Categories
business national news

ഏത് ഭാഷക്കാരോടും മലയാളത്തില്‍ സംസാരിക്കാം; എ.ഐ വിവര്‍ത്തനം ചെയ്യും

സംസാരിക്കുമ്പോള്‍ തത്സമയം തര്‍ജ്ജമ ചെയ്യാനുള്ള ശേഷി ഉണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം

മാതൃഭാഷയില്‍ സംസാരിക്കാനുള്ള സംവിധാനവുമായി സാംസങ്. ഗ്യാലക്‌സി എ.ഐ എന്ന പേരില്‍ വികസിപ്പിച്ച നിര്‍മിത ബുദ്ധി (എ.ഐ) സേവനം പ്രയോജനപ്പെടുത്തിയാണ് പുതിയ ഫീച്ചര്‍. മറ്റൊരു ഭാഷക്കാരനുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ തത്സമയം തര്‍ജ്ജമ ചെയ്യാനുള്ള ശേഷി ഉണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം.

ഓണ്‍- ഡിവൈസ് എ.ഐ ആയിരിക്കും ഗ്യാലക്‌സി എ.ഐ. എ.ഐ ലൈവ് ട്രാൻസ്‌ലേറ്റ് എന്നാണ് പുതിയ ഫീച്ചറിന് കമ്പനി നല്‍കിയിരിക്കുന്ന പേര്. മറ്റൊരു ഭാഷ ഉപയോഗിക്കുന്ന ആളുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ ടെക്‌സ്റ്റും ഓഡിയോയും തത്സമയം തര്‍ജ്ജമ ചെയ്‌തു നല്‍കാൻ നിലവില്‍ തേഡ് പാര്‍ട്ടി തര്‍ജ്ജമ ആപ്പുകള്‍ ഉപയോഗിക്കണം.

പുതിയ ഫീച്ചര്‍ വരുന്നതോടെ അതിന് മാറ്റമുണ്ടാകും. ഫോണിൻ്റെ കോളിങ് ഫങ്ഷനിലേക്ക് ഈ ഫീച്ചര്‍ ആഡ് ചെയ്യുന്ന ആദ്യ കമ്പനികളിലൊന്നാണ് സാംസങ്. ഫോണ്‍ സംസാരത്തിൻ്റെ പ്രൈവസി നിലനിര്‍ത്താനായി തര്‍ജ്ജമ പൂര്‍ണ്ണമായും നടക്കുന്നത് ഫോണില്‍ തന്നെയാകുമെന്ന് സാംസങ് പറയുന്നു.

അടുത്ത വര്‍ഷം ആദ്യം ഗ്യാലക്‌സി എ.ഐ ആക്ടീവാകുമെന്നാണ് സൂചന. ഗ്യാലക്‌സി എ.ഐക്കു പുറമെ സാംസങ് എ.ഐ ഫോറം 2023ല്‍ കമ്പനിയുടെ മറ്റൊരു എ.ഐ ടെക്‌നോളജിയും പരിചയപ്പെടുത്തിയിരുന്നു. സാംസങ് ഗോസ് (Gauss) എന്ന പേരില്‍ ലാര്‍ജ് ലാംഗ്വെജ് മോഡലാണ് കമ്പനി അവതരിപ്പിച്ചത്.

ചാറ്റ് ജി.പി.ടിക്ക് സമാനമായ പല ഫീച്ചറുകളുമാണ് ഇതിലുണ്ടെന്നത് ശ്രദ്ധേയമാണ്. ഫോട്ടോകളും ടെക്‌സ്റ്റും ജനറേറ്റ് ചെയ്യുക, ദൈര്‍ഘ്യമേറിയ എഴുത്തിൻ്റെ രത്‌നച്ചുരുക്കം നല്‍കുക തുടങ്ങി നിരവധി ഫീച്ചറുകള്‍ ഇതിനുണ്ട്. കമ്പ്യുട്ടര്‍ കോഡുകളും മറ്റും എഴുതുന്നവരെ സഹായിക്കാൻ കോഡ്.ഐ (code.i) ഫീച്ചറും ഇതിലുണ്ട്. ഹാര്‍ഡ്‌വെയര്‍ നിര്‍മാണ മേഖലയില്‍ ആപ്പിള്‍ പോലും ആശ്രയിക്കുന്ന കമ്പനിയാണ് സാംസങ്.

കമ്പനിയുടെ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് 2024ല്‍ പുറത്തിറക്കിയേക്കും. സാംസങ് ആദ്യം പരിചയപ്പെടുത്തിയ പ്രോട്ടോടൈപ്പിന് ആപ്പിള്‍ വിഷൻ പ്രോയുമായി സാമ്യമുണ്ടെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. ഇതോടെ പുതിയ രൂപകല്‍പനാ രീതിയുമായാണ് കമ്പനി എത്തുന്നത്. ഓലെഡോസ് (OLEDoS) അല്ലെങ്കില്‍ ഓലെഡ് ഓണ്‍ സിലിക്കണ്‍ ടെക്‌നോളജി ആണ് ഇതിൻ്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest