഗാസെം പറഞ്ഞു. ജല സ്രോതസുകള്‍ മലിനമായതിനാല്‍ രോഗങ്ങള്‍ വേഗത്തില്‍ പടരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ലിബിയിയലെ ലക്ഷക്കണക്കിന് ആളുകളെ സഹായിക്കാന്‍ 71 മില്യണിലധികം ഡോളര്‍ ആവശ്യമാണെന്ന് യു.എന്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *